ഫ്രാങ്ക് ലംപാര്‍ഡ് വിരമിച്ചു

Posted on: August 27, 2014 1:05 am | Last updated: August 27, 2014 at 6:57 am

frank-lampard-ball-ukraine.ashxലണ്ടന്‍: ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ലംപാര്‍ഡ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. പതിനഞ്ച് വര്‍ഷം നീണ്ട രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് ഇന്നലെ മുപ്പത്താറുകാരന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ക്ലബ്ബ് ഫുട്‌ബോളില്‍ എം എല്‍ എസ് ടീം ന്യൂയോര്‍ക്ക് എഫ് സിയുടെ താരമായ ലംപാര്‍ഡ് വായ്പാടിസ്ഥാനത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കളിക്കുന്നു.
106 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ലംപാര്‍ഡ് ഇംഗ്ലണ്ടിനായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ചവരില്‍ ആറാം സ്ഥാനത്താണ്. പീറ്റര്‍ ഷില്‍ട്ടണ്‍, ഡേവിഡ് ബെക്കാം, സ്റ്റീവന്‍ ജെറാര്‍ഡ്, ബോബി മൂര്‍, ആഷ്‌ലി കോള്‍ എന്നിവരാണ് ലംപാര്‍ഡിന് മുന്നിലുള്ളത്. ലോകകപ്പിന് ശേഷം വിരമിക്കലിനെ കുറിച്ച് ചിന്തിച്ചു വരികയായിരുന്നു ലംപാര്‍ഡ്. സഹതാരം സ്റ്റീവന്‍ ജെറാര്‍ഡ് ലോകകപ്പിന് ശേഷം വിരമിച്ചിരുന്നു. ജൂണ്‍ 23ന് കോസ്റ്റാറിക്കക്കെതിരെ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിലാണ് ലംപാര്‍ഡ് അവസാനമായി ഇംഗ്ലണ്ട് ജഴ്‌സിയണിഞ്ഞത്. ആ മത്സരത്തില്‍ ടീമിനെ നയിച്ചതും ലംപാര്‍ഡായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി കളിച്ച ഓരോ നിമിഷവും അഭിമാനമുഹൂര്‍ത്തമാണെന്ന് ലംപാര്‍ഡ് വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു. അണ്ടര്‍ 21 തലം മുതല്‍ക്ക് ഇംഗ്ലണ്ടിന്റെ പ്രമുഖ താരമായി ലംപാര്‍ഡ് വളര്‍ന്നു വന്നു. വെസ്റ്റ്ഹാമിന്റെ മധ്യനിരക്കാരന്‍ 1999 ലാണ് ഇംഗ്ലണ്ടിന്റെ സീനിയര്‍ ടീമിനായി അരങ്ങേറ്റം നടത്തിയത്. ബെല്‍ജിയത്തില്‍ സ്റ്റേഡിയം ഓഫ് ലൈറ്റ് വേദിയില്‍ ഇംഗ്ലണ്ട് 2-1ന് ജയിച്ചപ്പോള്‍ ലംപാര്‍ഡിന്റെ തുടക്കം ശ്രദ്ധിക്കപ്പെട്ടു. ആദ്യ ഇരുപത്തൊമ്പത് മത്സരങ്ങളില്‍ ലംപാര്‍ഡിന് ശനിദശയായിരുന്നു.
വരവറിയിച്ചത് 2004 യൂറോ കപ്പില്‍ പോര്‍ച്ചുഗലിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇംഗ്ലണ്ടിന് വേണ്ടി ഹാട്രിക്ക് നേടിയാണ് ലംപാര്‍ഡ് മികവറിയിച്ചത്. യൂറോ 2004 ലെ ടീം ഓഫ് ദ ടൂര്‍ണമെന്റില്‍ ലംപാര്‍ഡ് ഇടം പിടിച്ചു. 2006 ലോകകപ്പ് യോഗ്യതാ റൗണ്ടിലും ചെല്‍സി താരം മികവ് തുടര്‍ന്നു. ഗ്രൂപ്പില്‍ ഇംഗ്ലണ്ട് മുന്‍നിരയിലെത്തിയപ്പോള്‍ ലംപാര്‍ഡിന്റെ ബൂട്ടില്‍ നിന്ന് ആറ് ഗോളുകള്‍ പിറന്നു.
2004 ലും 2005 ലും ഇംഗ്ലണ്ട് പ്ലെയര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. ദുരന്തനായകനായത് 2006 ലോകകപ്പില്‍ പോര്‍ച്ചുഗലിനെതിരെ ഷൂട്ടൗട്ടില്‍ പെനാല്‍റ്റി പാഴാക്കിക്കൊണ്ട്. മധ്യനിരയില്‍ തലയെടുപ്പോടെ പന്ത് തട്ടിയ ലംപാര്‍ഡിന്റെ പകരക്കാരനെ കണ്ടെത്താന്‍ ഇംഗ്ലണ്ട് കാത്തിരിക്കേണ്ടി വരും.