Connect with us

Articles

ഹിന്ദുക്കളും ഇന്ത്യക്കാരും

Published

|

Last Updated

“ഹിന്ദുസ്ഥാനി”കളെ “ഹിന്ദുക്കള്‍” എന്ന് വിളിക്കണമെന്ന ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ അഭിപ്രായത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ഒഡീഷയിലെ കട്ടക്കില്‍ ഒരു ഒഡിയ വാരികയുടെ സുവര്‍ണ ജൂബിലി ആഘോഷച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് ഭഗവത് ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തിയതെങ്കിലും ആര്‍ എസ് എസിനും ഹിന്ദുത്വവാദികള്‍ക്കും അങ്ങനെയൊരഭിപ്രായം നേരത്തെ തന്നെയുള്ളതാണ്. ഇപ്പോള്‍ കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ ബി ജെ പി ഭരണം കൈയാളുന്നതിനാല്‍ അത് കൂടുതല്‍ വ്യക്തമായി മുഴങ്ങിക്കേള്‍ക്കുന്നുവെന്നേയുള്ളൂ.
ഇംഗ്ലണ്ടില്‍ അധിവസിക്കുന്നവരെ ഇംഗ്ലീഷുകാരെന്നും ജര്‍മനിയിലെ ജനങ്ങളെ ജര്‍മന്‍കാരെന്നും അമേരിക്കന്‍ പൗരന്മാരെ അമേരിക്കരെന്നും വിളിക്കുന്നതു പോലെ ഹിന്ദുസ്ഥാനിലെ ജനങ്ങളെ “ഹിന്ദുക്കള്‍” എന്ന് വിളിക്കണമെന്നാണ് മോഹന്‍ ഭഗവത് പറയുന്നത്. ഇന്ത്യയുടെ ഭരണഘടന അഥവാ Tha Constitution of India എന്നാണ് നമ്മുടെ ഭരണഘടന വിളിക്കപ്പെടുന്നത്. Tha Constitution of Hindusthan എന്നല്ല. ഭരണഘടനയുടെ സുപ്രധാനമായ പീഠിക തുടങ്ങുന്നത് WE, THE PEOPLE OF INDIA എന്നുപറഞ്ഞുകൊണ്ടാണ്. “ഹിന്ദുസ്ഥാന”ത്തെയും “ഹിന്ദു”ക്കളെയും മോഹന്‍ ഭഗവത് അര്‍ഥമാക്കുന്നതുപോലെ ഇന്ത്യയുടെ ഭരണഘടന ഉള്‍ക്കൊണ്ടിട്ടില്ലെന്ന് വ്യക്തം.
പല ദേശീയതകളാണെങ്കിലും ഒരൊറ്റ ദേശമായി കൂടിച്ചേര്‍ന്നിരിക്കുകയാണ് ഇന്ത്യയെന്നും ഒരൊറ്റ ദേശീയതയാണെങ്കിലും പല ദേശങ്ങളായി ചിതറിയിരിക്കുന്നതാണ് യൂറോപ്പിന്റെ സ്ഥിതിവിശേഷമെന്നും കവി രവീന്ദ്രനാഥ ടാഗോര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷുകാര്‍, ജര്‍മന്‍കാര്‍ തുടങ്ങിയ ദേശീയതാ സംജ്ഞകള്‍ (Nationality Words) അതത് ദേശീയത കളുമായി ബന്ധപ്പെട്ടുള്ളതാണല്ലോ. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ വിഭിന്ന ദേശീയതകള്‍, അവയുമായി ബന്ധപ്പെട്ട ജനങ്ങള്‍, ആ പേരുകളിലാകട്ടെ അറിയപ്പെടുന്നത് എന്ന് പറയാന്‍ ഭഗവത് ഒരുമ്പെടുമോ? “ഹിന്ദുസ്ഥാനി”ലെ “ഹിന്ദു”ക്കള്‍ അവര്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നവരോ, ഒരു മതത്തിലും വിശ്വസിക്കാത്തവരോ ആകാമെന്നും ആര്‍ എസ് എസ് മേധാവി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ പിന്നെ അത്തരം വളച്ചുകെട്ടലുകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമൊന്നും പോകാതെ പല മതവിശ്വാസികളും നിരീശ്വരവാദികളും അടങ്ങുന്നവരാണ് ഇന്ത്യയിലെ ജനങ്ങളായ ഇന്ത്യക്കാര്‍ എന്നങ്ങ് പറഞ്ഞാല്‍ പോരേ?
