വയനാട്ടില്‍1129 ഏക്കര്‍ ഭൂമി പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കും: മുഖ്യമന്ത്രി

Posted on: August 20, 2014 10:33 am | Last updated: August 20, 2014 at 10:33 am

oommen chandyകല്‍പ്പറ്റ: വയനാട് ജില്ലയില്‍ വനം വകുപ്പില്‍ നിന്നും ഏറ്റെടുക്കുന്ന 1129 ഏക്കര്‍ ഭൂമി കാലവിളംബമില്ലാതെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാനന്തവാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പട്ടികവര്‍ശവികസന വകുപ്പ് നടപ്പാക്കുന്ന ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിന് പത്ത് ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന ‘ആശിക്കുന്ന ഭൂമി ആദിവാസികള്‍ക്ക് സ്വന്തം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അദ്ധ്യക്ഷയായിരുന്നു.
കേരളത്തിലെ മുഴുവന്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഭൂമിയും വീടും ലഭ്യമാക്കണമെന്നത് സര്‍ക്കാരിന്റെ വാഗ്ദാനമാണ്. ഇത് നിറവേറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈയൊരു ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതിന്റെ ഭാഗമായി 40 കോടി രൂപ ചെലവില്‍ കണ്ണൂര്‍ ജില്ലയിലെ ആറളം ഫാം സര്‍ക്കാര്‍ വിലയ്ക്ക് വാങ്ങി വിതരണം ചെയ്തു. വനാവകാശ നിയമ പ്രകാരം ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി അവര്‍ക്ക് അനുവദിക്കാന്‍ നടപടിയായി. വരുന്ന രണ്ട് വര്‍ഷംകൊണ്ട് 29,000 കുടുംബങ്ങള്‍ക്ക് കൂടി വീടുകള്‍ അനുവദിക്കും. ഇതില്‍ 20,000 ത്തോളം വീടുകള്‍ ഒരു വര്‍ഷംകൊണ്ട് തന്നെ നല്‍കും. പദ്ധതിക്ക് ഈ വര്‍ഷം ഒക്‌ടോബര്‍ മാസം തുടക്കം കുറിക്കാനാണ് പരിപാടി. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രൂപവത്ക്കരിക്കുന്ന പട്ടികവര്‍ഗ്ഗ സൊസൈറ്റികളുടെ മേല്‍നോട്ടത്തില്‍ അഴിമതിക്ക് ഒരു സാധ്യതയുമില്ലാത്ത വിധമായിരിക്കും വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. പല ഗ്രാമപഞ്ചായത്തുകളിലും ഇതിനകം തന്നെ സൊസൈറ്റികള്‍ രൂപവത്ക്കരിച്ച് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
‘ആശിക്കുന്ന ഭൂമി ആദിവാസികള്‍ക്ക് സ്വന്തം’ എന്ന പദ്ധതിക്ക് കീഴില്‍ ഭൂമിക്കായി 700 ഓളം അപേക്ഷകളാണ് ഇതിനകം ലഭിച്ചതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ച പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. ഇതില്‍ 400 പേര്‍ക്ക് ഭൂമി അനുവദിക്കാനായി. ഇതില്‍ 302 എണ്ണം വയനാട് ജില്ലയില്‍ നിന്നാണെന്നും മന്ത്രി അറിയിച്ചു.
ജനസംഖ്യാനുപാതികമായി വാര്‍ഷിക പദ്ധതിയുടെ രണ്ടു ശതമാനം തുകക്ക് മാത്രം അര്‍ഹതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് ശതമാനം തുക അനുവദിച്ചത് സര്‍ക്കാരിന് പട്ടികവര്‍ഗ്ഗ വിഭാഗ ക്ഷേമ കാര്യത്തിലുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി.വി.ടി.ജി. പദ്ധതി പ്രകാരം പണി പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം എം.ഐ.ഷാനവാസ് എം.പി. നിര്‍വ്വഹിച്ചു. പിന്നാക്ക പ്രദേശങ്ങളില്‍ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച മണ്ണുണ്ടി നേതാജി കോളനി റോഡിന്റേയും ആക്കൊല്ലിക്കുന്ന് കോളനി റോഡിന്റേയും ഉദ്ഘാടനം എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.മാനന്തവാടി ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഷോപ്പിംഗ് കോംപ്ലക്‌സ് കം ഗോഡൗണിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായ വിതരണവും ചടങ്ങില്‍ നിര്‍വ്വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.എല്‍. പൗലോസ്, മലയോര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍.ഡി. അപ്പച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ജി. ബിജു, പി.കെ. അനില്‍കുമാര്‍, എ.എസ്. വിജയ, വത്സ ചാക്കോ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി പി.കെ. അസ്മത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സില്‍വി തോമസ്, ഒ.ആര്‍. കേളു, എച്ച്.ബി. പ്രദീപ്, ലിസി ജോസ്, പി. മുഹമ്മദ്, ബിന്ദു ബാബു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ഉഷാ വിജയന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബല്‍ക്കീസ് ഉസ്മാന്‍ സന്നിഹിതരായിരുന്നു.