Connect with us

Thrissur

എം പീതാംബരന്‍ മാസ്റ്റര്‍ക്ക് ദേശീയ അധ്യാപക അവാര്‍ഡ്

Published

|

Last Updated

തൃശൂര്‍: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ ദേശീയ അധ്യാപക അവാര്‍ഡിനു തൃശൂര്‍ സ്വദേശിയും മായന്നൂര്‍ സെന്റ് തോമാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകനും ഗ്രന്ഥകാരനുമായ എം പീതാംബരന്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഇതുസംബന്ധിച്ച സന്ദേശം പീതാംബരന്‍ മാസ്റ്റര്‍ക്കു ലഭിച്ചു. ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അവാര്‍ഡ് നല്‍കും. അധ്യാപന രംഗത്ത് ഇരുപത്തിയേഴു വര്‍ഷം പിന്നിടുന്ന പീതാംബരന്‍ മാസ്റ്റര്‍ ഈ അധ്യയന വര്‍ഷാരംഭത്തിലാണു മായന്നൂര്‍ സെന്റ് തോമാസ് ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായി നിയമിതനായത്. അതിനു മുമ്പ് പതിനഞ്ച് വര്‍ഷക്കാലം മാന്ദാമംഗലം സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകനായിരുന്നു.
സാമൂഹ്യ ശാസ്ത്രത്തിന്റെ സംസ്ഥാന റിസോഴ്‌സ് പേഴ്‌സനായിരുന്നു മാസ്റ്റര്‍. അദ്ദേഹം ജില്ലാ സാമൂഹ്യ ശാസ്ത്ര കൗണ്‍സിലിന്റെ കണ്‍വീനറായിരുന്ന മൂന്നു വര്‍ഷം തുടര്‍ച്ചയായി തൃശൂര്‍ റവന്യൂ ജില്ല സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
സാമൂഹ്യശാസ്ത്ര പഠനത്തിനും അധ്യാപനത്തിനും അധ്യാപകരേയും വിദ്യാര്‍ഥികളേയും സഹായിക്കുന്നതിനായി സോഷ്യല്‍ സയന്‍സ് ബ്ലോഗ് ആരംഭിച്ചതും അദ്ദേഹമാണ്. സര്‍വോദയ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ മാസ്റ്റര്‍ ഗാന്ധിമാര്‍ഗ ഗ്രന്ഥകാരനാണ്. സര്‍വമത സമഭാവം സര്‍വ്വോദയ വീക്ഷണം, ജനകീയ സമരങ്ങളും മുന്നേറ്റങ്ങളും സ്വാമി വിവേകാനന്ദനും ഗാന്ധിജിയും, പഠനം ആനന്ദകരമാക്കാന്‍, സര്‍വോദയത്തിലേക്ക് എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.കേരള സര്‍വ്വോദയ മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി, കുടുംബശ്രീ – സ്ത്രീ പദവി പഠനം, സാക്ഷരതാ മിഷന്‍ എന്നിവയുടെ റിസോഴ്‌സ് പേഴ്‌സണ്‍, സാമൂഹ്യ ശാസ്ത്ര കൗണ്‍സില്‍, വിദ്യാരംഗം കലാസാഹിത്യ വേദി, ഗാന്ധിദര്‍ശന്‍, മദ്യവിരുദ്ധ സമിതി, എന്നിവയുടെ ജില്ലാ കണ്‍വീനര്‍, ജനകീയാസൂത്രണ സമിതി കണ്‍വീനര്‍, കൈനൂര്‍, ലാലൂര്‍ എന്നിവിടങ്ങളിലെ മലിനീകരണ വിരുദ്ധ സമരങ്ങളുടെ സഹായസമിതി കണ്‍വീനര്‍, പ്രാദേശിക പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു.
പരേതനായ കാരപ്പുറത്ത് രാമന്‍ നായരുടേയും പുത്തൂര്‍ മഠത്തില്‍ ശാരദമ്മയുടേയും മകനാണ്. ഒളരിക്കര നവജ്യോതി കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ അസോസിയേറ്റ് പ്രൊഫസര്‍ വി. പ്രസന്നയാണ് ഭാര്യ. ഹരിപ്രസാദ്, കൃഷ്ണപ്രസാദ് എന്നിവര്‍ മക്കള്‍. പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഇരവിമംഗലത്താണ് താമസം.