Connect with us

Eranakulam

ബാറില്ലാതെ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആകില്ലേയെന്ന് കോടതി

Published

|

Last Updated

കൊച്ചി: ഫോര്‍ സ്റ്റാര്‍ പദവിയുള്ള ഹോട്ടല്‍ ഉടമകളുടെ ബാര്‍ ലൈസന്‍സ് അപേക്ഷകളില്‍ തീരുമാനം എടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ബാര്‍ ലൈസന്‍സുകള്‍ പുതുക്കാനും പുതിയ ലൈസന്‍സുകള്‍ അനുവദിക്കാനുമുള്ള 13 ഹോട്ടല്‍ ഉടമകളുടെ അപേക്ഷകളില്‍ എട്ട് ആഴ്ചക്കകം അന്തിമ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് സി കെ അബ്ദുര്‍റഹീമിന്റെ ഇടക്കാല ഉത്തരവ്. ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ഉടമകളുടെ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിന് സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ തടസ്സങ്ങളില്ലെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വ. ജനറല്‍ കെ പി ദണ്ഡപാണി കോടതിയെ അറിയിച്ചു.
ബാറുകളുടെ ദൂരപരിധി കേസില്‍ സുപ്രീം കോടതിയുടെ വ്യക്തമായ നിര്‍ദേശമുണ്ടായിട്ടും അബ്കാരി നയത്തിന്റെ പേര് പറഞ്ഞ് ഫോര്‍സ്റ്റാര്‍ ഹോട്ടലുടമകളുടെ അപേക്ഷ പരിഗണിക്കാന്‍ വിസമ്മതിക്കുകയാണെന്ന് ഹരജി ഭാഗം ചൂണ്ടിക്കാട്ടി. നിലവില്‍ ഉണ്ടായിരുന്ന ലൈസന്‍സ് പുതുക്കി നല്‍കാന്‍ അപേക്ഷ നല്‍കിയതും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ത്രീ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കാമെന്ന ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ ശിപാര്‍ശ നല്‍കിയിട്ടും അപേക്ഷകള്‍ പരിഗണിക്കാത്തത് വിവേചനപരമാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ശിപാര്‍ശകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനു ബാധ്യതയുണ്ടെന്നും ഹരജിഭാഗം വാദിച്ചു. ഫോര്‍ സ്റ്റാര്‍ പദവി ലഭിക്കാന്‍ ബാര്‍ നിര്‍ബന്ധമാണെന്നും സുപ്രീം കോടതി ഇക്കാര്യം നേരത്തെ പരിശോധിച്ചിട്ടുണ്ടെന്നും ഹരജിക്കാര്‍ വിശദീകരിച്ചു. രാജ്യത്ത് ബാര്‍ ഇല്ലാത്ത ഫോര്‍ സ്റ്റാര്‍ ഹോട്ടലിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന സാഹചര്യം ആശ്ചര്യകരമാണെന്ന് കേസ് വാദത്തിനിടെ കോടതി പറഞ്ഞു. ബാര്‍ ഇല്ലാത്ത ഫോര്‍ സ്റ്റാര്‍ ഹോട്ടലിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലേ എന്നും കോടതി ചോദിച്ചു. ചട്ടങ്ങള്‍ പ്രകാരം ഫോര്‍ സ്റ്റാര്‍ പദവിക്ക് ബാര്‍ അനിവാര്യമാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ബാര്‍ ലൈസന്‍സ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച മറ്റ് ഹരജികള്‍ കോടതി വിശദമായ വാദത്തിനായി മാറ്റി.

Latest