Connect with us

Malappuram

ബ്രിട്ടീഷ് ക്രൂരതയുടെ അടയാളപ്പെടുത്തലുകളുമായി കുട്ടശ്ശേരി വലിയ ജുമുഅത്ത് പള്ളി

Published

|

Last Updated

മലപ്പുറം: മലബാര്‍ കലാപകാലത്ത് ബ്രിട്ടീഷ് ക്രൂരതയുടെ ഓര്‍മപ്പെടുത്തലായി മഞ്ചേരി എളങ്കൂര്‍ കുട്ടശ്ശേരി വലിയ ജുമുഅത്ത് പള്ളി. പൂട്ടി കിടക്കുന്ന പള്ളിയില്‍ മാപ്പിളമാരെ തേടിയെത്തിയ സൈന്യം പള്ളിയുടെ വാതിലില്‍ വെട്ടിയതിന്റെ അടയാളം ഒന്‍പത് പതിറ്റാണ്ടിന് ശേഷവും മാഞ്ഞിട്ടില്ല.
എളങ്കൂര്‍ കുട്ടശ്ശേരിയിലെ ഖിലാഫത്ത് പ്രവര്‍ത്തകരെ പിടികൂടി നാട് കടത്താനാണ് സൈന്യം ആരാധനാലയത്തിന് നേരെ അതിക്രമം കാണിച്ചത്. പള്ളിയില്‍ ഒളിച്ചിപ്പിരിപ്പുണ്ടെന്ന് കരുതിയായിരുന്നു അക്രമണം.
എന്നാല്‍ പള്ളിയില്‍ ആരെയും പിടികൂടാനായില്ല. താഴിട്ട് പൂട്ടിയ പള്ളിയുടെ രണ്ട് വാതിലുകള്‍ക്കാണ് വെട്ടേറ്റത്. നല്ല ഉറപ്പും കാതലുമുള്ളതിനാല്‍ വാള്‍ കൊണ്ട് ശക്തമായി വെട്ടിയിട്ടും വാതില്‍ തകര്‍ക്കാനായില്ല. 1973ല്‍ പള്ളി പുനര്‍ നിര്‍മാണം നടത്തിയെങ്കിലും ബ്രിട്ടീഷ് ക്രൂരതയുടെ ചരിത്രം അടയാളപ്പെടുത്തിയ വാതില്‍ മാറ്റിയിരുന്നില്ല.
കുട്ടശ്ശേരി, വാരിയം പറമ്പ്, വലിയപൊയില്‍, ചെറുകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ബ്രിട്ടീഷ് ക്രൂരതക്ക് സാക്ഷ്യം വഹിച്ച പ്രദേശങ്ങളാണ്. ഇവിടെങ്ങളില്‍ നിരവധി പേരെ അക്കാലത്ത് ബ്രിട്ടീഷ് സൈന്യം പിടിച്ച് ആന്ധമാനിലേക്ക് നാടു കടത്തിയിരുന്നു. പിന്നീട് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് പലരും പിറന്ന മണ്ണിലേക്ക് മടങ്ങി വന്നതെന്ന് നാട്ടിലെ കാരണവരായ കുട്ടശ്ശേരി അലബിണ്ണി ഹാജി സാക്ഷിപ്പെടുത്തുന്നു. ചിലര്‍ ആന്ധമാനില്‍ സ്ഥിര താമസമാക്കി. ഈ കണ്ണിയില്‍ ആരും ജീവിച്ചിരിപ്പില്ല. അന്ന് ബ്രിട്ടീഷുകാര്‍ പള്ളിയില്‍ നടത്തിയ അക്രമണത്തിന്റെ അടയാളമാണ് പള്ളിയിലെ വാതിലില്‍ ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് അതിക്രമത്തെക്കുറിച്ച് പുതുതലമുറയെ ഓര്‍മപ്പെടുത്തനാണ് പുനര്‍ നിര്‍മിക്കുമ്പോഴും വെട്ടേറ്റ അടയാളമുള്ള പള്ളിയുടെ വാതില്‍ മാറ്റാതിരിക്കുന്നതെന്ന് കുട്ടശ്ശേരി മഹല്ല് പ്രസിഡന്റ് ചുള്ളിക്കുളത്ത് കോയഹാജി പറഞ്ഞു. ബ്രിട്ടീഷ് അതിക്രമത്തിന്റെ നേര്‍ സാക്ഷ്യമായ ഈ പള്ളി ഇനിയും ചരിത്ര ഗവേഷകരുടെ ശ്രദ്ധയിലെത്തിയിട്ടില്ല.