Connect with us

Malappuram

ഉപതിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം; യു ഡി എഫിന് ഒരു സീറ്റ് നഷ്ടമായി

Published

|

Last Updated

ballot voting vote box politics choice electionമലപ്പുറം: ജില്ലയിലെ നാല് പഞ്ചായത്തുകളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിനും എല്‍ ഡി എഫിനും രണ്ടുവീതം സീറ്റുകള്‍ ലഭിച്ചു. 

യു ഡി എഫിന് ഒരു സീറ്റ് നഷ്ടമായി. പുറത്തൂര്‍ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് അഴിമുഖം ആണ് യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തത്. സി പി എമ്മിലെ ആഇശാ ബീഗമാണ് ഇവിടെ വിജയിച്ചത്. പൊന്നാനി നഗരസഭയിലെ ഏഴാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ എ പവിത്രകുമാര്‍ വിജയിച്ചു.
തിരൂരങ്ങാടി പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് കക്കാടില്‍ മുസ്‌ലിം ലീഗിലെ ആരിഫ വലിയാട്ട് വിജയിച്ചു. മംഗലം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് വാളമരുതൂരില്‍ സി പി എമ്മിലെ കെ പി കൃഷ്ണനാണ് വിജയിച്ചത്. പൊന്നാനി നഗരസഭയിലെ ഏഴാം വാര്‍ഡ് യു ഡി എഫ് വാര്‍ഡ് നിലനിറുത്തുകയായിരുന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥി എ പവിത്രകുമാര്‍ 11 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. ആകെ പോള്‍ചെയ്ത 1256 വോട്ടുകളില്‍ പവിത്രകുമാര്‍ 523 ഉം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ടി മുഹമ്മദ് ബശീര്‍ 512 ഉം, ബി ജെ പി സ്ഥാനാര്‍ത്ഥി 207 ഉം സ്വതന്ത്ര സ്ഥാനാര്‍ത്ഥി 14 ഉം വോട്ടുകള്‍ നേടി.
പൊന്നാനി നഗരസഭ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ പി രാമകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നുളള ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തവണ 90 വോട്ടുകള്‍ക്കാണ് യു ഡി എഫ് ഇവിടെനിന്ന് വിജയിച്ചത്. ഉപതിരഞ്ഞെടുപ്പിലെ യു ഡിഎഫ് വിജയത്തോടെ നഗരസഭയിലെ കക്ഷിനില യു ഡിഎഫ് 27, എല്‍ ഡി എഫ് 22, ബി ജെ പി 1 എന്നിങ്ങനെയാണ്.അഴിമുഖം വാര്‍ഡില്‍ 188 വോട്ടിനാണ് യു ഡി എഫിലെ തോട്ടുങ്ങല്‍ കളരിക്കല്‍ ലളിതയെ പരജായപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 1396 വോട്ടില്‍ 628 വോട്ട് എല്‍ ഡി എഫിനും 440 വോട്ട് യു ഡി എഫിനും 328 വോട്ട് ബി ജെ പിക്കും ലഭിച്ചു. കോമരത്ത് പത്മാവതിയായിരുന്നു ബി ജെ പി സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ 24 വോട്ടിന്റെ ഭൂരിപക്ഷത്തിന് യു ഡി എഫിലെ പ്രിയാബി ജയിച്ച വാര്‍ഡാണിത്. ഇവര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
എല്‍ ഡി എഫിലെ ക്ലാരയുടെ മരണത്തെ തുടര്‍ന്നാണ് മംഗലം പഞ്ചായത്തിലെ വളമരുതൂര്‍ വെസ്റ്റില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇത്തവണ എല്‍ ഡി എഫിലെ കെ പി കൃഷ്ണ 162 വോട്ടിന്റെ ലീഡിനാണ് ബി ജെ പി യിലെ എന്‍ പി രാമനെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 820 വോട്ടില്‍ എല്‍ ഡി എഫിന് 420 ബി ജെ പിക്ക് 258 വോട്ടും ലഭിച്ചപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥി എം ടി വേലായുധന്‍ 142 വോട്ടുമായി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. മംഗലത്തും വാളമരുതൂരിലും യു ഡി എഫിന് ഭൂരിപക്ഷമുള്ളതിനാല്‍ ഭരണമാറ്റമുണ്ടാകില്ല.

 

Latest