Connect with us

Gulf

അലൂമിനിയം ഫോസ്‌ഫേറ്റ്: ചികില്‍സയില്‍ കഴിഞ്ഞ മൂന്നു വയസുകാരിയും മരിച്ചു

Published

|

Last Updated

aluminium phosphateദുബൈ: താമസ സ്ഥലത്ത് മൂട്ടയെ നശിപ്പിക്കാന്‍ നിരോധിത കീടനാശിനിയായ അലൂമിനിയം ഫോസ്‌ഫെയ്ഡ് തളിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്നു വയസുകാരി മരിച്ചു. ദുബൈ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന ഫിലിപ്പിനോ ബാലികയാണ് മരിച്ചത്. തൊട്ടടുത്ത ഫഌറ്റില്‍ കീടനാശിനി പ്രയോഗിച്ചതാണ് കുഞ്ഞിന്റെ ജീവന്‍ എടുത്തത്.

ഈദ് അവധി ദിനത്തിലായിരുന്നു കെട്ടിടത്തില്‍ നിരോധിത കീടനാശിനിയായ അലൂമിനിയം ഫോസ്‌ഫെയ്ഡ് ഉപയോഗിച്ചത്. എ സിയുടെ ഡക്ടിലൂടെയാണ് സമീപത്തെ മുറിയിലേക്ക് വിഷവാതകം പ്രവഹിച്ചത്. സംഭവത്തില്‍ ഒരു ഫിലിപ്പൈന്‍ സ്വദേശി നേരത്തെ മരിച്ചിരുന്നു. കുഞ്ഞിന്റെ മരണത്തോടെ സംഖ്യ രണ്ടായി ഉയര്‍ന്നിരിക്കയാണ്. ഖിസൈസിലെ ഫഌറ്റിലായിരുന്നു സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് പിടികൂടിയിരുന്നു. ആറ് പേരായിരുന്നു ആശുപത്രിയില്‍ ചികിത്സതേടിയത്.
കഴിഞ്ഞ 29ന് ഏഷ്യക്കാരനായ ഒരാള്‍ താമസ സ്ഥലത്ത് മരിച്ചതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മരിച്ചയാളുടെ അതേ ഫഌറ്റില്‍ ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടുന്നവരെ കണ്ടെത്തിയ പോലീസ് അവരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചിരുന്നു. പരിസരത്തെ ചില ഫഌറ്റുകളിലെ ചിലര്‍ക്കും പ്രയാസങ്ങളുണ്ടായതായി പോലീസ് പറഞ്ഞു. ഒരു ഫഌറ്റിലെ ആറ് ആളുകള്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടത് ഏതെങ്കിലും ഭക്ഷണ സാധനങ്ങളിലൂടെയായിരിക്കുമെന്ന് പ്രാഥമിക നിഗമനത്തിലെത്തിയ പോലീസ്, അടഞ്ഞുകിടക്കുന്ന ഫഌറ്റില്‍ നിന്ന് പുറത്തേക്ക് വരുന്ന അസ്വഭാവിക ഗന്ധം ശ്രദ്ധിക്കുകയായിരുന്നു. നഗരസഭയിലെ ബന്ധപ്പെട്ട വിദഗ്ധരെ വിളിച്ചുവരുത്തി പരിശോധന നടത്തിയതില്‍ നിന്ന് ദുരന്ത കാരണം കീടനാശിനിയുടെ അനധികൃത ഉപയോഗമാണെന്ന് ബോധ്യമായി.
കെട്ടിട ഉടമയുമായി ബന്ധപ്പെട്ട് ഫഌറ്റിന്റെ വാടകക്കാരനെക്കുറിച്ചുള്ള വിവരം ശേഖരിച്ച പോലീസ് ഇയാള്‍ക്കായി നടത്തിയ തിരച്ചിലില്‍ സ്വദേശത്തേക്ക് പുറപ്പെടാനുള്ള ശ്രമത്തിനിടയില്‍ പോലീസ് പിടികൂടുകയായിരുന്നു. അവധിയില്‍ പോകുന്ന സമയത്ത് മൂട്ടയെ നശിപ്പിക്കാന്‍ കീടനാശിനി തളിച്ച ശേഷം ഫഌറ്റ് പൂട്ടി പോവുകയായിരുന്നെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു.
