Connect with us

Malappuram

ശകുന്തളയെ കൊലപ്പെടുത്തിയത് പൂജാരിയാണെന്നതിന് കൂടുതല്‍ തെളിവുകള്‍

Published

|

Last Updated

കൊണ്ടോട്ടി: കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴിക്കടുത്ത് ചവറംമൂഴി പുഴയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയ പുളിക്കല്‍ അരൂര്‍ നീരോല്പ്പില്‍ പരേതനായ മനോഹരന്റെ ഭാര്യ ശകുന്തള (46)യെ കൊലപ്പെടുത്തിയത് പൂജാരിയാണെന്നതിന് കൂടുതല്‍ തെളിവുകള്‍. പൂജാരിയുടെ ഭാര്യയും സംഭവത്തില്‍ പങ്കാളിയാണെന്നാണറിയുന്നത്. ഇവര്‍ രണ്ട് പേരും പോലീസ് കസ്റ്റഡിയിലാണുള്ളത്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ശകുന്തളയുടെ വീട്ടില്‍ നിന്നും നിധിയെടുത്തുതരാമെന്ന് പറഞ്ഞാണ് പൂജാരി ഇവരെ വിളിച്ചു വരുത്തിയതെന്നും കൈയിലുള്ള പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായും സൂചനയുണ്ട്. ഭാര്യയുടെ സഹായത്തോടെയാണ് മൃതദേഹം ചാക്കില്‍ കെട്ടി പുഴയില്‍ തള്ളിയതെന്നും പറയപ്പെടുന്നു. സിയാംകണ്ടം സ്വദേശിയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമില്ല.
പുളിക്കല്‍ എ എം എം ഹൈസ്‌കൂളിലെ പാചകക്കാരിയായ ശകുന്തള കഴിഞ്ഞ 12ന് രാവിലെ ക്ഷേത്രത്തിലേക്കാണെന്ന് പറഞ്ഞാണ് പുറത്തിറങ്ങിയത്. എന്നാല്‍ പിന്നീട് ഒരു വിവരവും ലഭിക്കാതായതോടെ ബന്ധുക്കള്‍ കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് പെരുവണ്ണാമൂഴിക്കടുത്ത് ചവറംമൂഴി പുഴയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം അഴുകിയ കണ്ടെത്തിയത്.
കാണാതാകുന്നതിന് നാല് ദിവസം മുമ്പ് ഇവരുടെ വീട്ടില്‍ പൂജ നടന്നിരുന്നു. നിധി പുറത്തെടുക്കുന്നതിന് പൂജാരി ഇവരില്‍ നിന്ന് പണവും കൈപറ്റിയിട്ടുണ്ട്. പെരുവണ്ണാമൂഴിപൊലീസും കൊണ്ടോട്ടി പോലീസും സംയുക്തമായാണ് അന്വേഷണം നടത്തി വരുന്നത്.
ഒന്നര വര്‍ഷം മുമ്പാണ് പൂജാരി ആന്തിയൂര്‍കുന്ന് ക്ഷേത്രത്തില്‍ പൂജാരിയായി എത്തുന്നത്. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.