Connect with us

Articles

ഗാസയിലെ ചോര തെറിച്ച വീണകള്‍

Published

|

Last Updated

ഗാസയില്‍ ഇസ്‌റാഈല്‍ വിതച്ചുകൊണ്ടിരിക്കുന്ന യുദ്ധക്കെടുതികള്‍ക്ക് തെല്ലൊരാശ്വാസം കൈ വന്നിരിക്കുന്നു എന്ന ആശ്വാസവാക്കുകള്‍ കേട്ടു തുടങ്ങിയിരിക്കുന്നു. ആദ്യം 28 ദിനരാത്രങ്ങള്‍ നീണ്ടുനിന്ന ആക്രമണം. ഇതുവരെ മരണപ്പെട്ടത് 1867 പേര്‍. ആകെ 18 ലക്ഷം ആളുകള്‍ അധിവസിക്കുന്ന ഗാസയില്‍ അയ്യായിരത്തോളം തവണയാണ് വ്യോമാക്രമണം നടത്തിയത്. അഞ്ച് ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാക്കപ്പെട്ടു. കൊല്ലപ്പെട്ട ഇസ്‌റാഈലികള്‍ 67 പേര്‍.
ശാശ്വത വെടിനിറുത്തല്‍ കരാറെന്ന യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ന്റെ നിര്‍ദേശം ഇസ്‌റാഈല്‍ പാലിക്കുമെന്നുറപ്പില്ല. അവിടുത്തെ ഭരണാധികാരികളുടെ വാക്കുകള്‍ ആ വഴിക്കുള്ള സൂചനകളാണ് നല്‍കുന്നത്. അതല്ലേ ഇസ്‌റാഈലിലെ ഒരു വനിതാ എം പി പറഞ്ഞത്! “എല്ലാ ഫലസ്തീന്‍കാരുടെയും അമ്മമാരെ കൊന്നൊടുക്കണം. അവരാണ് കുഞ്ഞു പാമ്പുകളെ പെറ്റുതള്ളുന്നത്. അവരുടെ വീടുകള്‍ തകര്‍ക്കണം. എല്ലാ ഫലസ്തീന്‍കാരും നമ്മുടെ ശത്രുക്കളാണ്. അവരുടെ രക്തം നമ്മുടെ കൈകളില്‍ പുരളുക തന്നെ വേണം.” ഈ എം പിയുടെ പേര് അയലൈത് ഷാക്കിദ്. സ്വന്തം വീട്ടിലെ അതിഥിമുറിയില്‍ സുഖനിദ്രയിലായ ഡങ്കന്‍ രാജാവിനെ വധിക്കുവാന്‍ കത്തിയുമായി മുറിയിലേക്കു പോയിട്ട് ആ ക്രൂരകൃത്യം ചെയ്യാന്‍ ധൈര്യം കിട്ടാതെ ഭാര്യയുടെ അടുത്ത് മടങ്ങിയെത്തിയ മാക്ബത്തിനു ധൈര്യം പകര്‍ന്നു കൊടുത്തുകൊണ്ട് ലേഡി മാക്ബത്ത് പറയുന്ന ഒരു ഡയലോഗ് ഷെയ്ക്ക്‌സ്പിയര്‍ തന്റെ മാക്ബത്ത് നാടകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്: “ഞാന്‍ പാലൂട്ടിയിട്ടുണ്ട്. എന്റെ മുലപ്പാലൂറ്റികുടിക്കുന്ന പിഞ്ചുകുഞ്ഞിനെ എത്ര അലിവോടെയാണ് ഞാന്‍ സ്‌നേഹിക്കേണ്ടതെന്നെനിക്കറിയാം. ആ ശിശു മുല കുടിക്കുന്നതിനിടയില്‍ എന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുമ്പോള്‍ തന്നെ അതിന്റെ എല്ലില്ലാത്ത മോണയെ എന്റെ മുലക്കണ്ണില്‍ നിന്നും പറിച്ചെടുത്ത് അതിന്റെ മണ്ട എറിഞ്ഞു ചിതറിക്കാന്‍ പോലും ഉള്ള ധൈര്യം ഞാന്‍ കാണിക്കും. അങ്ങയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍” ഒരു സ്ത്രീക്ക് ഇതിലും അധികം ക്രൂരയാകാന്‍ കഴിയില്ലെന്ന് ലേഡീ മാക്ബത്തിന്റെ സ്വഭാവ ചിത്രീകരണത്തിലൂടെ ഷെയ്ക്ക്‌സ്പിയര്‍ സമര്‍ഥിക്കുകയാണ്.
ഇസ്‌റാഈല്‍ പാര്‍ലിമെന്റ് അംഗം ഫലസ്തീന്‍ പെണ്ണുങ്ങളെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ ലേഡി മാക്ബത്തിനെയും കടത്തിവെട്ടിയിരിക്കുന്നു. മറ്റൊരു യഹൂദന്‍ മഹാനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ പറഞ്ഞു:‘”ജൂതന്മാരുടെ രാഷ്ട്രം നാസി ഭീകരതക്ക് അപ്പുറം തേടുകയാണ്. നാസികള്‍ ജൂതരോടു ചെയ്തതിലും കൂടതല്‍ ക്രൂരത ഇവര്‍ ഫലസ്തീനികളോടു ചെയ്യുന്നത് കാണുന്നതാണ് എന്റെ ഏറ്റവും വലിയ ദുഃഖം.”’കാര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതില്‍ പാരമ്പര്യമോ പൈതൃകമോ ഒന്നും സമാനമായ നിലപാടുകള്‍ അവലംബിച്ചുകൊള്ളണമെന്നില്ല എന്ന് വ്യക്തമാക്കുന്ന രണ്ട് പ്രസ്താവനകളാണ് മേലുദ്ധരിച്ചത്. ഇസ്‌റഈല്‍ ഗാസയിലെ വരും തലമുറയുടെ വിനാശവും കൂടി ലക്ഷ്യമിട്ടാണ് ഇപ്പോള്‍ നടത്തിവരുന്ന ആക്രണം എന്ന് തോന്നുന്നു. അമേരിക്കന്‍ സര്‍ക്കാറിനെ തന്നെ നിയന്ത്രിക്കുന്നത് ജൂതലോബിയാണെന്ന് ബോധ്യമാകുന്ന വിധത്തിലാണ് ഇപ്പോഴത്തെ ഈ ഇസ്‌റാഈല്‍ ഗാസാ സംഘര്‍ഷത്തെക്കുറിച്ചുള്ള ബറാക് ഒബാമയുടെ പ്രസ്താവനകള്‍ പുറത്തു വന്നു കാണുന്നത്. 2014 ജൂലൈ 23ന് ജനീവയില്‍ ചേര്‍ന്ന യു എന്‍ മനുഷ്യാവകാശ സമിതിയില്‍ ഇസ്‌റാഈലിനെതിരെ യുദ്ധക്കുറ്റം ചുമത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സംഘങ്ങള്‍ക്കും പറയേണ്ടിവന്നു. യു എന്‍ മനുഷ്യാവകാശ സമിതിയില്‍ ഇസ്‌റാഈലിനെ ശക്തമായി ന്യായീകരിച്ച ഏക രാജ്യം അമേരിക്കയാണ്. 47 അംഗ സമിതിയില്‍ 29 രാജ്യങ്ങള്‍ ഇസ്‌റാഈലി ആക്രമണം അന്വേഷിക്കണമെന്ന പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 17 യൂറോപ്യന്‍ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ശിഖണ്ഡി നയം അവലംബിച്ചു. ലോക സമാധാന പാലകരെന്നു സ്വയം മേനി നടിക്കുന്ന അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്ത രാജ്യം. ഇവിടെയാണ് ലോക സമാധാനത്തെക്കുറിച്ച് ഇതുവരേയും അവര്‍ നടത്തിവന്നിരുന്ന ഗിരിപ്രഭാഷണത്തിന്റെ വ്യര്‍ഥത മറനീക്കി പുറത്തു വരുന്നത്.
ജൂതന്മാര്‍ക്ക് അവരുടെ ജന്മഗേഹം തിരികെക്കിട്ടിയിരിക്കുന്നു. ഫലസ്തീനിലെ പൂര്‍വനിവാസികള്‍ പൂര്‍ണമായും അവര്‍ക്കു കീഴ്‌പെട്ടുകൊള്ളുക അല്ലെങ്കില്‍ സ്വയം ഇല്ലാതായിത്തീരണം. ഇതത്രെ ദൈവഹിതം എന്ന് പ്രചരിപ്പിക്കുന്ന ക്രൈസ്തവ സയണിസം എന്ന നൂതന പ്രചാരണധാരയെക്കുറിച്ച് മുമ്പൊരിക്കല്‍ ഈ പംക്തിയില്‍ എഴുതിയിരുന്നു. ഇപ്പോള്‍ ഇസ്‌റാഈല്‍ ഗാസയില്‍ നടത്തിപ്പോരുന്ന കൂട്ടക്കുരുതിയില്‍ ലോക രാഷ്ട്രങ്ങള്‍ പുലര്‍ത്തിപ്പോരുന്ന കുറ്റകരമായ നിസ്സംഗതയില്‍ ഇത്തരം ചില തെറ്റായ പ്രചാരണങ്ങളുടെ സ്വാധീനം പ്രകടമാണ്. ഇസ്‌റാഈല്‍- അറബ് സംഘര്‍ഷത്തിന് മതപരമായ യാതൊരു വേരുകളും ഇല്ലെന്നതാണ് പരമാര്‍ഥം. അറബികളും പ്രാചീന ഇസ്‌റാഈല്‍ നിവാസികളും സെമറ്റിക്ക് വിഭാഗത്തില്‍പെടുന്നരാണ്. ഹീബ്രു, അറബി എന്നിവ സെമറ്റിക്ക് ഭാഷാ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ഭാഷകളാണ്. ഘടനാപരവും നിയമപരവും ആചാരപരവും ആയ കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അടുപ്പമുള്ള രണ്ടേ രണ്ട് മതങ്ങളാണ് ഇസ്‌ലാാമും ജൂത മതവും. ജൂത മതക്കാരുമായുള്ള വിവാഹബന്ധത്തിനു പോലും മുമ്പ് മുസ്‌ലിംകള്‍ക്ക് വിലക്കു കല്‍പ്പിച്ചിരുന്നില്ല.
യഹൂദര്‍ അവരുടെ പൂര്‍വ പിതാക്കന്മാരായി പ്രകീര്‍ത്തിക്കുന്ന അബ്രഹാമിന്റെയും മോസയുടെയും ദൈവത്തെയാണ് മുസ്‌ലിംകള്‍ ആരാധിക്കുന്നത്. ദൈവം ഇസ്‌റാഈലുകാര്‍ക്കു നല്‍കിയ അനുഗ്രഹങ്ങളുടെ ദീര്‍ഘമായ പട്ടിക തന്നെ ഖുര്‍ആന്‍ നിരത്തുന്നുണ്ട് (ഖുര്‍ആന്‍ 5:20, 2:47, 44:32, 44:32)ക്രൈസ്തവ വിഭാഗവുമായി നടന്നതു പോലുള്ള സംഘട്ടനങ്ങള്‍ ഒന്നും മുസ്‌ലിംകളും ജൂതന്മാരുമായി നടന്നിട്ടില്ല. എന്നിട്ടും അഭിനവ ഇസ്‌റാഈലിന്റെ സ്ഥാപനത്തിനുശേഷം ജുതന്മാരെ ഉപയോഗിച്ച് അറബികളെ അമേരിക്ക വേട്ടയാടുന്നു എന്നാണ് പ്രസിദ്ധ മതപണ്ഡിത കരന്‍ ആംസ്‌ട്രോംഗ് എന്ന ഗ്രന്ഥകാരി എഷോര്‍ട്ട് ഹിസ്റ്ററി ഓഫ് ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ സമര്‍ഥിക്കുന്നത്.
പുതിയ ഇസ്‌റാഈല്‍ രാജ്യത്തിന് ബീജാവാപം ചെയ്തു സയണിസ്റ്റ് ആചാര്യന്മാരായിരുന്ന തിയോഡോര്‍ ഹെര്‍സലും ഡേവിഡ് ബെന്‍ഗുരിയനും ജൂതമതവിശ്വാസികള്‍ പോയിട്ട് ദൈവവിശ്വാസികള്‍ പോലും ആയിരുന്നില്ലെന്നാണ് അവരുടെ ചരിത്രം തെളിയിക്കുന്നത്. ഇങ്ങനെ ഇസ്‌റാഈലിലെ ഭൂരിപക്ഷം യഹൂദരും അറബ്‌വിരോധത്തിന് സൂത്രധാരത്വം വഹിക്കുന്ന അവരുടെ ഭരണാധികാരികളും ഏതാണ്ടിങ്ങനെയൊക്കെ തന്നെയാണ്. മതവും ദൈവവുമൊക്കെ അവര്‍ക്കു സ്വന്തം അധര്‍മപ്രവൃത്തികള്‍ക്കു മറ പിടിക്കാനുള്ള മൂടുപടങ്ങള്‍ മാത്രമാണ്. ഇതൊന്നും മനസ്സിലാക്കാതെയാണ് അറബ് ഇസ്‌റാഈല്‍ യുദ്ധത്തെ ദൈവവും പിശാചും തമ്മില്‍ നടക്കാന്‍ പോകുന്ന യുഗാന്ത്യ കാലത്തെ സൂചിപ്പിക്കുന്ന അര്‍മഗദോന്‍ യുദ്ധത്തിന്റെ തുടക്കമാണെന്നൊക്കെ അമേരിക്കാ കേന്ദ്രീകൃത ഇവാഞ്ചലിസ്റ്റുകള്‍ ലോകമെങ്ങുമുള്ള ക്രിസ്ത്യാനികളെ ബോധവത്കരിക്കുന്നത്.
ഇസ്‌റാഈയല്‍ ലക്ഷ്യം വെക്കുന്നത് ഹമാസിനെ ആണെങ്കിലും കൊല്ലപ്പെട്ടത് അത്രയും ഹമാസുമായി ബന്ധമൊന്നുമില്ലാത്ത നിരപരാധികളായ സിവിലിയന്മാരും സ്ത്രീകളും കൊച്ചുകുട്ടികളുമാണ്. ഇസ്‌റാഈലി ഭീകരന്മാര്‍ക്കെതിരെ ഇസ്‌റാഈലില്‍ നിന്നു തന്നെ ജനവികാരം ഉയര്‍ന്നിട്ടുണ്ട്. കൂട്ടക്കൊലക്കു പരസ്യ പിന്തുണ പ്രഖ്യാപിച്ച അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ചര്‍ച്ചക്കായി കൈറോയിലെത്തിയിരുന്നു എന്നതാണ് വൈരുധ്യം. വെടി നിറുത്തല്‍ ഇനി വൈകിക്കരുതെന്നും ഗാസക്കു മേലുള്ള ഉപരോധം തീര്‍ക്കാന്‍ മാന്യമായ ഉറപ്പ് ലഭിക്കണമെന്നും ഹമാസ് നേതാവ് ഖാലിദ് മിഷാല്‍ ബി ബി സിയുമായുള്ള അഭിമുഖത്തില്‍ ആവശ്യപ്പെടുകയുണ്ടായി. ജനങ്ങള്‍ക്കു പുറത്തിറങ്ങാന്‍ കഴിയുന്ന തരത്തില്‍ ഒരു നാടാകെ ഉപരോധവിധേയമാക്കിയിരിക്കുകയാണ്.
സുപ്രധാനമായ ഒരു ചരിത്രവും സംസ്‌കാരവും സ്വന്തമായുള്ള ഒരു ഭൂപ്രദേശമാണ് ഒടുങ്ങാത്ത നിലവിളി ശബ്ദവുമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഗാസ; 363 ച കി മീ വിസ്തീര്‍ണം. ചരിത്രത്തിലെ നിര്‍ണായക കാലങ്ങളിലെല്ലാം വാണിജ്യാഭിവൃദ്ധി പ്രാപിച്ചിരുന്ന ഒരു നഗരം. ബി സി 15-ാം ശതകം മുതലെങ്കിലും ഗാസ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരുന്നു. മിക്കപ്പോഴും ഇസ്‌റാഈലികള്‍, അസ്സീറിയാക്കാര്‍, ബാബിലോണിയക്കാര്‍, പേര്‍ഷ്യക്കാര്‍ എന്നിവരില്‍ നിന്നുള്ള നിരന്തരമായ ആക്രമണം കൊണ്ടു പൊറുതിമുട്ടിയ ഒരു ജനതയായിരുന്നു ഗാസാ നിവാസികള്‍. കുരിശുയുദ്ധാനന്തര കാലത്താണ് ഗാസക്ക് അതിന്റെ പ്രതാപൈശ്വര്യങ്ങള്‍ നഷ്ടമാകുന്നത്. 16-ാം ശതകം മുതല്‍ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ അധീനതയിലായി ഈ പ്രദേശം. ഒന്നാം ലോകയുദ്ധാനന്തരം യു എന്‍ ഉത്തരവ് പ്രകാരം ഫലസ്തീന്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായിത്തീര്‍ന്നു. 1948-49ലെ അറബി- ഇസ്‌റാഈല്‍ യുദ്ധത്തെ തുടര്‍ന്ന് ഈ പ്രദേശം ഈജിപ്ത് കൈവശപ്പെടുത്തുകയും ഈജിപ്തിന്റെ ഫലസ്തീനിലെ ആസ്ഥാനമായി തീരുകയും ചെയ്തു. 1967ലെ ആറ് ദിന യുദ്ധത്തില്‍ ഇസ്‌റാഈല്‍ ഈ ഭൂപ്രദേശം ഈജിപ്തില്‍ നിന്നു പിടിച്ചെടുക്കുകയും ചെയ്തു. ഗാസാ മുനമ്പിലെ കേവലം 40 കി. .മീറ്റര്‍ മാത്രം നീളമുള്ള ഒരു ചെറിയ മേഖല മാത്രം ഈജിപ്തിന്റെ അധീനതയില്‍ നിലനിറുത്തപ്പെടുകയും ചെയ്തു. 1967ല്‍ ഇസ്‌റാഈല്‍ ഈ പ്രദേശവും പിടിച്ചെടുത്തു സ്വന്തമാക്കി. ഇതിനകം ഗാസയും ഗാസാ മുനമ്പും ഇസ്‌റാഈലിന്റെ രാഷ്ട്രസ്ഥാപനവുമായി ആയി ബന്ധപ്പെട്ടു പുറംതള്ളിയ ലക്ഷക്കണക്കിന് അറബി അഭയാര്‍ഥികളുടെ താവളമായി വളര്‍ന്നുകഴിഞ്ഞിരുന്നു.
ഗാസയിലെയും വെസ്റ്റ് ബാങ്കിലേയും ഫലസ്തീനികള്‍ ഇസ്‌റാഈലി അധിനിവേശത്തിനെതിരെ 1987-93 കാലത്ത് ശക്തമായ പ്രക്ഷോഭം നടത്തി. പട്ടിണിയുടെയും പരിവട്ടത്തിന്റെയും മധ്യത്തില്‍ നിന്നുകൊണ്ട് ഫലസ്തീന്‍കാര്‍ നടത്തിയ പ്രക്ഷോഭം വൈകാതെ പി എല്‍ ഒ ഏറ്റെടുത്തു. പണിമുടക്കുകളും ബഹിഷ്‌കരണങ്ങളും ഇസ്‌റാഈലി സേനയുമായുള്ള സംഘട്ടനങ്ങളും ഇതിന്റെ സമരതന്ത്രങ്ങളില്‍ പെട്ടിരുന്നു. ഇസ്‌റാഈല്‍ ഈ പ്രദേശത്തു വിന്യസിച്ചിരുന്ന സുരക്ഷാ സേന 1990 വരെ പതിനാറ് വയസ്സില്‍ താഴെ പ്രായമുള്ള 2… വധിച്ചതായി അന്താരാഷ്ട്ര റെഡ്‌ക്രോസ് സംഘടന കണക്കുകൂട്ടുന്നു. ഗാസ, വെസ്റ്റ് ബാങ്ക് പ്രദേശങ്ങളില്‍ ഫലസ്തീനികള്‍ നടത്തിയ ഈ പ്രക്ഷോഭം ഇന്‍തിഫാദ എന്ന പേരില്‍ അറിയപ്പെടുന്നു. ഈ അറബി വാക്കിന്റെ അര്‍ഥം “കുടഞ്ഞുകളയുക” എന്നതാണ്. ഫലസ്തീനിന്റെ സ്വയംഭരണത്തെക്കുറിച്ചുള്ള 1993 ലെ ഇസ്‌റാഈല്‍- പി എല്‍ ഒ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഇന്‍തിഫാദ പ്രക്ഷോഭം സഹായകമായി. 20-ാം നൂറ്റാണ്ടിന്റെ അവസാന കാലത്തോടെ കൂടിയാലോചനകള്‍ സ്തംഭിക്കുകയും പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരഗ്നിപര്‍വതം പോലെ ഫലസ്തീന്‍ ഇസ്‌റാഈല്‍ പ്രശ്‌നം ഇന്ന് ലോകത്തിന്റെ നെറുകയില്‍ നിലനില്‍ക്കുകയും ചെയ്യുന്നു.
ഇപ്പോഴത്തെ ഈ പ്രശ്‌നത്തില്‍ അമേരിക്ക കുറ്റപ്പെടുത്തുന്നത് ഹമാസിനെയാണ്. ഹമാസ് പഴയ പി എല്‍ ഒയുടെ പരിണത രൂപമാണ്. പി എല്‍ ഒയെ ഇസ്‌റാഈലും അമേരിക്കന്‍ ചേരി രാജ്യങ്ങളും ചേര്‍ന്നു കബളിപ്പിക്കുകയായിരുന്നു. പി എന്‍ ഒയും ഇസ്‌റാഈലും തമ്മിലുണ്ടാക്കി ലംഘിക്കപ്പെടുന്നു എന്നു വന്നപ്പോഴാണ് പി എല്‍ ഒ എന്ന ഫലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന് രൂപഭേദങ്ങളും ഭാവവ്യത്യാസങ്ങളും സംഭവിച്ചത്.
പി എല്‍ ഒയുടെ ചരിത്രത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുന്നത് ഹമാസിനെതിരായ അമേരിക്കന്‍പക്ഷ വാദികളുടെ ആരോപണങ്ങളുടെ പൊള്ളത്തരം വെളിവാക്കാന്‍ സഹായകമാകും. ഇസ്‌റാഈല്‍ അധിനിവേശത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ 1964ലാണ് ഇതിന് രൂപം കൊടുത്തത്. ഇന്‍തിഫാദയുടെ തലവനെന്ന നിലയില്‍ യാസിര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ ജോര്‍ദാനിലുള്ള അറബ് താവളങ്ങള്‍ കേന്ദ്രീകരിച്ച് ഇസ്‌റാഈലിനെതിരെ ഒളിപ്പോര്‍ യുദ്ധം നടത്തിയിരുന്നു. അറഫാത്തിന്റെ നാമം ലോകത്തെവിടേയും വിമോചനപ്പോരാട്ടത്തിലേര്‍പ്പെട്ടിരുന്നവരുടെ രോമാഞ്ചവും അധിനിവേശശക്തികളുടെ പേടി സ്വപ്‌നവും ആയി മാറി. ജറൂസലമില്‍ ജനിച്ചു. കൈറോയില്‍ നിന്നും സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. 1956 ലെ ഇസ്‌റാഈലുമായുള്ള യുദ്ധത്തില്‍ ഈജിപ്ഷ്യന്‍ സേനയില്‍ സേവനം അനുഷ്ഠിച്ചു. പിന്നീട് ഫതഹ് എന്ന ഗറില്ല സംഘടനയുടെ സ്ഥാപകനായി 1969 മുതല്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ അംഗീകാരം നേടി.
