Connect with us

Kozhikode

സപ്ലൈകോ ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന വ്യാപകമായി കടകളടച്ച് അനിശ്ചിതകാല സമരം നടത്തുന്ന സപ്ലൈകോ ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലയില്‍ ജയില്‍ റോഡിലുള്ള സപ്ലൈകോയുടെ റീജ്യനല്‍ ഓഫീസിലേക്കാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.
രാവിലെ 10ന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് റീജ്യനല്‍ സപ്ലൈകോ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. കെ പി സി സി സെക്രട്ടറി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് ചന്ദ്രശേഖരന്‍, പങ്കജാക്ഷന്‍, ആര്‍ വിജയകുമാര്‍, അഡ്വ. ഹനീഫ്, പി കെ അബൂബക്കര്‍, ശൈലേഷ് കുമാര്‍ പ്രസംഗിച്ചു. സപ്ലൈകോ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നല്‍കുക, സിവില്‍ സപ്ലൈസ് ഡെപ്യൂട്ടഷന്‍ അവസാനിപ്പിക്കുക, താത്കാലിക കരാര്‍ ജീവനക്കാര്‍ക്ക് മിനിമം വേതനം നല്‍കുക, സപ്ലൈകോക്ക് സബ്‌സിഡി നല്‍കുക, പൊതു സര്‍വീസ് നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
അനിശ്ചിതകാലം സമരം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഇവര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് ജില്ലയില്‍ ബേപ്പൂര്‍, പാലക്കുറ്റി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലെ സപ്ലൈകോ ഡിപ്പോകളിലേക്ക് മാര്‍ച്ച് നടത്തും. സപ്ലൈകോക്ക് ജില്ലയില്‍ 127 സ്ഥാപനങ്ങളാണുള്ളത്. ഇതില്‍ പെട്രോള്‍ പമ്പ്, മെഡിക്കല്‍ ഷോപ്പുകള്‍ അടക്കം 80 ശതമാനം സ്ഥാപനങ്ങളും സമരത്തില്‍ പങ്കെടുക്കുന്നതായും ഇവര്‍ പറഞ്ഞു.