മെട്രോ സ്‌റ്റേഷനുകളില്‍ കൂടുതല്‍ കടകള്‍ അനുവദിക്കാന്‍ ആര്‍ ടി എ ഒരുങ്ങുന്നു

Posted on: August 26, 2014 7:25 pm | Last updated: August 26, 2014 at 7:25 pm
SHARE

rtaദുബൈ: മെട്രോ സ്‌റ്റേഷനുകളില്‍ കൂടുതല്‍ കടകള്‍ അനുവദിക്കാന്‍ ആര്‍ ടി എ ഒരുങ്ങുന്നു. മെട്രോയില്‍ നാള്‍ക്കുനാള്‍ അനുഭവപ്പെടുന്ന തിരക്ക് കൂടുതല്‍ കച്ചവടത്തിന് സഹായിക്കുമെന്ന് മുന്നില്‍ക്കണ്ടാണ് ഇത്തരം ഒരു തീരുമാനം ആര്‍ ടി എ അധികൃതര്‍ കൈക്കൊള്ളുന്നത്. നിലവില്‍ ദുബൈ സര്‍ക്കാരിന്റെ കീഴിലുള്ള പെട്രോളിയം ഉല്‍പ്പന്ന സ്ഥാപനമായ ഇനോക് കമ്പനിയുടെ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവക്കുള്ള സൂം ഔട്ട്‌ലെറ്റ് ഉള്‍പ്പെടെ 80 കമ്പനികളുടെ സ്ഥാപനങ്ങളാണ് വിവിധ മെട്രോ സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്നത്. മെട്രോ സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ മൊത്തം സ്ഥല വിസ്തൃതിയുടെ 77 ശതമാനവും കൈയാളുന്നത് ഇനോക് ആണ്. പുതുതായി സ്ഥാപനം അനുവദിക്കുന്നതോടെ പ്രമുഖ സ്ഥാപനമായ കാരെഫോര്‍ ഉള്‍പ്പെടെയുള്ളവ മെട്രോ സ്‌റ്റേഷനുകളുടെ ഭാഗമാവും. തുടക്കത്തില്‍ കരെഫോര്‍ യുണിയന്‍ മെട്രോ സ്‌റ്റേഷനിലാവും ഔട്ട്‌ലെറ്റ് സ്ഥാപിക്കുക. യു എ ഇ എക്‌സ്‌ചേഞ്ച്, മറീന ഫാര്‍മസി, മശ്‌രിഖ് തുടങ്ങിയ സ്ഥാപനങ്ങളുടെ സാന്നിധ്യം ഇപ്പോള്‍ തന്നെ മെട്രോ സ്‌റ്റേഷനുകളിലുണ്ട്.
197 റീട്ടെയില്‍ യൂണിറ്റുകള്‍ക്കുള്ള സൗകര്യമാണ് മെട്രോയുടെ ചുവപ്പ്, പച്ച പാതകളിലുള്ളത്. 152 യൂണിറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 41 സൂം ഔട്ട്‌ലെറ്റുകളും ഇതില്‍ ഉള്‍പ്പെടും. ഇതു കൂടാതെ എ ടി എമ്മുകള്‍ക്കായി മാറ്റിവെച്ച 190 പ്രത്യേക മേഖലകളും മെട്രോ സ്‌റ്റേഷനുകളിലുണ്ട്. 2013ല്‍ 13.8 കോടി യാത്രക്കാരാണ് മെട്രോ പ്രയോജനപ്പെടുത്തിയത്. അതായത് ദിനേന 4.5 ലക്ഷം യാത്രക്കാര്‍. 2012ല്‍ 11 കോടിയായിരുന്നു യാത്രക്കാരുടെ എണ്ണം. എല്ലാ വിഭാഗം വാടകക്കാരെയും ആര്‍ ടി എ മെട്രോ സ്‌റ്റേഷനുകളിലേക്ക് സ്വാഗതം ചെയ്യുന്നതായി കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ജെ എല്‍ എല്‍ കണ്‍സള്‍ട്ടന്‍സി തലവന്‍ ആന്‍ട്രൂ വില്ല്യം സണ്‍ വ്യക്തമാക്കി.
റീട്ടെയില്‍ ബിസിനസ് രംഗത്തുള്ള സ്ഥാപനങ്ങളില്‍ നിന്നും മെട്രോയില്‍ ഔട്ട്‌ലെറ്റ് തുടങ്ങുന്ന വിഷയത്തില്‍ നല്ല പ്രതികരണമാണ് ഉണ്ടാവുന്നത്. മെട്രോ കൈവരിച്ച വളര്‍ച്ചയാണ് ഇതിന് പിന്നിലെ പ്രേരക ശക്തി. ചില്ലറ വില്‍പ്പന ശാലകള്‍ നടത്താന്‍ പ്രോപ്പര്‍ട്ടി ബ്രോക്കര്‍മാരെ ആര്‍ ടി എ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് കീഴിലാവും പദ്ധതി നടപ്പാക്കുക. എട്ട് മുതല്‍ 645 വരെ ചതുരശ്രമീറ്റര്‍ വിസ്തൃതിയാണ് കടകള്‍ക്കായി മാറ്റിവെച്ച സ്ഥലത്തിനുള്ളത്. ഇവയുടെ വില സ്റ്റേഷനുകളുടെ തിരക്ക് ഉള്‍പ്പെടെയുള്ള ഘടകങ്ങളെ ആശ്രയിച്ചാണ് നിജപ്പെടുത്തുക.
കൂടുതല്‍ ആളുകള്‍ എത്തുന്ന മെട്രോ സ്‌റ്റേഷനുകളില്‍ ആള്‍ തിരക്കിന് സമീപത്ത് സ്ഥലം ലഭിക്കാനാണ് മിക്ക നിക്ഷേപകരും ആഗ്രഹിക്കുന്നത്. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 31,000 ചതുരശ്ര മീറ്റര്‍ റീട്ടെയില്‍ മേഖല വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here