അടച്ചിട്ട ബാറുകളില്‍ പരിശോധന ആരംഭിച്ചു

Posted on: August 20, 2014 5:00 am | Last updated: August 20, 2014 at 12:00 am

തിരുവനന്തപുരം: സംസ്ഥാനത്തെ അടച്ചിട്ട ബാറുകളില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം എക്‌സൈസ് വകുപ്പ് നിലവാര പരിശോധന തുടങ്ങി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് സി ഐമാര്‍ അടങ്ങുന്ന സംഘമാണ് ബാറുകളില്‍ നേരിട്ടെത്തി പരിശോധന നടത്തുന്നത്.

കേന്ദ്ര ടൂറിസം മന്ത്രാലയം നിര്‍ദേശിക്കുന്ന മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന പരിശോധനയാണ് 418 ബാറുകളിലും നടന്നുവരുന്നത്. നിലവാരം നിശ്ചയിക്കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അപ്രൂവല്‍ ആന്‍ഡ് ക്ലാസിഫിക്കേഷന്‍ കമ്മിറ്റി (എച്ച് ആര്‍ എ സി സി) പുറത്തിറക്കിയ 36 പേജുള്ള ചോദ്യാവലി അനുസരിച്ചാണ് പരിശോധന. ചോദ്യാവലിയില്‍ പറയുന്ന സൗകര്യങ്ങള്‍ പൂട്ടിക്കിടക്കുന്ന ബാറുകളിലുണ്ടെങ്കില്‍ അതനുസരിച്ചുള്ള മാര്‍ക്ക് നല്‍കും. ബാറുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് നേടണം. മാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ സംസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കുലര്‍ വിതരണം ചെയ്തിട്ടുണ്ട്. നികുതി വകുപ്പ് സെക്രട്ടറിയും എക്‌സൈസ് കമ്മീഷണറും ചേര്‍ന്നാണ് ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. 55 മാര്‍ക്ക് ലഭിച്ചാല്‍ ടു സ്റ്റാര്‍ പദവിയും, 65 മാര്‍ക്ക് നേടിയാല്‍ ത്രീ സ്റ്റാറും 75 മാര്‍ക്ക് കിട്ടിയാല്‍ ഫോര്‍ സ്റ്റാറും 85 മാര്‍ക്ക് കിട്ടിയാല്‍ ഫൈവ് സ്റ്റാറും പദവി നല്‍കാനാണ് തീരുമാനം. പരിശോധനയുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പൂട്ടിയ ബാറുകളില്‍ നിലവാരമുയര്‍ത്തുന്നതിനുള്ള മോടി പിടിപ്പിക്കല്‍ തകൃതിയായി നടന്നിരുന്നു.
മാനദണ്ഡം പാലിച്ചാണോ ബാറുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുന്നതിനായി ഓരോ മുറിയും പ്രത്യേകം അളന്നുതിരിച്ചാണ് പരിശോധന. ഓരോ ദിവസവും പൂര്‍ത്തിയാക്കുന്ന പരിശോധനാഫലം അടുത്ത ദിവസം ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് കൈമാറണം. ഏതെങ്കിലും ബാറുകളുടെ പരിശോധനയില്‍ അപാകങ്ങളുണ്ടെന്ന് സംശയമുണ്ടായാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നേരിട്ടെത്തി വീണ്ടും പരിശോധന നടത്തും. പരിശോധനാഫലം അതീവ രഹസ്യമായി സൂക്ഷിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് എക്‌സൈസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 23ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓരോ ജില്ലയിലെയും പരിശോധനാ റിപ്പോര്‍ട്ടുകള്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറും. 25ന് സീല്‍ വെച്ച കവറില്‍ എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. 103 ബാറുകള്‍ പൂട്ടിക്കിടക്കുന്ന എറണാകുളം ജില്ലയില്‍ നാല് സംഘങ്ങളായാണ് എക്‌സൈസ് പരിശോധന ആരംഭിച്ചത്. തിരുവനന്തപുരത്ത് പൂട്ടിക്കിടക്കുന്ന 56 ബാറുകളിലാണ് എക്‌സൈസ് വകുപ്പ് പരിശോധന നടത്തുന്നത്. ഓരോ ബാറും പ്രത്യേകം പരിശോധിച്ച് ഈ മാസം 26ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബാറുകളുടെ നിലവാര റിപ്പോര്‍ട്ടിനൊപ്പം സര്‍ക്കാറിന്റെ മദ്യനയവും നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം.