Connect with us

Kerala

കെ എം എം എല്‍ കോടികളുടെ നഷ്ടം നേരിടുന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്

Published

|

Last Updated

കൊല്ലം: വാതക ചോര്‍ച്ചയെ തുടര്‍ന്ന് പ്രവര്‍ത്തനം അവതാളത്തിലായ കൊല്ലം ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ (കെ എം എം എല്‍) ജീവനക്കാരുടെ അനാസ്ഥ കൊണ്ട് മാത്രം നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണെന്ന് റിപ്പോര്‍ട്ട്. രജിസ്റ്റാര്‍ ഓഫ് കമ്പനീസ് നിയോഗിച്ച സ്റ്റാറ്റിയൂട്ടറി ഓഡിറ്റേഴ്‌സിന്റെ ഓഡിറ്റിംഗിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. നികുതി ഇനത്തില്‍ മാത്രം 23 കോടിയില്‍പരം രൂപ കെ എം എം എല്ലിന് ബാധ്യതയുണ്ടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയതിനെയും റിപ്പോര്‍ട്ടില്‍ വിമര്‍ശമുണ്ട്. 2013-14 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശങ്ങളുള്ളത്.

കെ എം എം എല്ലിലെ മാനേജ്‌മെന്റിനെതിരെ വാതക ചോര്‍ച്ച അന്വേഷിച്ച എ ഡി ജി പി. എ ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പോലും രൂക്ഷ വിമര്‍ശമാണുയര്‍ത്തിയിരുന്നത്. ഇത് ശരിവെക്കുന്നതാണ് 2013-14 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. രജിസ്റ്റാര്‍ ഓഫ് കമ്പനീസ് നിയോഗിച്ച സ്റ്റാറ്റിയൂട്ടറി ഓഡിറ്റേഴ്‌സായ ശ്രീധര്‍ ആന്‍ഡ് കമ്പനീസിന്റെ കണ്ടെത്തല്‍ പ്രകാരം സാമ്പത്തിക വിഭാഗത്തിന്റെ പിടിപ്പുകേട് കൊണ്ട് മാത്രം കമ്പനിക്ക് നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണ്. മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ 2013ലും 2014ലും സെയില്‍ ടാക്‌സ് ഇനത്തില്‍ മാത്രം 23 കോടി 81 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് കെ എം എം എല്ലിന് ഉണ്ടായിരിക്കുന്നതെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പനിക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും ഉപകരണങ്ങളും വാങ്ങിയതിന്റെ വിശദമായ രേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ ഇവയുടെ ശരിയായ രീതിയിലുള്ള ഓഡിറ്റ് നടത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഫോം 21 സി സി പ്രകാരം കമ്പനിക്ക് തിരികെ കിട്ടേണ്ട ആറ് കോടിയിലധികം രൂപ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയതിനെയും വിമര്‍ശിക്കുന്നുണ്ട്. ജൂലൈ മാസം വരെയുള്ള വിവരങ്ങളാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്.