Connect with us

International

കിഴക്കന്‍ ഉക്രൈനില്‍ രൂക്ഷ ഏറ്റുമുട്ടല്‍

Published

|

Last Updated

കീവ്: വിമതരുടെ ശക്തമായ സാന്നിധ്യമുള്ള കിഴക്കന്‍ ഉക്രൈനിലെ ഡൊണേറ്റ്‌സ്‌ക് നഗരത്തില്‍ ശക്തമായ ഷെല്ലാക്രമണം. ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഓഫീസുകളില്‍ നിന്നും വീടുകളില്‍ നിന്നും ജനങ്ങളുടെ ഒഴുക്കുണ്ടായി. ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഡൊണേറ്റ്‌സ്‌ക് നഗരം വളഞ്ഞ ഉക്രൈന്‍ സൈന്യം ആഴ്ചകളായി റഷ്യന്‍ വിമതരുമായി ഏറ്റുമുട്ടുകയാണ്. കിഴക്കന്‍ ഉക്രൈനിലേക്ക് സഹായസാമഗ്രികളുമായി റഷ്യയില്‍ നിന്ന് പുറപ്പെട്ട 260 ട്രക്കുകള്‍ രാജ്യത്തേക്ക് കടക്കാന്‍ ഉക്രൈന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് വിവാദം കൊടുമ്പിരികൊണ്ടിരിക്കെയാണ് പുതിയ ആക്രമണം.
ഡൊണേറ്റ്‌സ്‌കില്‍ ഷെല്ലാക്രമണം രൂക്ഷമായതിനാല്‍ തെരുവിലിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഷെല്ലാക്രമണത്തില്‍ രണ്ട് ഷോപ്പിംഗ് കേന്ദ്രങ്ങള്‍ തകര്‍ന്നു. ആരുടെ ഷെല്ലാണ് ഇവിടെ പതിച്ചതെന്ന് വ്യക്തമല്ല. വിമതനിയന്ത്രണത്തിലുള്ള ലുഹാന്‍സ്‌ക് നഗരം ഏറെ പ്രതിസന്ധിയിലാണ്. വെള്ളവും ഭക്ഷണവുമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. വൈദ്യുതിയില്ലാതായിട്ട് ആഴ്ചകളായി. അതിനിടെ സാധന സാമഗ്രികളുമായി പുറപ്പെട്ട റഷ്യയുടെ ട്രക്കുകള്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിര്‍ത്തിയിലെ പാടത്ത് പാര്‍ക് ചെയ്തിരിക്കുകയാണ് ലോറികള്‍. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അന്താരാഷ്ട്ര റെഡ്‌ക്രോസിന്റെ മുതിര്‍ന്ന നേതാവ് ലോറന്റ് കോര്‍ബാസ് ഉക്രൈനിലെത്തിയിട്ടുണ്ട്. അദ്ദേഹം റഷ്യയിലേക്കും ചര്‍ച്ചകള്‍ക്കായി പോകും. സഹായവസ്തുക്കളുമായെന്ന പേരില്‍ എത്തുന്ന റഷ്യന്‍ വാഹനങ്ങള്‍ നിഗൂഢമായ സൈനിക നീക്കങ്ങള്‍ നടത്തുമെന്ന ആശങ്കക്കിടെ ഇവ അതിര്‍ത്തിയില്‍ തടയുമെന്ന് ഉക്രൈന്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയന്ത്രിത ചെക്ക്‌പോസ്റ്റ് വഴി മാത്രമേ റഷ്യന്‍ സഹായം രാജ്യത്തെത്തിക്കാന്‍ അനുവദിക്കുവെന്ന നിലപാടിലാണ് ഉക്രൈന്‍. ഇത് റഷ്യ അംഗീകരിച്ചെങ്കിലും റഷ്യന്‍ സഹായ പദ്ധതിക്ക് റെഡ്‌ക്രോസ് അംഗീകാരം നല്‍കിയിട്ടില്ല. റഷ്യന്‍ നീക്കത്തെക്കുറിച്ച് മതിയായ വിവരങ്ങളും സുരക്ഷാ ഉറപ്പുകളും ലഭിക്കാത്തതിനാലാണ് അംഗീകാരം നല്‍കാത്തതെന്ന് റെഡ്‌ക്രോസ് വ്യക്തമാക്കിയിരുന്നു.
അതിനിടെ, റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ ക്രിമിയ സന്ദര്‍ശിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ റഷ്യയുമായി ചേര്‍ന്ന കിഴക്കന്‍ ഉക്രൈനിലെ ഉപദ്വീപാണ് ക്രിമിയ. റഷ്യന്‍ സൈനിക ദൗത്യസേനയെ ക്രിമിയയില്‍ നിയമിക്കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതിക്ക് അംഗീകാരം നല്‍കിയതായി പുടിന്‍ അറിയിച്ചു.

Latest