താനും തന്റെ ഒരു സുഹൃത്തുമാണ് കീടനാശിനി തളിച്ചതെന്ന് സമ്മതിച്ച വാടകക്കാരന്‍, കീടനാശിനി ലഭിച്ചത് മറ്റൊരാളില്‍ നിന്നാണെന്നും പോലീസിനോട് പറഞ്ഞു. ഫഌറ്റില്‍ തളിച്ച കീടനാശിനിയുടെ സാമ്പിള്‍ പ്രതികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കീടനാശിനി സൂക്ഷിക്കുകയും ഫഌറ്റില്‍ തളിക്കുകയും ചെയ്തവരില്‍ ആരും ഇക്കാര്യത്തില്‍ നഗരസഭയുടെ ലൈസന്‍സുള്ളവരല്ലെന്നും ഉപയോഗിച്ച മരുന്ന് രാജ്യത്ത് നിരോധിക്കപ്പെട്ടതാണെന്നും പോലീസ് അറിയിച്ചു. ഇതിനും പുറമെ ആവശ്യത്തില്‍ കൂടുതല്‍ അളവില്‍ മരുന്ന് ഫഌറ്റില്‍ തളിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.
ഫഌറ്റില്‍ ഉപയോഗിച്ച വസ്തു രാജ്യത്ത് നിരോധിക്കപ്പെട്ട അലൂമിനിയം ഫോസ്‌ഫെയ്ഡ് ആണെന്ന് വിദഗ്ധ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. അനധികൃതമായ രീതിയില്‍, നിരോധിക്കപ്പെട്ട ഇത്തരം മരുന്നുകള്‍ പ്രതികള്‍ക്ക് നല്‍കിയ സംഭവത്തിലെ പ്രധാന കണ്ണിയെ തിരയുകയാണെന്ന് അന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. കീടനാശിനി വില്‍പ്പന നടത്തിയ ആളുടെ താമസസ്ഥലത്തു നിന്ന് അനധികൃതമായി സൂക്ഷിച്ച വിവിധ തരം കീടനാശിനി ശേഖരം കണ്ടെടുത്തിരുന്നു.നഗരസഭയുടെ അനുമതിയുള്ളവരില്‍ നിന്നു മാത്രമേ ഇത്തരം മരുന്നുകള്‍ വാങ്ങാവൂ എന്നും ലൈസന്‍സുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ മാത്രമേ ഇത്തരം ജോലികള്‍ക്ക് ചുമതലപ്പെടുത്താവൂ എന്നും സംഭവത്തിന്റെ വെളിച്ചത്തില്‍ പോലീസ് അഭ്യര്‍ഥിച്ചു.
ധാരാളം മുന്‍കരുതലുകള്‍ക്ക് ശേഷം മാത്രമേ, പ്രത്യേകിച്ചും കേന്ദ്രീകൃത എയര്‍കണ്ടീഷന്‍ സൗകര്യങ്ങളുള്ള കെട്ടിടത്തില്‍ കീടനാശിനികള്‍ ഉപയോഗിക്കാവൂ എന്നും പോലീസ് ഉപദേശിക്കുന്നു.
ബോംബെന്ന പേരിലാണ് സാധാരണക്കാര്‍ക്കിടയില്‍ ഈ കീടനാശിനി അറിയപ്പെടുന്നത്. ഗൂളിക രൂപത്തിലുള്ള ഇവ മുറിയില്‍ വിതറി വാതിലുകള്‍ അടക്കുന്നതോടെ വാതകമായി രൂപാന്തരപ്പെട്ടാണ് കീടങ്ങളെ നശിപ്പിക്കുന്നത്. അതിമാരകമായ വിഷമാണെന്നതിനാല്‍ രാജ്യത്ത് നിരവധി മരണങ്ങള്‍ മുന്‍കാലങ്ങളില്‍ സംഭവിച്ചതാണ് ഇത് നിരോധിക്കാന്‍ ഇടയാക്കിയത്. കുറഞ്ഞ വിലയില്‍ ലഭ്യമാണെന്നതാണ് പലരെയും അപകടം അറിഞ്ഞിട്ടും ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്.

Latest