Connect with us

Malappuram

സി പി ഐ മലപ്പുറം ജില്ലാസെക്രട്ടറി15 ലക്ഷം രൂപ വാങ്ങിയെന്ന് ആരോപണം

Published

|

Last Updated

മലപ്പുറം: സി പി ഐ സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെ മലപ്പുറം ജില്ലാ കമ്മിറ്റിയിലും പൊട്ടിത്തെറിക്ക് സാധ്യത തെളിയുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന വി അബ്ദുര്‍റഹ്മാനില്‍ നിന്ന് 15 ലക്ഷം രൂപ സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ വാങ്ങിയെന്നാണ് പുതിയ ആരോപണം. ജില്ലാ കമ്മിറ്റിയിലെ ചില അംഗങ്ങളാണ് ആരോപണത്തിന് പിന്നില്‍. അഞ്ച് ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ജില്ലാ കമ്മിറ്റിയില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ജില്ലാ സെക്രട്ടറി 15 ലക്ഷം രൂപ നേരിട്ട് കൈപറ്റിയിട്ടും മുഴുവന്‍ സംഖ്യയും കണക്കില്‍ കാണിക്കാത്തതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

അഞ്ച് ലക്ഷം രൂപയാണ് പൊന്നാനി മണ്ഡലത്തില്‍ നിന്ന് ലഭിച്ചതെന്നും അത് പൊന്നാനി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിച്ചുവെന്നായിരുന്നു സെക്രട്ടറി ജില്ലാകമ്മിറ്റിയില്‍ അറിയിച്ചത്. ഈ റിപ്പോര്‍ട്ട് കമ്മിറ്റിയില്‍ അറിയിക്കുകയും മിനുട്‌സില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് 15 ലക്ഷം രൂപ സ്ഥാനാര്‍ത്ഥിയില്‍ നിന്ന് വാങ്ങിയതെന്ന വാദവുമായി ജില്ലയിലെ ചില നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. #േഇത് പാര്‍ട്ടിക്കുള്ളില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സെക്രട്ടറിയുടെ വഴിവിട്ട സാമ്പത്തിക ക്രമക്കേടുകളും മണല്‍ മാഫിയ ബന്ധങ്ങളും നേരത്തെ തന്നെ അദ്ദേഹത്തിനെതിരെയുളള എതിര്‍പ്പിന് കാരണമായിരുന്നു. സി പി ഐ ദേശീയ കൗണ്‍സില്‍ അംഗമായിരുന്ന അഡ്വ. എം റഹ്മത്തുല്ല പാര്‍ട്ടിയില്‍ നിന്ന് പോകാനിടയായതും കഴിഞ്ഞ ദിവസം അന്തരിച്ച വി ഉണ്ണികൃഷ്ണനെ ജില്ലാ സെക്രട്ടറിസ്ഥാനത്ത് നിന്ന് തരം താഴ്ത്തിയുമാണ് നിലവിലെ സെക്രട്ടറിക്ക് ഇളവ് ലഭിച്ചത്.
എന്നാല്‍ ഗുരുതരമായ ക്രമക്കേടാണ് പാര്‍ട്ടി സെക്രട്ടറി ഇപ്പോള്‍ കാണിച്ചിരിക്കുന്നതെന്നും ഇതിന് സമാനമായ സംഭവത്തിനാണ് റഹ്മത്തുല്ലക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്നുമാണ് സി പി ഐയുടെ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിക്കുന്നത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ എതിര്‍ സ്ഥാനാര്‍ത്ഥിയില്‍ നിന്ന് പണം വാങ്ങിയെന്ന് ആരോപിച്ചാണ് റഹ്മത്തുല്ലക്കും ഉണ്ണികൃഷ്ണനും നടപടി നേരിടേണ്ടി വന്നത്. അന്ന് 35 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ആരോപണം.
സംസ്ഥാന സെക്രട്ടറി നേരിട്ട് തന്നെ ജില്ലയിലെത്തി ഈ വിഷയം പഠിക്കുകയും ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു പിന്നീട് ചെയ്തത്. ഏറനാട് മണ്ഡലത്തില്‍ സി പി ഐയുടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അശ്‌റഫലി കാളിയത്തിന് കേവലം 2600 വോട്ട് മാത്രമാണ് നേടാനായത്. ഇത് ഇടതുപക്ഷത്തിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. ഇതിന് സമാനമായ സംഭവമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയില്‍ നിന്നും പണം വാങ്ങിയ ശേഷം ഇക്കാര്യം മറച്ച് വെച്ചതും ജില്ലാ സെക്രട്ടറിയേറ്റിനെ തെറ്റിദ്ധരിപ്പിച്ചതും നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് വരുംദിവസങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കും.
ഫണ്ട് പിരിച്ചെടുക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ പാര്‍ട്ടിയില്‍ നിലനില്‍ക്കാന്‍ കഴിയുകയുള്ളുവെന്നും മുതലാളിമാരുമായി ബന്ധം സ്ഥാപിച്ച് കൂടുതല്‍ ഫണ്ട് പാര്‍ട്ടിയില്‍ എത്തിക്കുന്നവരാണ് കേമന്‍മാരാകുന്നതെന്ന ആക്ഷേപവും ശക്തമാണ്. പഴയകാല നേതാക്കളുടെ ആഢ്യത്തത്തിലാണ് സി പി ഐ ഇത്രകാലം സഞ്ചരിച്ചതെന്നും സി കെ ചന്ദ്രപ്പന് ശേഷം അത് അസ്തമിച്ചുവെന്നും ജില്ലയിലെ ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. കൊല്ലം, തൃശൂര്‍ ജില്ലകളിലെ ചില നിയമസഭാ മണ്ഡലങ്ങളില്‍ സീറ്റ് നിലനിര്‍ത്തുക മാത്രമായിരിക്കുകയാണ് സി പി ഐയുടെ പാര്‍ട്ടി പ്രവര്‍ത്തനമെന്നും ആക്ഷേപമുണ്ട്.

 

Latest