Connect with us

Kannur

നവജാത ശിശു വില്‍പ്പന: ഡോക്ടറുടെ ജാമ്യാപേക്ഷ പോലീസ് എതിര്‍ക്കും

Published

|

Last Updated

പയ്യന്നൂര്‍: വിവാദമായ പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയിലെ നവജാതശിശുവിനെ വില്‍പ്പന നടത്തിയ കേസിലെ പ്രതി ഡോ. ശ്യാമള മുകുന്ദന് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇപ്പോള്‍ ജാമ്യത്തിലുള്ള ഡോക്ടറുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കുന്ന അവസരത്തിലാണ് പോലീസ് അപേക്ഷ നല്‍കുക. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിക്ക് വീണ്ടും ജാമ്യം നല്‍കുന്നത് തടഞ്ഞ് അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് നടത്തുന്നത്. നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചിട്ട് മതി അറസ്റ്റെന്ന നിലപാടിലായിരുന്നു പോലീസ്. അതുകൊണ്ടാണ് ആദ്യ തവണ ഡോക്ടര്‍ക്ക് ജാമ്യം നല്‍കുന്നതിനെ പോലീസ് എതിര്‍ക്കാതിരുന്നതെന്നാണ് സൂചന.
അതിനിടെ, കുട്ടിയെ വാങ്ങിയെന്ന് പറയപ്പെടുന്ന ദമ്പതികളിലൊരാളായ അനിത ജോലി ചെയ്യുന്ന സ്‌കൂളില്‍ പോലീസ് അന്വേഷണം നടത്തി. പ്രസവിച്ചുവെന്ന് ഇവര്‍ അവകാശപ്പെടുന്ന ദിവസങ്ങളിലും ഇവര്‍ ജോലിക്ക് ഹാജരായിട്ടുണ്ടെന്ന് തെളിയിക്കുന്ന നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറുടെ ജാമ്യാപേക്ഷയെ പോലീസ് എതിര്‍ക്കുക.
നവജാത ശിശു വില്‍പ്പനയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംഭവം വെളിച്ചത്തു കൊണ്ടുവന്ന രാജന്‍ സി നായര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കും. പരാതിയില്‍ പറയുന്ന ഗൈനക്കോളജിസ്റ്റ് ഡോ. ശ്യാമള മുകുന്ദന്‍ 2004 മുതല്‍ നിരവധി കുട്ടികളെ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും ആവശ്യമായ സംരക്ഷണം നല്‍കണമെന്നും പരാതിയില്‍ രാജന്‍ ആവശ്യപ്പെട്ടതായും അറിയുന്നു.