Connect with us

Malappuram

മാവേലി സ്റ്റോറില്‍ നിന്ന് മറിച്ച് കടത്തിയെന്ന് സംശയിക്കുന്ന 20 ചാക്ക് അരി പിടിച്ചെടുത്തു

Published

|

Last Updated

കാളികാവ്: മാവേലിസ്റ്റോറില്‍ നിന്ന് കടത്തിയതെന്ന് സംശയിക്കുന്ന 20 ചാക്ക് അരി കടയുടമയുടെ വീട്ടില്‍ നിന്ന് പിടികൂടി. കാളികാവ് മാവേലിസ്റ്റോറില്‍ നിന്ന് മറിച്ച് കടത്തിയതായി സംശയിക്കുന്ന സബ്‌സിഡി അരിയാണ് പിടിച്ചെടുത്ത്. വീടിന്റെ സിറ്റൗട്ടില്‍ തുറന്ന നിലയിലായിരുന്ന അരിച്ചാക്കുകളാണ് അധികൃതര്‍ പിടികൂടിയത്. എഫ് സി ഐ ഗോഡൗണില്‍ നിന്നുള്ള ചണച്ചാക്കുകള്‍ മാറ്റി പകരം പ്ലാസ്റ്റിക് ചാക്കിലായിരുന്നു അരി നിറച്ചിരുന്നത്.
വ്യാഴാഴ്ച രാവിലെ വാഹനത്തില്‍ നിന്ന് കടയുടമയുടെ പുറ്റമണ്ണയിലുള്ള വീട്ടില്‍ അരി ഇറക്കുന്നത് നാട്ടുകാര്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ നാട്ടുകാര്‍ വ്യാപാരിയുടെ വീട്ടിലേക്ക് സംഘടിച്ചെത്തി. തുടര്‍ന്ന് അധികൃതരോട് പരാതിപ്പെട്ടെങ്കിലും അധികൃതര്‍ വളരെ വൈകിയാണ് സ്ഥലത്തെത്തിയത്. നാട്ടുകാര്‍ വിജിലന്‍സ് അധികൃതരോട് ഫോണിലൂടെ പരാതിപ്പെട്ടെങ്കിലും ആരും എത്തിയില്ല. നേരിട്ടെത്തി പരാതി രജിസ്റ്റര്‍ ചെയ്യാനാണ് പറഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ജില്ലാ കലക്ടറോട് വിളിച്ച് പരാതിപ്പെട്ടതിന് ശേഷമാണ് പോലീസ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയത്. വീടിന്റെ സിറ്റൗട്ടില്‍ സൂക്ഷിച്ച അരി സ്ഥലം മാറ്റുന്നതിനോ ചാക്ക് മാറ്റുന്നതിനോ നാട്ടുകാര്‍ അനുവദിച്ചില്ല. മുകളില്‍ നിന്നുള്ള നിര്‍ദേശം വന്നതോടെ കാളികാവ് പോലീസ് സ്ഥലത്തെത്തി. സപ്ലൈ ഓഫീസര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തുന്നത്‌വരെ അരിച്ചാക്കുകള്‍ പോലീസ് കാവലിലായുരുന്നു. രാവിലെ പത്ത് മണിയോടെ നാട്ടുകാര്‍ അരി കണ്ടെത്തി പരാതി നല്‍കിയിട്ടും അധികൃതര്‍ എത്തിയത് ഉച്ചക്ക് രണ്ട് മണിക്ക് ശേഷമാണ്. അധികൃതര്‍ സ്ഥലത്തെത്താന്‍ വൈകിയതോടെ നാട്ടുകാര്‍ ജനകീയ ഐക്യവേദിയുടെ നേതൃത്വത്തില്‍ മാവേലിസ്റ്റോറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
എഫ് സി ഐ ഗോഡൗണുകളില്‍ നിന്ന് സിവില്‍ സപ്ലൈസ്‌കോര്‍പ്പറേഷന്‍ വഴിയാണ് മാവേലിസ്റ്റോറിലേക്ക് അരി എത്തുന്നത്. മാവേലിസ്‌റ്റോറില്‍ എത്തുന്നതിന് മുമ്പ് തന്നെ അരി മറിച്ച് കടത്തിയതായാണ് സംശയം. അതേ സമയം പൂക്കോട്ടുംപാടത്തെ മൊത്ത് വ്യാപാരിയില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങിയതാണ് അരിയെന്നും മാലിന്യം നീക്കം ചെയ്യാന്‍ വേണ്ടിയാണ് അരിച്ചാക്കുകള്‍ വീട്ടിലേക്ക് കൊണ്ട് പോയതെന്നും കടയുടമ പറഞ്ഞു.
സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന അരിയാണ് പിടിച്ചെടുത്തതെന്ന് നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീകുമാര്‍ പറഞ്ഞു. പിടിച്ചെടുത്ത അരി വണ്ടൂരിലെ റേഷന്‍ മൊത്ത വ്യാപാര ഡിപ്പോയിലേക്ക് മാറ്റി. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ഉണ്ണിക്കോമു, ബാലകൃഷ്ണന്‍, സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ എന്നിവരാണ് പരിശോധനക്കെത്തിയത്. മാവേലിസ്‌റ്റോറില്‍ നടത്തിയ പരിശോധന നാമ മാത്രമായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.
അടുത്തുള്ള റേഷന്‍ കടകളിലും അധികൃതര്‍ പരിശോധന നടത്തിയെങ്കിലും കൃത്രിമം കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. വീട്ടിലും സ്ഥാപനങ്ങളിലും കൂടുതല്‍ പരിശോധന നടത്താന്‍ അധികാരമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മുമ്പും ഇത്‌പോലെ അരിയും മറ്റ് സബ്‌സിഡി സാധനങ്ങളും മറിച്ച് കടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ ചില പ്രമുഖര്‍ക്ക് സാധനങ്ങള്‍ മാവേലിസ്റ്റോറില്‍ നിന്ന് യഥേഷ്ടം നല്‍കുന്നുണ്ടെന്നും ആരോപണമുണ്ട്.
പിടിച്ചെടുത്തത് റേഷന്‍ അരിയല്ലെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി വി മുഹമ്മദ് പറഞ്ഞു.
എഫ് സി ഐ ഗോഡൗണില്‍ നിന്ന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴിയാണ് മാവേലിസ്റ്റോറിലേക്കും നന്‍മ സ്‌റ്റോറിലേക്കും അരി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത്‌ലീഗ് മാര്‍ച്ച്നടത്തും

കാളികാവ്: കാളികാവ് മാവേലി സ്‌റ്റോറില്‍ നിന്നും കാലാകാലങ്ങളായി നടന്ന് കൊണ്ടിരിക്കുന്ന അരി തിരിമറി അന്വേഷിക്കണമെന്ന് യൂത്ത്‌ലീഗ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് വി പി എ നാസര്‍ അധ്യക്ഷത വഹിച്ചു. ശനിയാഴ്ച മാവേലി സ്റ്റോറിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭരവാഹികള്‍ അറിയിച്ചു.

Latest