Connect with us

Kasargod

വ്യാപാരികളുടെ കടയടപ്പ് സമരം നാളെ

Published

|

Last Updated

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി നാളെ കടകള്‍ അടച്ച് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണാസമരവും നടത്തും.
ഇ ഡിക്ലറേഷന്‍ സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ ആരംഭിച്ച വ്യാപാരി ദ്രോഹ നടപടികള്‍ നിര്‍ത്തലാക്കുക, ടെക്‌സ്റ്റൈല്‍ വ്യാപാരികള്‍ക്കു്‌മേല്‍ ചുമത്തിയ വില്‍പ്പന നികുതി റദ്ദാക്കുക, വ്യാപാര ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിപ്പിച്ച വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കുക, കരിങ്കല്‍ ക്വാറി-ക്രഷര്‍-ചെങ്കല്‍ ക്വാറി മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കുക, നിര്‍മാണ പ്രവര്‍ത്തന മേഖലയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം.
കാസര്‍കോട് യൂണിറ്റിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അന്നേദിവസം അടച്ച് വ്യാപാരികള്‍ രാവിലെ പത്ത് മണിക്ക് ഗവ: കോളജ് പരിസരത്തുനിന്നും ആരംഭിക്കുന്ന പ്രകടനത്തിലും തുടര്‍ന്ന് കലക്ടറേറ്റ് പരിസരത്ത് നടക്കുന്ന ധര്‍ണാ സമരത്തിലും പങ്കെടുക്കണമെന്ന് കാസര്‍കോട് യൂണിറ്റ് പ്രസിഡന്റ് എ കെ മൊയ്തീന്‍കുഞ്ഞി, ജനറല്‍ സെക്രട്ടറി നാഗേഷ് ഷെട്ടി, ട്രഷറര്‍ അഷ്‌റഫ് സുല്‍സണ്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
കടയടപ്പ് സമരവും കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണവും വിജയിപ്പിക്കാന്‍ മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖല കമ്മിറ്റി യോഗം തീരുമാനിച്ചു. മുഴുവന്‍ മൊബൈല്‍ വ്യാപാരികളും അന്നേ ദിവസം കടകളടച്ച് മാര്‍ച്ചും ധര്‍ണയിലും സംബന്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അബ്ദുറഹ്മാന്‍ ചൗക്കി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് സെല്‍കിംഗ് സ്വാഗതം പറഞ്ഞു. ഉല്ലാസ് ബോവിക്കാനം, അലി ഉളിയത്തടുക്ക, സൈനു ബോവിക്കാനം, ഫൈസല്‍ കുന്നില്‍, ഷാനവാസ് 123, അഷ്‌റഫ് വിദ്യാനഗര്‍, മാഹിന്‍ ചക്കരബസാര്‍, ജംഷി ഇഷാം, ജനാര്‍ദ്ദനന്‍, കലന്തര്‍ ലിംറാസ് എന്നിവര്‍ പ്രസംഗിച്ചു.
സമരത്തില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ജില്ലയിലെ മുഴുവന്‍ വിതരണ വ്യാപാരികള്‍ കടകളടച്ചും വിതരണ വാഹനങ്ങള്‍ നിരത്തിലിറക്കാതെയും സമരം വിജയിപ്പിക്കാന്‍ ഓള്‍ കേരളാ ഡ്രിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍(എ കെ ഡി എ) ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

Latest