മൂന്നാര്‍: കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

Posted on: August 16, 2014 7:19 pm | Last updated: August 17, 2014 at 12:51 am

munnarതിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ കോടതിവിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇക്കാര്യത്തില്‍ സര്‍ക്കാരിനു നിയമോപദേശം ലഭിച്ചു. അനധികൃത കയ്യേറ്റങ്ങള്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഒഴിപ്പിക്കല്‍ റദ്ദാക്കിയ കേസുകളിലെ ഭൂമി റിസോര്‍ട്ട് ഉടമകളുടേതല്ലെന്ന വസ്തുത കോടതി കണക്കിലെടുക്കാത്തത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹരജി സമര്‍പ്പിക്കുക.

വി എസ് സര്‍ക്കാരിന്റെ കാലത്തെ മൂന്നാര്‍ ദൗത്യസംഘത്തിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം നിരീക്ഷിച്ചിരുന്നു. ദൗത്യസംഘം ഏറ്റെടുത്ത ഭൂമി റിസോര്‍ട്ടുകള്‍ക്കു തിരികെ നല്കണമെന്നും ഇടിച്ചുനിരത്തല്‍ നടത്തിയ ക്ലൗഡ് നയന്‍ റിസോര്‍ട്ടിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുക.