Connect with us

Wayanad

സൂക്ഷ്മ കൃഷി: കര്‍ഷകര്‍ പ്രതീക്ഷ കൈവിടുന്നു

Published

|

Last Updated

കല്‍പ്പറ്റ: മുമ്പ് പല പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ട കര്‍ഷകര്‍ സൂക്ഷ്മ കൃഷിയിലും ഏതാണ്ട് പ്രതീക്ഷ വിട്ട മട്ടാണ്. പുതിയ കൃഷിരീതി പരീക്ഷണത്തിന് മുതിര്‍ന്ന പല കര്‍ഷകരും അങ്കലാപ്പിലുമാണ്.
ഓരോ സമയത്തും ലഭിക്കേണ്ട സാങ്കേതിക ഉപദേശം നല്‍കാന്‍ വിദഗ്ധരില്ലാത്താണ് കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നത്. വയനാടിന്റെ കാലാവസ്ഥ അനുഗുണമല്ലാത്തതും തലവേദനയാകുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇസ്‌റാഈലില്‍ പരീക്ഷിച്ച കൃഷി രീതി തമിഴ്‌നാടും കര്‍ണാടകയും ഏറ്റെടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കേരളത്തിന്റെ മണ്ണിലെത്തിയത്. രോഗം ബാധിച്ച് ജില്ലയിലെ പ്രധാന വിളകളായ കാപ്പിയും കുരുമുളകും നശിച്ചും വിലതകര്‍ച്ചയിലും പ്രതിസന്ധിയിലായ കര്‍ഷകര്‍ രക്ഷാമാര്‍ഗമെന്ന നിലയിലാണ് സൂക്ഷ്മ കൃഷി തുടങ്ങിയത്. സൂക്ഷ്മ കൃഷിയുടെ ഏറ്റവും പ്രധാന ഘടകമായ പോളിഹൗസ് നിര്‍മാണത്തിന് സര്‍ക്കാര്‍ വന്‍ തുക സബ്‌സിഡി കൂടി പ്രഖ്യാപിച്ചതോടെ കര്‍ഷകര്‍ പരീക്ഷണത്തിന് മുന്നിട്ടിറങ്ങി.
പോളിഹൗസ് നിര്‍മാണചെലവിന്റെ 75 ശതമാനം തുകയാണ് സര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിക്കുന്നത്. ഒരു സെന്റ് മുതല്‍ ഒരേക്കര്‍ വരെകൃഷി ചെയ്യാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കും. ഒരു സെന്റ് മുതല്‍ 10 സെന്റുവരെ കൃഷി ചെയ്യാന്‍ 50 ശതമാനവും 10 സെന്റ് മുതല്‍ ഒരേക്കര്‍ വരെയുളള കൃഷിക്ക് 75 ശതമാനവുമാണ് സബ്‌സസിഡി നല്‍കുന്നത്. ജില്ലയില്‍ ഏതാണ്ട് 90 കര്‍ഷകര്‍ സുക്ഷ്മ കൃഷി ചെയ്യുന്നതായി ഹോര്‍ടി കള്‍ച്ചര്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അലക്‌സ് സി മാത്യു പറഞ്ഞു. വേണ്ടത്ര പഠനം നടത്താതെ കൃഷി ചെയ്യുന്നതിനാലാണ് വിജയിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
