Connect with us

Ongoing News

ബ്ലാക്ക് മെയില്‍ പെണ്‍വാണിഭം: പോലീസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കി

Published

|

Last Updated

തിരുവനന്തപുരം/കൊച്ചി: ബ്ലാക്ക് മെയില്‍ കേസ് പ്രതികളായ ബിന്ധ്യാ, റുക്‌സാന എന്നിവരെപ്പറ്റി മനുഷ്യാവകാശ കമ്മീഷന് പോലീസ് നല്‍കിയ റിപോര്‍ട്ട് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി ബിന്ധ്യയുടേയും റുക്‌സാനയുടേയും അഭിഭാഷകന് നല്‍കി. പോലീസ് റിപോര്‍ട്ടിന്റെ പകര്‍പ്പാണ് അഭിഭാഷകന് നല്‍കിയത്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കാനും മനുഷ്യാവകാശ കമ്മീഷന്‍ അഭിഭാഷകനോട് നിര്‍ദേശിച്ചു.
പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നതായി ബിന്ധ്യയും റുക്‌സാനയും മനുഷ്യാവകാശ കമ്മീഷന് കഴിഞ്ഞ മാസം പരാതി നല്‍കിയിരുന്നു. എറണാകുളത്തെ പോലീസിനെക്കൊണ്ട് സംഭവം അന്വേഷിപ്പിക്കേണ്ടതില്ലെന്ന് ഡി ജി പിയോട് ആവശ്യപ്പെട്ടതിനാല്‍ കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപോര്‍ട്ടാണ് ഇന്നലെ ഫയലില്‍ സ്വീകരിച്ചതെന്ന് മനുഷ്യാവകാശ ചെയര്‍മാന്‍ ജെബി കോശി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടില്‍ ബിന്ധ്യയുടേയും റുക്‌സാനയുടേയും പരാതിയില്‍ കഴമ്പില്ലെന്നാണ് കൊല്ലം ജില്ലാ പോലീസ് മേധാവി ബോധിപ്പിച്ചിട്ടുള്ളത്. ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരും പോലീസ് സ്റ്റേഷനില്‍ ശാരീരിക മാനസിക പീഡനം ഏല്‍പ്പിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. സെപ്റ്റംബര്‍ 26ന് കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിശോധിക്കും.
അതേസമയം ബിന്ധ്യാസ്, റുക്‌സാന എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്നത്തേക്ക് മാറ്റി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹരജി മാറ്റിയത്. പ്രതികളുടെ അഭിഭാഷകനായ അഡ്വ. സൂരജ്കൃഷ്ണ ഇന്നലെ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി നടപടി.
പിരപ്പന്‍കോട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്. മുഖ്യപ്രതി ജയചന്ദ്രനെ പോലീസ് കസ്റ്റഡിക്ക് ശേഷം കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് അടുത്ത മാസം രണ്ടാം തീയതി വരെ റിമാന്‍ഡ് ചെയ്തത്. തുമ്പ പെണ്‍വാണിഭക്കേസിന്റെ അന്വേഷണത്തിനായി തിങ്കളാഴ്ചയാണ് ഇയാളെ കസ്റ്റഡിയില്‍ നല്‍കിയത്. തുടര്‍ന്ന് നിര്‍ഭയ കേന്ദ്രത്തിലും കുടപ്പനക്കുന്നില്‍ പീഡനം നടന്ന വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. മെഡിക്കല്‍ കോളജ് സി ഐ ഷീന്‍ തറയിലിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. നിര്‍ഭയ കേന്ദ്രത്തിലെത്തിച്ച ജയചന്ദ്രനെ പീഡനത്തിനിരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
2013ല്‍ ജോലി തേടി തിരുവന്തപുരത്തെത്തിയ കാസര്‍കോഡ് സ്വദേശിനിയെ ദിവസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കി എന്നതാണ് കേസ്. കേസിലെ 17 പ്രതികളില്‍ 13 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Latest