Connect with us

International

ഐ എസ് വിമതര്‍ വലിയ ഭീഷണി: അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍/ ബഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് വിമതര്‍ എല്ലാ തരത്തിലും അമേരിക്കക്ക് ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍. ഒരിക്കല്‍ അല്‍ ഖാഇദ ഉയര്‍ത്തിയ ഭീഷണിയേക്കാള്‍ വലുതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ എസ് വിമതരുടെ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളും സമ്പത്തും സൈനിക ശക്തിയും വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് അമേരിക്ക വിലയിരുത്തി. അതിനിടെ, ഇറാഖില്‍ ശിയാ സായുധ സംഘം സുന്നി പള്ളിയില്‍ കൂട്ടക്കൊല നടത്തി. കിഴക്കന്‍ മേഖലയിലെ ദിയാല പ്രവിശ്യയില്‍ നടന്ന കൂട്ടക്കൊലയില്‍ 73 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇറാഖിലും മറ്റിടങ്ങളിലും അമേരിക്ക പുലര്‍ത്തിപ്പോരുന്ന എല്ലാ താത്പര്യങ്ങള്‍ക്കും വലിയ ഭീഷണിയാണ് ഐ എസ് വിമതരെന്ന് പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ പെന്റഗണില്‍ ചേര്‍ന്ന സുരക്ഷാ തലവന്‍മാരുടെ യോഗത്തില്‍ അറിയിച്ചു. ഒരു തീവ്രവാദ സംഘടന എന്നതിനപ്പുറമാണ് ഇറാഖ് വിമതര്‍. അത്യാധുനിക ആയുധങ്ങളും വന്‍തോതില്‍ സമ്പത്തുമുണ്ട്. നമ്മള്‍ അഭിമുഖീകരിച്ചതിനേക്കാള്‍ അപ്പുറമാണ് കാര്യങ്ങള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോട് തുലനം ചെയ്യുമ്പോള്‍ ഇത് ഭീഷണിയാണോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഹെഗല്‍. ഈ സാഹചര്യത്തില്‍ കൂടുതല്‍ നടപടികള്‍ വിമതര്‍ക്കെതിരെ കൈക്കൊള്ളുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രസിഡന്റ് ബരാക് ഒബാമയുടെ മുതിര്‍ന്ന ഉപദേശകന്‍ ബെന്‍ റോഡസ് പറഞ്ഞു.
വിമത സംഘത്തില്‍ യൂറോപ്യന്‍മാരും അമേരിക്കന്‍ പൗരന്‍മാരും അംഗങ്ങളാകുന്നതില്‍ അമേരിക്കയും ബ്രിട്ടനും ആശങ്ക രേഖപ്പെടുത്തി. ഇവര്‍ രാജ്യത്തേക്ക് തിരിച്ചുവരുമോയെന്നത് ആശങ്കാജനകമാണെന്ന് യു എസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ട്ടിന്‍ ഡെംപസി പറഞ്ഞു.
അതിനിടെ, ദിയാല പ്രവിശ്യയിലെ ജലാവ്‌ല മേഖല വിമതരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈന്യവും കുര്‍ദിശ് പോരാളികളും നടപടി തുടങ്ങി. കഴിഞ്ഞ 11ന് ആണ് വിമതര്‍ ഈ പ്രദേശം പിടിച്ചെടുത്തത്.