മഴയില്‍ പരക്കെ നാശം; നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Posted on: August 24, 2014 10:00 am | Last updated: August 24, 2014 at 10:00 am

heavy-rain2കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ പരക്കെ നാശം. മലയോര മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയതിനാല്‍ ലക്ഷങ്ങളുടെ കൃഷി നാശമാണുണ്ടായത്. പുഴ, തോട് വയലുകള്‍ എന്നിവയോട് ചേര്‍ന്നുള്ള ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. ലക്ഷങ്ങളുടെ കൃഷി നശിച്ചിട്ടുണ്ട്. ഇതിന്റെ കൃത്യമായ കണക്ക് ശേഖരിക്കുന്നതിന് കൃഷി വകുപ്പിന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. 

നിരവധി വീടുകളില്‍ വെള്ളം കയറി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നഗരത്തോട് ചേര്‍ന്നുള്ള വില്ലേജുകളില്‍ മാത്രം നൂറിലധികം വീടുകളിലാണ് വെള്ളം കയറിയിത്. കോഴിക്കോട് താലൂക്കിലെ വേങ്ങേരി വില്ലേജില്‍ ആതിയില്‍ തോട് വെള്ളയില്‍ പ്രദേശത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് 40 ഓളം കുടുംബങ്ങളെ വേങ്ങേരി ഗവ. എല്‍ പി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കച്ചേരി വില്ലേജില്‍ കാട്ടുവയല്‍ കോളനിയില്‍ 15 വീടുകളില്‍ വെള്ളം കയറി. കച്ചേരി വില്ലേജില്‍ ബി ജി റോഡ് കുമ്മാട്ടിക്കുളത്ത് ശക്തമായ മഴയില്‍ വെള്ളത്തിലകപ്പെട്ട കുടുംബത്തെ ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. ഇവരെ തൊട്ടടുത്ത വീടുകളില്‍ മാറ്റി പാര്‍പ്പിച്ചു. എലത്തൂര്‍ വില്ലേജില്‍ ഒടിവയല്‍ നിലത്ത് 50 ഓളം വീടുകളില്‍ വെള്ളം കയറി. വില്ലേജ് ഓഫീസര്‍ മാറി താമസിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒഴിയാന്‍ തയ്യാറായിട്ടില്ല. മൂന്ന് വീടുകള്‍ ഭാഗികമായും ഒരു കിണര്‍ പൂര്‍ണമായും തകര്‍ന്നു.
പുതിയങ്ങാടി വില്ലേജില്‍ നാല് വീടുകളില്‍ വെള്ളം കയറി. ഇവിടെ അശാസ്ത്രീയമായി നിര്‍മിച്ച ഡ്രെയിനേജ് അടഞ്ഞു കിടന്നതിനാലാണ് വെള്ളപ്പൊക്കമുണ്ടായത്. വിരുപ്പിശ്ശേരി വയലില്‍ 20 ഓളം വീടുകളില്‍ വെള്ളം കയറി. ഇവരെ ബന്ധു വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. മഴ തുടരുകയാണെങ്കില്‍ തെട്ടടുത്തുള്ള കോയാ റോഡ് സ്‌കൂളിലേക്ക് കൂടുതല്‍ പേരെ മാറ്റി താമസിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോറോണിവയലില്‍ 20 വീടുകളില്‍ വെള്ളം കയറി. മഴ ശക്തമാകുകയാണെങ്കില്‍ ഇവരെ പുതിയങ്ങാടി യു പി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിക്കും.
ചേവായൂര്‍ വില്ലേജില്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് തൊട്ടടുത്തുള്ള വീടിനും കിണറിനും നാശനഷ്ടമുണ്ടായി. നടപടി സ്വീകരിക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
താമരശ്ശേരി താലൂക്കില്‍ അടിവാരത്തും പരിസരങ്ങളിലുമുണ്ടായ വെള്ളക്കെട്ട് നീക്കം ചെയ്തു. വയനാട് ചുരത്തില്‍ ഒന്നാം വളവില്‍ മണ്ണിടിച്ചിലുണ്ടായത് ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്തു. പോലീസ്, ഫയര്‍ഫോഴ്‌സ്, എന്‍ ഡി ആര്‍ എഫ് എന്നിവരുടെ സഹായത്തോടെയാണ് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. പുതുപ്പാടി വില്ലേജില്‍ മൂന്ന് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു.
വടകര താലൂക്കില്‍ കാവിലുംപാറ വില്ലേജില്‍ നാഗംപാറയിലുണ്ടായ മണ്ണിടിച്ചിലില്‍ നാഗംപാറ ചീത്തപ്പാട് ആശ്വാസി റോഡിന്റെ ഏഴ് മീറ്ററോളം ഭാഗം പുഴയിലേക്ക് ഇടിഞ്ഞു വീണു. ഈ റോഡിലെ ഗതാഗതം താത്ക്കാലികമായി നിരോധിച്ചിട്ടുണ്ട്. ഇതേ വില്ലേജിലെ മറ്റു രണ്ട് സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി.
ജില്ലയുടെ തീരദേശ മേഖലകളില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധം കടലാക്രമണം രൂക്ഷമാണ്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന ജാഗ്രതാ നിര്‍ദേശവും തീരദേശ വാസികള്‍ക്ക് നല്‍കിയിട്ടുണ്ട്.