Connect with us

International

ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധം: മോദിയെ തള്ളി പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞ് പാക്കിസ്ഥാന്‍. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായ വാചാടോപം മാത്രമാണെന്ന് പാക് വിദേശകാര്യ വക്താവ് തസ്‌നിം അസ്‌ലം പറഞ്ഞു. പരസ്പരം പഴി ചാരുന്നതിന് പകരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഇരുപക്ഷവും ശ്രമിക്കേണ്ടതെന്ന് അവര്‍ പറഞ്ഞു.
നല്ല അയല്‍ബന്ധത്തിന് പാക്കിസ്ഥാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ഘട്ടത്തില്‍ ഇന്ത്യയിലെ ഉയര്‍ന്ന സിവിലിയന്‍ നേതൃത്വം ഇത്തരം കുറ്റപ്പെടുത്തലുകള്‍ നടത്തിയെന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രി നവാസ് ശരീഫ് കഴിഞ്ഞ മെയില്‍ ഇന്ത്യ സന്ദര്‍ശിച്ച ശേഷം ഉഭയകക്ഷി ബന്ധത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.
തീവ്രവാദത്തിന്റെ പേരില്‍ മോദി നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. തീവ്രവാദത്തിന്റെ ഏത് രൂപത്തെയും പാക്കിസ്ഥാന്‍ നിരന്തരം തള്ളിപ്പറയുന്നുണ്ട്. തീവ്രവാദത്തിന്റെ ഇരകളായി 55,000 പൗരന്‍മാരുടെ ജീവന്‍ നഷ്ടപ്പെട്ട രാജ്യമാണ് പാക്കിസ്ഥാന്‍. ഈ ദുഷ്ട ശക്തികളുടെ ഏറ്റവും വലിയ ഇര പാക്കിസ്ഥാനാണ്. രാജ്യത്തിന്റെ അതിര്‍ത്തി കാത്തു സൂക്ഷിക്കാന്‍ സൈന്യം സദാ സജ്ജമാണെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
തീവ്രവാദം ഉപയോഗിച്ച് ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ ഒളിയുദ്ധം നടത്തുകയാണെന്ന് ജമ്മു കാശ്മീരിലെ ലേ, ലഡാക്ക് എന്നിവിടങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു. നേരിട്ട് ആക്രമിക്കാനുള്ള ശക്തി പാക്കിസ്ഥാനില്ലെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.

Latest