Connect with us

Ongoing News

കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സഹായകം: ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം: മൂന്ന് ദിവസമായി തലസ്ഥാനത്ത് നടന്നുവന്ന കുടുംബശ്രീ വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനമായി. ഇന്നലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ഷീലാ ദീക്ഷിത് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനു സഹായകമായെന്ന് ഗവര്‍ണര്‍ പറഞ്ഞു. കുടുംബശ്രീയുടെ വിവിധ പദ്ധതികളും സ്വയംസഹായ സംഘങ്ങളും സത്രീകളെ ശാക്തീകരിക്കുന്നതിനു പുറമെ സാമ്പത്തിക സ്വയംപര്യാപ്തത നേടിയെടുക്കുന്നതിന് അവരെ സഹായിച്ചിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വ്യക്തികളില്‍ നിന്നും കുടുംബത്തിലേക്കും അവിടെ നിന്നും സമൂഹത്തിലേക്കും ഉയര്‍ന്ന് സമൂഹത്തിന്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിന് കാരണമായിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ കുടുബശ്രീയെ മാതൃകയാക്കുകയും അവിടെ നിന്നുള്ള പ്രതിനിധികള്‍ കേരളത്തിലെത്തി പഠനം നടത്തുകയും ചെയ്യുന്നുണ്ട്. കുടുംബശ്രീക്ക് അതിന്റെ താഴെ തട്ടുമുതലുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് വിജയകരമാക്കിമാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളതാണ് പ്രധാന വിജയം.
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അടുത്തറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വാര്‍ഷികാഘോഷത്തിനെത്തിയ രാജ്യസഭാംഗം മണി ശങ്കര്‍ അയ്യരെ ഗവര്‍ണര്‍ അനുമോദിച്ചു. കൂടുതല്‍ നൂതന സംരംഭങ്ങള്‍ നടപ്പാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും സര്‍ക്കാറിനും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും കഴിയട്ടെ എന്നും ഗവര്‍ണര്‍ ആശംസിച്ചു.
തുടര്‍ന്നു നടന്ന ചടങ്ങില്‍ സംഘകൃഷി, മൈക്രോഫൈനാന്‍സ്, ലിങ്കേജ് ബാങ്ക് സംരംഭങ്ങള്‍ക്ക് വായ്പ നല്‍കിയ ബാങ്കുകളെ മുഖ്യമന്ത്രി ആദരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന്റെ ധാരണാപത്രം ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ക്ക് സാമൂഹ്യനീതി മന്ത്രി എം കെ മുനീര്‍ കൈമാറി. കുടുംബശ്രീ അംഗങ്ങളുടെ അനുഭവ സമാഹരണ പുസ്തകങ്ങളുടെ പ്രകാശനം വി പി സജീന്ദ്രന്‍ സാമൂഹ്യപ്രവര്‍ത്തക സുനിത കൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. നിര്‍ഭയ-ക്രൈം മാപ്പിംഗ് റിപ്പോര്‍ട്ട്-14 ജില്ലകളുടെ സംസ്ഥാനത്തിന്റെയും ക്രോഡീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി കുടുംബശ്രീ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം സ്വപ്‌ന ജോര്‍ജിന് നല്‍കി പ്രകാശനം ചെയ്തു. സാമൂഹ്യപ്രവര്‍ത്തക സുനിതകൃഷ്ണന്‍ അറിയപ്പെടാത്ത വീരംഗനമാര്‍ എന്ന പുസ്തകപ്രകാശനം നിര്‍വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഗം എന്‍ എ ഖാലിദ്, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ബി വത്സലകുമാരി പങ്കെടുത്തു.

Latest