ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവം: നാല് യുവാക്കളെ അറസ്റ്റ് ചെയ്തു

Posted on: August 13, 2014 10:34 am | Last updated: August 13, 2014 at 10:34 am

trainപാലക്കാട്: ട്രെയിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ നാലു യുവാക്കളെ ആര്‍ പി എഫ് അറസ്റ്റ് ചെയ്തു. 

എലപ്പുള്ളി നെയ്ത്താരക്കോട്ടില്‍ സി. രഞ്ജിത്(20), ഒലവക്കോട് പൂക്കാരത്തോട്ടം വി സനൂപ്(22), പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് എരിയാണി ഹൗസില്‍ സാവദ്(22), കാവില്‍പ്പാട് താവുങ്ങല്‍ വീട്ടില്‍ കെ അജിത്(21) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 8.40 നാണ് സംഭവം.
ആലപ്പുഴ-ചെന്നൈ എക്‌സ്പ്രസിനുനേരെ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന് തൊട്ടടുത്തുള്ള താണാവ് മേല്‍പ്പാലത്തിന് സമീപത്തുനിന്നാണ് കല്ലേറുണ്ടായത്.
അവധി ദിവസം ആഘോഷിക്കാന്‍ ഒത്തുകൂടിയ സുഹൃത്തുക്കള്‍ മദ്യലഹരിയിലാണ് കല്ലെറിഞ്ഞതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ട്രെയിനിനുനേരെ കല്ലേറുണ്ടായ സാഹചര്യത്തില്‍ ടിക്കറ്റ് പരിശോധകനും യാത്രക്കാരും പരാതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍.പി.എഫ് നടത്തിയ അന്വേഷണത്തിലാണ് കല്ലെറിഞ്ഞവരെ കുറിച്ച് സൂചന ലഭിച്ചത്.
പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസം റിമാന്‍ഡ് ചെയ്തു.