രോഗബാധ കാണുമ്പോള്‍ തന്നെ ചികിത്സ നല്‍കണം. അതിന് കര്‍ഷകര്‍ക്ക് പലപ്പോഴും കഴിയാറില്ല.യു വി സ്‌റെറ്റബിലൈസ്ഡ് പോളിത്തീന്‍ ഫിലിം കൊണ്ട് നിര്‍മിച്ച പോളി ഹൗസുകളുടെ മേല്‍ക്കൂര വയനാടന്‍ കാലാവസ്ഥയില്‍ പെട്ടെന്ന് പായല്‍ പിടിക്കുന്നത് ചെടികള്‍ക്ക് ഭീഷണിയാണ്. ഇവ ഇടക്കിടെ വൃത്തിയാക്കണം. വയനാടന്‍ മണ്ണില്‍ അമ്ലത കൂടുതലാണ്. ഇത് കുറക്കാന്‍ ജൈവ ജീവാണു പ്രയോഗം നടത്തി മണ്ണ് ശരിയായ രീതിയില്‍ പാകപ്പെടുത്തിയെടുക്കണം. വേനല്‍ കാലത്ത് ചൂട് കൂടുമ്പോള്‍ പോളി ഹൗസിനുള്ളിലെ ചൂട് ക്രമീകരിക്കാന്‍ കഴിയാത്തതും കൃഷിയെ ദോഷകരമായി ബാധിക്കുന്നുണ്ട്. മഴ നേരിട്ട് കൊള്ളാത്തതിനാല്‍ കൃത്യമായ അളവില്‍ വളപ്രയോഗം നടത്തിയില്ലെങ്കിലും മണ്ണിലെ ലവണാംശം കൂടി ചെടികള്‍ക്ക് രോഗം ബാധിക്കും.
അതേ സമയം ഉയര്‍ന്ന ഗുണനിലവാരമുള്ള സങ്കരയിനം വിത്തുകളും ചെടികളും മാത്രമേ സൂക്ഷ്മ കൃഷിയില്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന് ഈ കൃഷി നേരത്തെ ചെയ്ത് വിജയിപ്പിച്ച വിനയന്‍ പറയുന്നു. നല്ല വിത്തിനങ്ങള്‍ കിട്ടാന്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കണം. മൈസൂരില്‍ നിന്നും മറ്റുമെത്തിക്കുന്ന വിത്തുകളാണ് സൂക്ഷ്മ കൃഷിക്ക് അനുയോജ്യം. എന്നാല്‍ അവക്ക്കൂടിയ വില നല്‍കേണ്ടിവരുന്നു. ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടുന്നുമില്ല.
പോളി ഹൗസ് നിര്‍മാണത്തിന്റെ പേരില്‍ ചില ഏജന്‍സികള്‍ കര്‍ഷകരെ ചുഷണം ചെയ്യുന്നതായും ആരോപണമുണ്ട്. ഒരു ചതുരശ്ര അടി പോളി ഹൗസ് നിര്‍മാണത്തിന് 700800 രൂപ ഈടാക്കുമ്പോള്‍ ഈ കമ്പനികള്‍ 10002000 രൂപ വരെ ഈടാക്കുന്നുണ്ടത്ര. ലാഭമുണ്ടാക്കാമെന്ന് കര്‍ഷകരെ മോഹിപ്പിച്ച് കമ്പനികള്‍ നേട്ടമുണ്ടാക്കുമ്പോള്‍ വേണ്ടത്ര പഠനം നടത്താതെ കൃഷിയിലേക്ക് എടുത്ത് ചാടിയ കര്‍ഷകര്‍ പ്രതിസന്ധിയിലാകുകയാണ്. ലക്ഷങ്ങള്‍ വായ്പയെടുത്ത് കൃഷി ഇറക്കിയ കര്‍ഷകര്‍ പ്രതീക്ഷിച്ച ലാഭം കിട്ടാതെ ഇപ്പോള്‍ ദുരിതത്തിലുമാണ്. കര്‍ഷകര്‍ക് പ്രയോജനപ്പെടാതെ സൂക്ഷ്മ കൃഷി. അധിക ഉല്‍പാദനവും ലാഭവും ഉറപ്പ് നല്‍കുന്ന സൂക്ഷ്മ കൃഷിക്ക് അനുവദിച്ച ലക്ഷങ്ങളാണ് ഉപയോഗിക്കാതെ പാഴാകുന്നത്. വിവിധ പദ്ധതികളിലായി അനുവദിക്കുന്ന ലക്ഷങ്ങളാണ് വര്‍ഷം തോറും ഉപയോഗിക്കാത്തത്. 201314 സാമ്പത്തികവര്‍ഷത്തില്‍ അനുവദിച്ച 60 ലക്ഷം രൂപയില്‍ ചെലവിട്ടത് 2,72000 രൂപ മാത്രമാണ്.
56,48,000 രൂപ പാഴായി. 201213 സാമ്പത്തിക വര്‍ഷം 2,59,25,000 രൂപ അനുവദിച്ചതില്‍ ചെലവിട്ടത് 1,01,23925 രൂപ മാത്രം.ശാസ്ത്രീയ പഠനവും പരിചരണവും ആവശ്യമുള്ള കൃഷി സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നുവെന്നാണ് തുക പാഴാവുന്നതിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.