Connect with us

Kollam

പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്ത കൈവരിക്കാന്‍ കാമധേനു മില്‍ക്ക് കോളനികള്‍

Published

|

Last Updated

കൊല്ലം : പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെയും ക്ഷീര കര്‍ഷക മേഖല പരിപോഷിപ്പിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്ത് കാമധേനു മില്‍ക്ക് കോളനികള്‍ സ്ഥാപിക്കുന്നു.
സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയിലാണ് മില്‍ക്ക് കോളനികള്‍ സ്ഥാപിക്കുന്നത്. തികച്ചും പരിസ്ഥിതി സൗഹാര്‍ദമായ രീതിയിലായിരിക്കും കോളനികള്‍ സ്ഥാപിക്കുകയെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍ സിറാജിനോട് പറഞ്ഞു. മുട്ട ഉത്പാദനത്തിലെന്ന പോലെ പാലുത്പാദനത്തിലും സ്വയം പര്യാപ്ത കൈവരിക്കാന്‍ പ്രസ്തുത പദ്ധതി വിജയകരമായി നടപ്പാക്കുന്നതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. മൃഗസംരക്ഷണ മേഖലയില്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് സ്വന്തമായി പശുവിനെ വളര്‍ത്താന്‍ വീട്ടുവളപ്പില്‍ സൗകര്യമില്ലെങ്കിലും മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഫാമുകളില്‍ പശുക്കളെ വളര്‍ത്തി പരിചരിക്കാനുള്ള അവസരമാണ് കാമധേനു മില്‍ക്ക് കോളനി പദ്ധതിയിലൂടെ ലഭിക്കുന്നത്.
കൊല്ലം ജില്ലയില്‍ കുരിയോട്ടുമല ബെഫല്ലോ ഫാമിലും അഞ്ചല്‍ കൃഷിഫാം, കരുനാഗപ്പള്ളി കോക്കനട്ട് ഫാം എന്നിവിടങ്ങളിലാണ് ഈ നൂതന പദ്ധതി തുടങ്ങുന്നത്. ഈ ഫാമുകളിലെ 10 ഏക്കറോളം വരുന്ന സ്ഥലത്ത് പശുക്കളെ വളര്‍ത്താനുള്ള അവസരമാണ് ജില്ലാ പഞ്ചായത്ത് ഒരുക്കുന്നത്. പശുക്കളെ വളര്‍ത്താനും പരിചരിക്കാനും ആവശ്യമായ തൊഴിലാളികളെ നിയമിച്ച് പശുക്കളുടെ ഉടമസ്ഥരില്‍ നിന്ന് ശമ്പളം ശേഖരിച്ച് നല്‍കും. ഉത്പാദിപ്പിക്കുന്ന പാല്‍ അവിടെ തന്നെ സംഭരിച്ച് ന്യായമായ വില ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന ബൃഹത് പദ്ധതിയാണ് കാമധേനുമില്‍ക്ക് കോളനി.
പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതോടൊപ്പം ജൈവ കൃഷിയിലധിഷ്ഠിതമായി കൃഷി നടത്തിക്കൊണ്ടിരിക്കുന്ന ഫാമുകളില്‍ ആവശ്യത്തിന് ചാണകം കൂടി ഈ സംരംഭത്തിലൂടെ ലഭ്യമാകും.
മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുര്യോട്ട്മല ഫാമില്‍ 144 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇതിനകം നടപ്പാക്കിയത്. പശുവളര്‍ത്തല്‍ പദ്ധതിക്ക് ഇതിനകം 51 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. കൊല്ലം ജില്ലയില്‍ മില്‍ക്ക് കോളനി പദ്ധതി ലക്ഷ്യം കൈവരിച്ചാല്‍ മറ്റുജില്ലകളിലേക്കും പദ്ധതി വ്യാപിക്കാനാണ് അധികൃതരുടെ തീരുമാനം.
അന്യ സംസ്ഥാനത്ത് നിന്നുള്ള പാലിന്റെ വരവില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ കേരളത്തില്‍ ഇതിനകം കഴിഞ്ഞിട്ടുള്ളതായാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ ഫലമാണിത്. കാലിത്തീറ്റ വില നിയന്ത്രണത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതാണ് ക്ഷീരകര്‍ഷകര്‍ക്ക് ആഘാതമായിത്തീരുന്നത്. സ്വകാര്യ സംരംഭകരാണ് കാലിത്തീറ്റ നിര്‍മാണത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. കര്‍ഷകര്‍ക്ക് പാലുത്പാദനത്തിലുള്‍പ്പെടെ വലിയ വില നല്‍കേണ്ടുന്ന സാഹചര്യമാണുള്ളത്. ഇത് നിയന്ത്രിക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളുടെ ശേഷി വര്‍ധിപ്പിച്ചും മില്‍മയും മൃഗസംരക്ഷണ വകുപ്പും വഴി കാലിത്തീറ്റ ഉത്പാദനം വര്‍ധിപ്പിച്ചും നടപടികള്‍ സ്വീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലായില്ലെന്നാണ് കര്‍ഷകരുടെ പരാതി.
തൊണ്ണൂറ് ശതമാനത്തിലധികം സങ്കരയിനം കറവപ്പശുക്കളുള്ള കേരളത്തില്‍ പാലുത്പാദനച്ചെലവ് അനുദിനം വര്‍ധിച്ചുവരികയാണ്. ഉത്പാദനച്ചെലവും പാലിന്റെ വിലയും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നു. പാലിന്റെ വിലയില്‍ 50 ശതമാനം വര്‍ധനവുണ്ടാകുമ്പോള്‍ തീറ്റയുടെ വിലയില്‍ 20 ശതമാനത്തിലധികം വര്‍ധനവുണ്ടാകുന്നു. വര്‍ധിച്ച ഉത്പാദന ചെലവ് സുസ്ഥിര പശുവളര്‍ത്തലിനെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ മില്‍ക്ക് കോളനി പദ്ധതി ആശ്വാസം പകരുന്ന ഒന്നാണ്. ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണം, വിപണനം എന്നിവ ഈ പദ്ധതിയിലൂടെ സാധ്യമാകുന്നു.

Latest