1974ല്‍ ഐക്യരാഷ്ട്ര സംഘടന പി എല്‍ ഒയെ ഔദ്യോഗികമായി അംഗീകരിച്ചു. അങ്ങനെ ചരിത്രത്തിലാദ്യമായി ഒരു സര്‍ക്കാറിതര സംഘടനയുടെ അധ്യക്ഷന്‍ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്തു. 1993ല്‍ ഔദ്യോഗികമായി ഇസ്‌റാഈലിനെ അംഗീകരിച്ചു. 1994ല്‍ യിസഹാക്ക് റബ്ബിനും ഷിമോണ്‍ പെരസുമൊത്തു നൊബേല്‍ സമാധാന സമ്മാനം പങ്ക് വെച്ചു. 1996ല്‍ പുതിയതായി സ്ഥാപിക്കപ്പെട്ട ഫലസ്തീനിയന്‍ അതോറിറ്റിയുടെ പ്രസിഡന്റായി. അതോടെ പല്ലും നഖവും പൊഴിഞ്ഞ് കൂട്ടിലടക്കപ്പെട്ട ഒരു സിംഹമായി അറഫാത്ത് മാറിക്കഴിഞ്ഞിരുന്നു. അറഫാത്തിന്റെ മരണത്തില്‍ പോലും പാശ്ചാത്യശക്തികളുടെ കറുത്ത കൈകള്‍ പ്രവര്‍ത്തിത്തിച്ചിരുന്നതായി പില്‍ക്കാല ഗവേഷണം തെളിയിക്കുകയുണ്ടായി ഈ പശ്ചാത്തലത്തിലാണ് ഹമാസ് പ്രതിരോധത്തിന്റെ പുതിയ രൂപമായി രംഗപ്രവേശം ചെയ്യുന്നത്. ഹറകാത്ത്-അല്‍-മുക്കാവീമ- അല്‍ ഇസ്‌ലാമിയ എന്നതിന്റെ ചുരുക്കപ്പേരാണ് ഹമാസ്. ഇസ്‌ലാമിക് റെസിസ്റ്റന്‍സ് മൂവ്‌മെന്റ് എന്ന് ഇംഗ്ലീഷ് പരിഭാഷ. ഇസ്‌റാഈലിന്റെ നാശത്തിനും ഇസ്‌ലാമിക ഫലസ്തീന്‍ രാജ്യത്തിന്റെ നിര്‍മിതിക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ട പ്രസ്ഥാനം എന്നു സംഗ്രഹിതാര്‍ഥം. 1988ല്‍ ഷെയ്ഖ് അഹ്മദ് യാസീന്‍ സ്ഥാപിച്ച ഈ പ്രസ്ഥാനത്തിന് നേതൃത്വം മുസ്‌ലിം സാഹോദര്യത്തെ മൗലിക പ്രമാണമായി അംഗീകരിച്ചിരിക്കുന്നു. കൂടുതല്‍ തീവ്രവാദപരമായ നിലപാടുകളിലൂടെ ആത്യന്തിക വിജയം നേടിയെടുക്കാമെന്നാണ് അവര്‍ ലക്ഷ്യമിടുന്നത്. ഫലസ്തീന്‍ ഒരു കാരണവശാലും അമുസ്‌ലിംകള്‍ക്കു കീഴ്‌പ്പെടുകയില്ലെന്നാണ് ഹമാസ് വാദിക്കുന്നത്. ഇസ്‌റാഈല്‍ ഗാസക്കു മേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ വ്യോമാക്രമണത്തിന് മുമ്പില്‍ ഹമാസിന്റെ മിസൈലുകളുടെ ആക്രമണ ശേഷി കേവലം പടക്കം പൊട്ടിക്കലുകളായി കലാശിക്കുന്നതായിട്ടാണ് അനുഭവം. പക്ഷേ, ഹമാസിന്റെ പടക്കം പൊട്ടിക്കലിന്റെ ശബ്ദം ഇസ്‌റാഈലിന്റെ ബോംബു സ്‌ഫോടനത്തേക്കാള്‍ ഉച്ചത്തില്‍ മുഴങ്ങുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്്. അതല്ലേ തുടക്കം മുതല്‍ ഇസ്‌റാഈലിന്റെ അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്ന ഇന്ത്യയുടെ പാര്‍ലിമെന്റിനു പോലും ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിക്കുന്ന ഒരു പ്രമേയം പാസ്സാക്കാന്‍ കഴിയാതെ പോയതും. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഒരു കേവല യുദ്ധമായി ഗാസാ അതിക്രമങ്ങളെ ചിത്രീകരിക്കുന്ന തരത്തിലേക്കു പാര്‍ലിമെന്റ് ചര്‍ച്ചകളെ വഴിതിരിച്ചു വിട്ടതും. ഇതു നമ്മുടെ വിദേശ ചരിത്രത്തിലെ ഒരു വഴിത്തിരിവാണ്.

Latest