Connect with us

Malappuram

രാധ വധക്കേസ്: ആര്യാടന്‍ ഷൗക്കത്ത് അവധി അപേക്ഷ നല്‍കി

Published

|

Last Updated

മഞ്ചേരി: നിലമ്പൂര്‍ രാധാവധക്കേസിലെ 125 -ാം സാക്ഷി ആര്യാടന്‍ ഷൗക്കത്ത് കോടതിയില്‍ അവധി അപേക്ഷ നല്‍കി. കേസ് വിചാരണക്കെടുത്ത ഇന്നലെ ഷൗക്കത്ത് കോടതിയില്‍ ഹാജരായിരുന്നില്ല. രാവിലെ പതിനൊന്നിന് മൂന്ന് കേസ് വിളിച്ചു കഴിഞ്ഞായിരുന്നു രാധാവധക്കേസ് കോടതി വിചാരണക്കെടുത്തത്. ആദ്യം തന്നെ അഡ്വ. സി പി അജിത് 125 -ാം സാക്ഷി ആര്യാടന്‍ ഷൗക്കത്ത് ഹാജരില്ലെന്നും അദ്ദേഹത്തിന് അവധി നല്‍കണമെന്നും കോടതിക്ക് അപേക്ഷ നല്‍കി. കോടതി ഇത് അനുവദിച്ചതോടെ രണ്ടാം പ്രതി ശംസുദ്ദീന്‍ തന്റെ അഭിഭാഷകനായ കെ സി നസീമിനെ മാറ്റണമെന്ന് പറഞ്ഞു ജയില്‍ സൂപ്രണ്ട് മുഖേന അറ്റസ്റ്റ് ചെയ്ത ഹരജി ജഡ്ജിക്ക് നേരിട്ടു നല്‍കി. ഷെഡ്യൂള്‍ ചെയ്തു വിചാരണ ആരംഭിക്കേണ്ട ദിവസം പ്രതി നല്‍കിയ അപേക്ഷ വിചാരണ നീട്ടുക്കൊണ്ടു പോകുന്നതിനു പ്രതി മന:പൂര്‍വ്വം കൊണ്ടുവന്ന ഹരജിയാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി ജി മാത്യു നിരീക്ഷിച്ചു. രണ്ടാം പ്രതിയുടെ അഭിഭാഷകനായ നസീം തനിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നും വക്കാലത്ത് ഒഴിയുകയാണെന്നും കോടതിയെ ഉണര്‍ത്തി. എന്നാല്‍ സ്വന്തമായി കേസ് നടത്താന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ അഭിഭാഷകനെ വെക്കാന്‍ സാവകാശം അനുവദിക്കണമെന്ന് പ്രതി ശംസു കോടതിയോടാവശ്യപ്പെട്ടു. കേസ് നീട്ടിവെക്കുന്നതു സംബന്ധിച്ചു ഒന്നാം പ്രതി ബിജുവിന്റെ അഭിഭാഷകനായ കെ ആര്‍ ഷൈനിനോട് കോടതി അഭിപ്രായം ആരാഞ്ഞതിനെ തുടര്‍ന്ന് കോടതി നിശ്ചയിക്കുന്ന സമയത്ത് വിചാരണക്കു തയ്യാറാണെന്ന് അഭിഭാഷകന്‍ മറുപടി നല്‍കുകയും ചെയ്തു. ഒന്നാം പ്രതി ബിജു തന്റെ ഒരു കിഡ്‌നി ദാനം ചെയ്തിട്ടുണ്ടെന്നും രണ്ടാം കിഡ്‌നിക്ക് അസുഖം ബാധിച്ചിട്ടുണ്ടെന്നുമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കി. തന്റെ കക്ഷിക്ക് വിശദമായ ചികിത്സക്ക് വൈദ്യ സഹായം ആവശ്യമാണെന്നും അതിനാല്‍ ഇന്നു കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്നം ഇളവനുവദിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ബിജുവിന് ചികിത്സ നല്‍കാന്‍ കോടതി ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. അതേ സമയം രണ്ടാം പ്രതിയോട് പുതിയ അഭിഭാഷകനുമായി ഇന്ന് തന്നെ കൊടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടുമുണ്ട്.
രണ്ടാം പ്രതി ശംസുദ്ദീന്‍ ആദ്യം നിയമിച്ച അഡ്വ. ഷാനവാസ് ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ടാമത് വച്ച അഡ്വ. നസീമില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഈ അഭിഭാഷകനുമായി മുന്നോട്ടുപോയാല്‍ തനിക്ക് ശിക്ഷ ഉറപ്പാണെന്നുമായിരുന്നു കക്ഷിയുടെ വാദം.
രാധാവധക്കേസ് പുതിയ വഴിത്തിരിവിലേക്കു പോകുന്നതായാണ് കാണുന്നത്. ഒന്ന്, രണ്ട്, മൂന്ന് സാക്ഷികളെ യഥാക്രമം വിളിക്കുന്നതിനു പകരം പതിവിനു വിപരീതമായി 125 മുതലുള്ള മൂന്ന് സാക്ഷികളെയാണ് ഇന്നലെ വിചാരണക്കായി വിളിച്ചു വരുത്തിയിരുന്നത്. 125-ാം സാക്ഷി ആര്യാടന്‍ ഷൗക്കത്ത് ഇന്നലെ വരാത്തതിനാല്‍ അദ്ദേഹത്തിന്റെ സാക്ഷി വിസ്താരം നിര്‍ത്തി വച്ചിരിക്കുകയാണ്. രാവിലെ പതിനൊന്നിനു വിളിച്ചു മാറ്റി വെച്ച കേസ് പിന്നീട് പന്ത്രണ്ടിന് വിളിച്ചു. തുടര്‍ന്ന് ഉച്ച കഴിഞ്ഞു രണ്ടരക്ക് വിളിച്ചു. കേസ് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. പ്രതികള്‍ക്ക് മഞ്ചേരി സ്റ്റേഷനില്‍ വെച്ച് ഉച്ചഭക്ഷണം കഴിച്ച ശേഷം പോലീസ് അകമ്പടിയോടെ കോഴിക്കോട് ജില്ലാ ജയിലിലേക്കു കൊണ്ടുപോയി.

Latest