Connect with us

Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: ഏഴ് മരണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴ ജനജീവിതം താറുമാറാക്കി. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരണം ഏഴായി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ മഴ കനത്ത നാശം വിതച്ചു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കടല്‍ തീരങ്ങളിലേക്കുള്ള യാത്രയും ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.
പത്തനംതിട്ടയില്‍ മല്ലശേരി പ്രശാന്തന്‍, തിരുവല്ല പോളച്ചിറ തങ്കച്ചന്‍, കൊല്ലം മണ്‍ട്രോത്തുരുത്തില്‍ അനില്‍കുമാറിന്റെ മൂന്ന് വയസ്സുകാരിയായ മകള്‍ അനശ്വര എന്നിവര്‍ വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. പുനലൂര്‍ കരവാളൂരില്‍ വീട് ഇടിഞ്ഞുവീണാണ് ചരുവിള പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്‍ മരിച്ചത്. കോഴിക്കോട് എലത്തൂരില്‍ കനത്ത മഴക്കിടെ നിറഞ്ഞൊഴുകിയ ഓടയില്‍ വീണ് മാട്ടുവയല്‍ ശിവരാമന്‍ മരിച്ചു. മലപ്പുറത്ത് പുഴ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ എടക്കര മണിമൂളി വാരിക്കുന്നത് കോടൂര്‍ രതീഷിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. മല്ലപ്പള്ളി മാരിക്കല്‍ കരിപ്പോട്ട് ബിജുവിന്റെ മകന്‍ ആദര്‍ശ് (14) മഞ്ഞത്താനം പുഞ്ചയില്‍ മുങ്ങിമരിച്ചു.
കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടമുണ്ടായി. വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി, വിതുര, കാട്ടാക്കട, പാലോട് മേഖലകളിലെ മലയോര പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് പ്രദേശത്തുണ്ടായത്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്. തിരുമലയില്‍ ആറ് വീടുകള്‍ പൂര്‍ണമായും പന്ത്രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. നഗരത്തിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തിരുമലയില്‍ ഇരുപത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കൊല്ലം ജില്ലയില്‍ 78 കുടുബംങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പത്തനംതിട്ടയിലെ റാന്നി, ചിറ്റാര്‍, സീതത്തോട് മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. തിരുവല്ല, അപ്പര്‍ കുട്ടനാട് പ്രദേശത്ത് നാല്‍പ്പത് വീടുകളില്‍ വെള്ളം കയറി. പത്തനാപുരത്ത് തോട് കരകവിഞ്ഞ് ഒഴുകി പതിനഞ്ച് കുടുംബങ്ങളെയും കുളത്തൂപ്പുഴ മില്‍പ്പാലത്ത് മൂന്ന് കുടുംബങ്ങളെയും കുന്നത്തൂര്‍ പോരുവഴിയില്‍ അറുപത് കുടുംബങ്ങളെയും മാറ്റിപാര്‍പ്പിച്ചു. വില്ലുമല ട്രൈബല്‍ ഹോസ്റ്റലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുഴുവന്‍ കുട്ടികളെയും സ്‌കൂളുകളിലേക്ക് മാറ്റി. ആനയടി ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് ശൂരനാട് പള്ളിക്കലാറ് കരകവിഞ്ഞ് ഒഴുകി.
റാന്നിയില്‍ അത്തിക്കയം വനത്തില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. കൊക്കാത്തോട് വനത്തിനുള്ളില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ ജോലിക്കു പോയി ഒറ്റപ്പെട്ട മുപ്പതിലേറെ തൊഴിലാളികളെ ഇന്നലെ പുലര്‍ച്ചെയാണ് പുറത്തെത്തിച്ചത്. ഹൈ റേഞ്ച്, ലോ റേഞ്ച് വ്യത്യാസമില്ലാതെ ഇടുക്കിയില്‍ കനത്ത മഴ പെയ്യുകയാണ്. കോട്ടയത്ത് കനത്ത മഴയെ തുടര്‍ന്ന് മീനച്ചിലാറിലെ ജലനിരപ്പ് ഉയര്‍ന്നു.
വൈക്കം വെച്ചൂര്‍ റോഡില്‍ ചേരുംചുവട് ഭാഗത്ത് മഴയത്തെത്തുടര്‍ന്ന് റോഡിന്റെ മുപ്പത് മീറ്ററോളം ഭാഗം ഇടിഞ്ഞ് കെ വി കനാലിലേക്ക് പതിച്ചു. കാഞ്ഞിരപ്പള്ളി മണിമല റോഡില്‍ മരം വീണ് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളം പൊങ്ങി. ഇന്നലെ രാത്രിയോടെ ഈരാറ്റുപേട്ടക്ക് സമീപം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളിയില്‍ ഉരുള്‍പൊട്ടി. രണ്ടേക്കറോളം കൃഷിഭൂമി നശിച്ചു. തൃശൂരില്‍ ചിമ്മിനി, പൂമല ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest