അഴിമതി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശിക്ഷിക്കപ്പെട്ടത് 38,000 റെയില്‍വേ ഉദ്യോഗസ്ഥര്‍

Posted on: August 15, 2014 12:19 am | Last updated: August 15, 2014 at 12:19 am
SHARE

curreptionന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഴിമതി, ക്രമക്കേട് എന്നീ കുറ്റങ്ങളുടെ പേരില്‍ 38,000 റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നല്‍കിയതായി റെയില്‍വേ മന്ത്രി ഡി വി സദാനന്ദ ഗൗഡ. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റെയില്‍വേ മന്ത്രാലയത്തിലെത്തിയ 42,000 പരാതികളെ കുറിച്ച് അന്വേഷണം നടത്തിയ ശേഷമാണ് 38,000 പേര്‍ക്ക് ശിക്ഷ നല്‍കിയതെന്ന് സദാനന്ദ ഗൗഡ പറഞ്ഞു.
റയില്‍വേയില്‍ ക്രമക്കേടുകളോ അഴിമതിയോ ഇല്ലെന്ന് താന്‍ വാദിക്കുന്നില്ല. റെയില്‍വേയില്‍ നടക്കുന്ന അഴിമതി തടയാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. നിരവധി വ്യക്തികളില്‍ നിന്നായി റെയില്‍വേ 682 കോടി രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്. അഴിമതി കഥകള്‍ പുറത്തുവരാറുള്ളത് ചിലപ്പോള്‍ പരാതികളുടെ രൂപത്തിലായിരിക്കും. മറ്റു ചിലപ്പോള്‍ റെയില്‍വേ വിജിലന്‍സ് ഓര്‍ഗനൈസേഷന്‍ നടത്തുന്ന പരിശോധനകള്‍ക്കിടയിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റെയില്‍വേയെ പുരോഗതിയിലേക്ക് നയിക്കുന്ന നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. പരസ്യം, അറിയിപ്പുകള്‍, ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങിയ സേവനങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചു കഴിഞ്ഞു. അതുപോലെ റെയില്‍വേയുടെ അധികാരത്തില്‍ കീഴിലുള്ളതും ഇപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്നതുമായ ഭൂമികള്‍ വ്യാപര പുരോഗതികള്‍ക്ക് ഉപയോഗപ്പെടുത്തുന്നു. ഗതാഗത മേഖലകളിലൂടെയല്ലാതെയും റെയില്‍വേക്ക് വരുമാനം ഉണ്ടാക്കാന്‍ ഇതുവഴി സാധ്യമാകുമെന്നും പ്രതീക്ഷിക്കുന്നു. ഇത്തരം പുരോഗമനപരമായ നീക്കങ്ങളിലൂടെ വര്‍ഷാവര്‍ഷം റെയില്‍വേ സാമ്പത്തികമായി വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും സദാനന്ദ ഗൗഡ ലോക്‌സഭയില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here