കേന്ദ്രമിപ്പോള്‍ ദേശീയ ജനാധിപത്യ സഖ്യമാണ് ഭരിക്കുന്നതെങ്കിലും ആരെയും കൂട്ടുപിടിക്കാതെ ഭരണം നടത്താന്‍ വേണ്ട ഭൂരിപക്ഷം ബി ജെ പിക്ക് മാത്രമായി തന്നെയുണ്ട്. രാജ്യസഭയില്‍ കൂടി ഭൂരിപക്ഷം നേടുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ബി ജെ പി വ്യക്തമാക്കിക്കഴിഞ്ഞു. തങ്ങള്‍ക്ക് ഒറ്റക്ക് ഭരിക്കാന്‍ വേണ്ടത്ര ഭൂരിപക്ഷം കിട്ടുമ്പോള്‍ മാത്രമേ തങ്ങളുടെ സ്വന്തം അജന്‍ഡ രാജ്യത്ത് നടപ്പാക്കുകയുള്ളൂവെന്ന് തരം കിട്ടുമ്പോഴൊക്കെ ആ കക്ഷി പറയുന്നു. പോരെങ്കില്‍ ഇപ്പോള്‍ ബി ജെ പിയിലെ മിതവാദികളായ വര്‍ഗീയവാദികളെ ക്രമേണ ഒതുക്കുക എന്ന ലക്ഷ്യത്തോടെ ആര്‍ എസ് എസില്‍ നിന്ന് പലരും പാര്‍ട്ടിയിലേക്ക് കൂട് മാറിക്കൊണ്ടിരിക്കുകയുമാണ്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെയെല്ലാം ഹിന്ദുക്കള്‍ എന്ന് വിളിക്കണം എന്നതുപോലുള്ള തീട്ടൂരങ്ങള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളില്‍ പ്രത്യേകിച്ചും ആശങ്ക വളര്‍ത്തുകയില്ല എന്ന് പറയാനൊക്കുമോ?
ബി ജെ പി അധികാരത്തിലെത്തി കഷ്ടിച്ച് മൂന്ന് മാസമായില്ല; അതിനകം തന്നെ ഇന്ത്യന്‍ വിദ്യാഭ്യാസത്തെ പാടെ “ഭാരതവത്കരിക്കാന്‍” വേണ്ട ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന റിട്ടയേര്‍ഡ് സ്‌കൂള്‍ അധ്യാപകന്‍ ദീനനാഥ് ബത്രയെ സംബന്ധിച്ച വാര്‍ത്തകള്‍ വന്നു. ആ വാര്‍ത്തയുടെ ചൂടാറിയില്ല; അപ്പോള്‍ അതാ വരുന്നു സുപ്രീം കോടിതിയില്‍ ജഡ്ജി ആയ എ ആര്‍ ദവെയുടെതായ ഒരു അഭീഷ്ട പ്രകടനം: ” താന്‍ ഒരു സ്വേച്ഛാധിപതിയായിരുന്നെങ്കില്‍ ഇന്ത്യയിലെ വിദ്യാര്‍ഥികളെ ഒന്നാം ക്ലാസ് മുതല്‍ തന്നെ മഹാഭാരതവും ഭഗവത്ഗീതയും പഠിപ്പിക്കുമായിരുന്നു” എന്ന്. ഇതിനൊക്കെ പുറമെയാണ് മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില ഫയലുകള്‍ നശിപ്പിക്കപ്പെട്ടു എന്ന ആരോപണം.
ആകെ നോക്കുമ്പോള്‍ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയതിന്റെ മത്ത് പിടിച്ച് ബി ജെ പിയും പരിവാറിലെ മറ്റ് കക്ഷികളുമെല്ലാം ചേര്‍ന്ന് ഇന്ത്യയുടെ ചരിത്രത്തെയും മതേതര ഘടനയെയും തകിടം മറിക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയല്ലേ എന്ന സംശയം ഇന്ത്യയുടെ ഭാവിയില്‍ ഉത്കണ്ഠയുള്ള ഓരോരുത്തരിലും പ്രബലമാണ്. വര്‍ഗീയതയെ ഒരു പ്രത്യയശാസ്ത്രമായി കണ്ടുകൊണ്ടും വര്‍ഗീയ ശക്തികളോട് ഉദാസീന സമീപനം പുലര്‍ത്താതെയും ജാഗ്രത പുലര്‍ത്തേണ്ടത് ഇത്തരുണത്തില്‍ മതേതര ശക്തികളുടെ കടമയാണ്.

Latest