Connect with us

Ongoing News

ധന കൈമാറ്റം എളുപ്പമാക്കാന്‍ ആര്‍ ടി ജി എസ് സംവിധാനം

Published

|

Last Updated

തിരുവനന്തപുരം: ഇ- പ്രൊക്യുര്‍മെന്റിന്റെ ഭാഗമായ റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ ടി ജി എസ്) സംവിധാനത്തിന്റെ ഉദ്ഘാടനം വ്യവസായ, ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ഇ- പ്രൊക്യുമര്‍മെന്റിന്റെ ഭാഗമായ ഇ- പേയ്‌മെന്റ് സംവിധാനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആര്‍ ടി ജി എസ് സംവിധാനമെന്ന് മന്ത്രി പറഞ്ഞു. റിസര്‍വ് ബേങ്ക് മുഖേന നടപ്പാക്കുന്ന ധനകൈമാറ്റ രീതിയായ ആര്‍ ടി ജി എസ് ഏര്‍പ്പെടുത്തുന്നതോടെ 30 മുതല്‍ 40 വരെ മിനിറ്റ് സമയപരിധിക്കുള്ളില്‍ ധന കൈമാറ്റം കൃത്യതയോടെ പൂര്‍ണമാകും. രണ്ട് ലക്ഷം രൂപയാണ് ഈ സംവിധാനത്തിലൂടെ അടക്കാവുന്ന ഏറ്റവും കുറഞ്ഞ തുക. പരമാവധി നിശ്ചയിച്ചിട്ടില്ല.
നാളെ മുതല്‍ ഈ സംവിധാനം നടപ്പില്‍ വരും. പൊതുമരാമത്ത്, ജലവിഭവം, തുറമുഖം തുടങ്ങി നാല്‍പ്പതോളം സര്‍ക്കാര്‍ വകുപ്പുകളും കെ എം എം എല്‍, മലബാര്‍ സിമന്റ്‌സ്, കെല്‍ട്രോണ്‍ തുടങ്ങി എണ്‍പത്തിയാറോളം പൊതുമേഖലാ സ്ഥാപനങ്ങളും ഇതിനകം ഇ- പ്രൊക്യുര്‍മെന്റ് സംവിധാനത്തിന്റെ ഭാഗമായിട്ടുണ്ട്. കരാറുകള്‍ മത്സരാധിഷ്ഠിതമാക്കുന്നതിന് ഉപകരിക്കുന്ന ഈ പുതിയ ക്രമീകരണം, സ്റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂര്‍ വഴി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് ബേങ്കിംഗും നാഷനല്‍ ഇലക്‌ട്രോണിക്‌സ് ഫണ്ട് ട്രാന്‍സ്ഫറും (എന്‍ ഇ എഫ് ടി) എന്നിവക്ക് പിന്നാലെ സ്റ്റേറ്റ് ഐ ടി മിഷന്‍ ഏര്‍പ്പെടുത്തുന്ന പുതിയ സൗകര്യമാണ്.
ഐ ടി മിഷന്റെ ഇ-പേയ്‌മെന്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിനായി കൂടുതല്‍ ബേങ്കുകളെ ഈ പദ്ധതിയുടെ ഭാഗമാക്കും. ഇ- പ്രൊക്യുര്‍മെന്റ് കാര്യക്ഷമമാക്കുന്നതിന് തിരുവനന്തപുരത്തിനും എറണാകുളത്തിനും പുറമെ, കണ്ണൂരിലും മലപ്പുറത്തും സഹായകേന്ദ്രം ആരംഭിക്കും. ഇ-ഗവേണന്‍സ് പദ്ധതികള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ഇ- പ്രൊക്യുര്‍മെന്റിന്റെ ഭാഗമാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് സ്റ്റേറ്റ് ഐ ടി മിഷന്‍ അറിയിച്ചു.

Latest