Connect with us

Ongoing News

വസ്തു വില്‍പ്പനക്ക് തടസ്സം: മകളും ഭര്‍ത്താവും പിതാവിന്റെ മൃതദേഹം പുറത്തെടുത്ത് കത്തിച്ചു

Published

|

Last Updated

കൊട്ടാരക്കര: വീട്ടുമുറ്റത്ത് 19 വര്‍ഷം മുമ്പ് കല്ലറ കെട്ടി അടക്കിയ മൃതദേഹം പുറത്തെടുത്ത് കത്തിച്ചു. വെട്ടിക്കവല എസ് എന്‍ നിവാസില്‍ സോമന്റെ കല്ലറയാണ് പൊളിച്ചത്. വസ്തുവില്‍പ്പന നടക്കാതായതിനെ തുടര്‍ന്ന് ഇളയ മകളും മരുമകനും ചേര്‍ന്ന് കല്ലറ പൊളിച്ച് മൃതദേഹത്തിന്റെ ശിഷ്ട ഭാഗങ്ങള്‍ കത്തിക്കുകയായിരുന്നു. മന്ത്രവാദവും ക്രിയകളും നടത്തിയതായും പറയുന്നു. സോമന്റെ ഭാര്യ വിജയമ്മയും മറ്റു മക്കളും നല്‍കിയ പരാതിയെ തുടര്‍ന്ന് കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തന്റെ മരണ ശേഷം കല്ലറ കെട്ടി അടക്കണമെന്ന് അബ്കാരി കരാറുകാരനായിരുന്ന സോമന്‍ നേരത്തേ തന്നെ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഹൃദയാഘാതം മൂലം സോമന്‍ മരിച്ചപ്പോള്‍ ബന്ധുക്കള്‍ വീട്ടുവളപ്പില്‍ തന്നെ കല്ലറ പണിത് ഇതില്‍ അടക്കി. വിജയമ്മ ഇവിടെ നിത്യവും വിളക്ക് കൊളുത്താറുണ്ട്.
എന്നാല്‍ വസ്തുവകകള്‍ ഭാഗം വെച്ചപ്പോള്‍ ഇളയ മകള്‍ ശുഭാ റാണിക്കാണ് കല്ലറയും വീടും ഉള്‍പ്പെടുന്ന 40 സെന്റ് സ്ഥലം നല്‍കിയത്. ഈ സ്ഥലം വെച്ച് ബേങ്ക് വായ്പയെടുക്കാനെന്ന വ്യാജേന വിജയമ്മയുടെ പൂര്‍ണ അവകാശം കൂടി കഴിഞ്ഞ ദിവസം എഴുതി വാങ്ങിയ ശേഷമായിരുന്നു ഇവര്‍ ഇല്ലാത്ത ദിവസം നോക്കി കല്ലറ പൊളിച്ചത്. ശുഭാ റാണിയും ഭര്‍ത്താവ് രാഗേഷും ചേര്‍ന്നാണ് മറ്റ് ബന്ധുക്കള്‍ അറിയാതെ കല്ലറ പൊളിക്കാന്‍ നേതൃത്വം നല്‍കിയത്. ഇവിടെത്തന്നെ തൊട്ടടുത്തായി ഹോമകുണ്ഡം ഒരുക്കി പൂജാകര്‍മങ്ങള്‍ നടത്തിയ ശേഷം മൃതദേഹം പുറത്തെടുത്ത് കത്തിക്കുകയായിരുന്നു.
വിജയമ്മ കഴിഞ്ഞ ദിവസം വിളക്ക് കൊളുത്താനായി എത്തിയപ്പോഴാണ് കല്ലറ പൊളിച്ച വിവരം അറിഞ്ഞത്. പിന്നീട് കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചതായി ഇവര്‍ ആരോപിക്കുന്നു. ശുഭാറാണിയുടെയും രാഗേഷിന്റെയും ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് കല്ലറ പൊളിച്ച് മാറ്റിയതില്‍ അപാകം ഇല്ലെന്നാണ് എസ് ഐ രാജേഷ് പറയുന്നത്.