Connect with us

Palakkad

വന്യ മൃഗങ്ങളും പ്രകൃതിക്ഷോഭവും; മണ്ണാര്‍ക്കാട് മേഖല ഭീതിയില്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: വന്യമൃഗങ്ങളുടെ ശല്യവും പ്രകൃതിക്ഷോഭവും കൃഷി നാശവുമെല്ലാം മണ്ണാര്‍ക്കാട് മലയോര മേഖലയിലെ ജീവിതം ദുസ്സഹമാവുന്നു. ജനങ്ങള്‍ ദിനരാത്രങ്ങള്‍ തളളിനീക്കുന്നത് ഭീതിയില്‍. ഒരു മാസത്തോളമായി മലയോര മേഖലയില്‍ കാട്ടാനകളുടെയും പുലികളുടെയും വിളയാട്ടമായിരുന്നു. കാട്ടാനകള്‍ ഒരുവശത്ത് വ്യാപകമായി കൃഷി നാശമുണ്ടാക്കുമ്പോള്‍ പുലികള്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നു. കാലവര്‍ഷക്കെടുതിയില്‍ കാര്‍ഷിക മേഖലയായ മണ്ണാര്‍ക്കാട്ടെ വിവധ മേഖലകളില്‍ വ്യാപകമായ കൃഷി നാശമാണുണ്ടായത്. ഓണ വിപണികണ്ട് കൃഷ്‌ചെയ്ത വാഴകളും കൂടാതെ കവുങ്ങ്, റബര്‍ എന്നിവയുമാണ് നശിച്ചത്.
ലക്ഷങ്ങളുടെ കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്. കര്‍ക്കിടകത്തില്‍ തുടങ്ങിയ ശക്തമായ മഴ ചിങ്ങത്തിലും കലിതുളളി പെയ്യുമ്പോള്‍ ശക്തമായ ഉരുള്‍പൊട്ടല്‍ ഭീഷണിയലാണ് താലൂക്കിലെ വിവധ മലയോര മേഖലകള്‍. കാഞ്ഞിരപ്പുഴ പൂഞ്ചോലയിലും തച്ചമ്പാറ പാലക്കയത്തും അട്ടപ്പാടിയിലെ വിവിധ മേഖലകളിലും ഇതിനോടകം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്നു. പലഭാഗത്തും ഉരുള്‍പൊട്ടല്‍ ഭീക്ഷണിയിലാണ്. മുക്കാലി ചുരം റോഡുള്‍പ്പെടെ മലയോര മേഖലയിലെ റോഡുകളെല്ലാം മണ്ണിടിച്ചില്‍ ഭീക്ഷണിയിലാണ്. മണ്ണിടിച്ചില്‍ തടയാന്‍ റോഡിന് സമീപം സംരക്ഷണ ഭിത്തികളൊ മണ്ണൊലിപ്പ് സംരക്ഷണ പ്രവൃത്തികളോ മേഖലയില്‍ സജീവമല്ല. അട്ടപ്പാടി റോഡില്‍ മാസങ്ങള്‍ക്കിടെ 5തവണയാണ് മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടത്.
മലയോര മേഖലയിലെ ഗ്രാമീണ റോഡുകള്‍ പലതും പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. മഴക്കുമുമ്പായി ഇവിടുങ്ങളില്‍ നടപ്പാക്കിയ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തികള്‍ പലതും ശക്തമായ മഴയില്‍ തകര്‍ന്നിട്ടുണ്ട്.