Connect with us

Kerala

ഹജ്ജ് യാത്ര 14ന് തുടങ്ങും

Published

|

Last Updated

HAJJ 2014കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്കുള്ള വിമാന സമയ പട്ടികയായി. സെപ്തംബര്‍ പതിനാലിന് ആരംഭിക്കുന്ന യാത്ര 28ന് സമാപിക്കും. പതിനഞ്ച് ദിവസങ്ങളിലായി പത്തൊമ്പത് വിമാനങ്ങളാണ് സര്‍വീസ് നടത്തുക. 350 ഹാജിമാര്‍ വീതമായിരിക്കും ഓരോ വിമാനത്തിലും യാത്ര തിരിക്കുക.

സെപ്തംബര്‍ 14, 15, 17, 18, 19, 21, 22, 23, 25, 26, 27 തീയതികളില്‍ ഒരോ വിമാനവും 16, 20, 24, 28 തീയതികളില്‍ രണ്ട് വീതം വിമാനങ്ങളും സര്‍വീസ് നടത്തും. ആദ്യ വിമാനം 4.35നാണ് യാത്ര പുറപ്പെടുക. ഒരു വിമാനം മാത്രമുള്ള മിക്ക ദിവസങ്ങളിലും വൈകീട്ട് 4:35 നായിരിക്കും വിമാനം യാത്ര പുറപ്പെടുക. 18, 19, 23 ദിവസങ്ങളില്‍ 4.05നാകുമിത്. രണ്ട് വിമാനങ്ങളുള്ള ദിവസങ്ങളില്‍ രണ്ടാമത്തെ വിമാനം 4.35നാണ് പുറപ്പെടുക. ഈ ദിവസങ്ങളില്‍ ആദ്യ വിമാനം 16ന് 12.05നും 20ന് 11.35നും 24ന് 1.35നും 28ന് 11.35നുമാണ് യാത്ര പുറപ്പെടുക. വിമാനം നേരിട്ട് ജിദ്ദയിലേക്കായിരിക്കും സര്‍വീസ് നടത്തുക. ഉച്ചക്ക് ശേഷമുള്ള വിമാനത്തില്‍ പുറപ്പെടേണ്ട ഹാജിമാര്‍ രാവിലെ ആറ് മണിക്കും എട്ട് മണിക്കും ഇടയിലായി ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. രണ്ട് വിമാനങ്ങളുള്ള ദിവസങ്ങളില്‍ ഒന്നാമത്തെ വിമാനത്തില്‍ പുറപ്പെടേണ്ട ഹാജിമാര്‍ ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം ഹജ്ജ് ട്രെയിനര്‍മാര്‍ പിന്നീട് അറിയിക്കും. ഹജ്ജ് ക്യാമ്പ് 14ന് രാവിലെ ഏഴ് മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4:30ന് ആദ്യ വിമാനം സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫഌഗ് ഓഫ് ചെയ്യും. ഹാജിമാരുടെ മടക്ക യാത്ര ഒക്‌ടോബര്‍ ഇരുപതിന് തുടങ്ങി നവംബര്‍ മൂന്നിന് അവസാനിക്കും. തിരിച്ചുള്ള യാത്രയിലും ചില ദിവസങ്ങളില്‍ രണ്ട് വിമാനങ്ങളുണ്ടായിരിക്കും. മദീനയില്‍ നിന്നായിരിക്കും ഹാജിമാരുടെ മടക്കയാത്ര.
സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ഇന്നലെ ഹജ്ജ് ഹൗസില്‍ ചേര്‍ന്നു ക്യാമ്പ് നടത്തിപ്പിനുള്ള സബ് കമ്മിറ്റിക്ക് രൂപം നല്‍കി. സി പി സൈദലവി മാസ്റ്റര്‍ ചെങ്ങര (അക്കമഡേഷന്‍), തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി (തസ്‌കിയത്ത്), ഉവൈസ് ഹാജി (ഭക്ഷണം), സി വി അബ്ദുല്ല (സ്വീകരണം), കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ (വെള്ളം, വെളിച്ചം), എ കെ അബ്ദുര്‍റഹ്മാന്‍ (വളണ്ടിയര്‍) എന്നിവരാണ് സബ് കമ്മിറ്റി ഭാരവാഹികള്‍. യോഗത്തില്‍ ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, സി പി സൈദലവി മാസ്റ്റര്‍ , തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി, മമ്മദ് മോന്‍ ഹാജി, സി വി അബ്ദുല്ല, ഡോ. ഇ കെ അഹ്മദ് കുട്ടി, അബ്ദുല്ലക്കോയ മദനി, എ കെ അബ്ദുര്‍റഹ്മാന്‍, അസിസ്റ്റന്റ് സെക്രട്ടറി ഇ സി മുഹമ്മദ് സംബന്ധിച്ചു.

Latest