Connect with us

Articles

സിവില്‍ സര്‍വീസ് രംഗത്തുനിന്ന് ഇംഗ്ലീഷ് പടിയിറങ്ങുമോ?

Published

|

Last Updated

ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവികളിലേക്ക് ആളെ സപ്ലൈ ചെയ്യുന്ന സിവില്‍ സര്‍വീസ് രംഗത്ത് നിന്ന് ലോക ഭാഷയായ ഇംഗ്ലീഷിനെ പടിയിറക്കാനോ മോദി സര്‍ക്കാര്‍ പുതിയ നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്? യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകള്‍ ഇനി മുതല്‍ ഭരണഘടനയിലെ എട്ടാം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ പ്രാദേശിക ഭാഷകളിലും എഴുതാന്‍ അവസരം കൊടുക്കുന്നതിനെക്കുറിച്ച് ഗൗരവപൂര്‍വം ആലോചിക്കുന്നുണ്ടത്രേ!
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ എഴുതാം എന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു ഇതിനകം പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍, ഹിന്ദി മേഖലയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടത്ര ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തതിനാല്‍ അവര്‍ ഹിന്ദി ഭാഷയില്‍ മാത്രമാണ് എഴുതാന്‍ താത്പര്യം കാട്ടുന്നത്. അതുകൊണ്ട് ഫലത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷകള്‍ ഹിന്ദിയില്‍ മാത്രമായി മാറാനുള്ള സാധ്യതയാണ് കാണുന്നത്. അതിനെക്കാളുപരി ഹിന്ദി ഭാഷയുടെ അപ്രമാദിത്വം സിവില്‍ സര്‍വീസ് രംഗത്ത് വമ്പിച്ച പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം.
അതോടൊപ്പം, പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. അത് ഇംഗ്ലീഷ് ഭാഷയോടു കാട്ടുന്ന അവജ്ഞയോ അവഗണനയോ ആയി മാറാനുള്ള എല്ലാ സാമൂഹിക, രാഷ്ട്രീയ സാഹചര്യവും ഉണ്ടായിവന്നിരിക്കുന്നുവെന്നതാണ്. വിശേഷിച്ചും മോദി സര്‍ക്കാര്‍ ഭരണരംഗത്തെ അടിമുടി ഹിന്ദിവത്കരിക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന അപായങ്ങള്‍ അനവധിയാണ്. ഹിറ്റ്‌ലര്‍ ജര്‍മന്‍ ഭാഷയുടെ മഹത്വം ഉദ്‌ഘോഷിച്ചുകൊണ്ട് “ആര്യ 2ഭാഷ” അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ട്. മറ്റ് ഭാഷകള്‍ക്കെതിരായ വികാരപരമായ അംശങ്ങള്‍ ഇളക്കി വിട്ടുകൊണ്ട് ജര്‍മന്‍ വംശീയ മേധാവിത്വത്തിന് ഹിറ്റ്‌ലര്‍ ശ്രമിച്ചതു പോലെ, ബഹുഭാഷാ, ദേശീയ രാഷ്ട്രീയമായ ഇന്ത്യയില്‍ ഹിന്ദിയും മറ്റു ഭാഷകളും എന്ന വേര്‍തിരിവ് മനുഷ്യര്‍ക്കിടയില്‍ വന്‍മതിലുകള്‍ സൃഷ്ടിക്കാനും ഭാവിയിലെ വിഭജനങ്ങള്‍ക്ക് ആക്കം കൂട്ടാനും വഴിയൊരുക്കുമെന്ന് ഭയപ്പെടേണ്ടതുണ്ട്.
യു പി എസ് സി പരീക്ഷാ സമ്പ്രദായങ്ങളില്‍ വരുത്തിയിരിക്കുന്ന പ്രകടമായ മാറ്റങ്ങള്‍ അശുഭകരമായ സൂചനകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. അതിലൊന്ന്, സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ രീതിയില്‍ വരുത്തിയ മാറ്റം തന്നെയാണ്. അതിപ്പോള്‍ കേവലം അഭിരുചി പരീക്ഷ മാത്രമായി മാറിയിട്ടുണ്ട്. സിവില്‍ സര്‍വീസസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സി എസ് എ ടി) എന്നാണതിന്റെ പേര്. അതിനെതിരെ ഡല്‍ഹിയില്‍ വലിയ പ്രതിഷേധസമരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. സി എസ് എ ടി – CAST പേപ്പര്‍ രണ്ട് ഇംഗ്ലീഷ് കോംപ്രിഹെന്‍ഷനാണ് (English Comprehension). അതൊരു കടമ്പയായതിനാല്‍ ആ പേപ്പറിന്റെ മാര്‍ക്ക് ഗ്രേഡ് നിശ്ചയിക്കുന്നതിന് പരിഗണിക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതിന്റെയര്‍ഥം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമാവശ്യമില്ലാത്ത ഒന്നാണ് സിവില്‍ സര്‍വീസ് എന്ന് സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നാണ്. അഥവാ ഇംഗ്ലീഷിന്റെ സ്ഥാനത്ത് ഹിന്ദിയെ പ്രതിഷ്ഠിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ലോക വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ ഇന്ത്യയില്‍ കൊട്ടിയടക്കാന്‍ ശ്രമിക്കുന്നത്, ഭാരതത്തെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് നടത്താന്‍ മാത്രമേ ഇടയാക്കൂവെന്ന് തിരിച്ചറിയണം നാം.
എന്നാല്‍, തമിഴ്‌നാട് പോലെയുള്ള, ഭാഷാപരമായ കാര്യങ്ങളില്‍ വളരെ ലോല വികാരങ്ങള്‍ സ്വാധീനം ചെലുത്തുന്ന സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന എം പിമാര്‍ പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുന്ന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രാദേശിക ഭാഷകളില്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരായ പക്ഷം എന്ന നിലയില്‍ അവര്‍ നിലകൊള്ളുമ്പോള്‍ ഒരു ഭാഷാ കലാപത്തിന് വളക്കൂറുള്ള മണ്ണായി രാജ്യം വേദിയൊരുങ്ങുകയാണ്. തമിഴിലും കന്നഡയിലും തെലുഗുവിലും മലയാളത്തിലും ബംഗാളിയിലും ഹിന്ദിയിലും സിവില്‍ സര്‍വീസ് പരീക്ഷകള്‍ നടന്നാല്‍ ദേശീയതലത്തില്‍ ഏത് ഭാഷയായിരിക്കും വിജയിക്കുക? ഹിന്ദി ഭാഷയില്‍ പരീക്ഷയെഴുതുന്നവര്‍ക്ക് മുന്‍ഗണന നല്‍കി ദേശീയ അപ്രമാദിത്വം സ്ഥാപിക്കാന്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാന ബ്യൂറോക്രാറ്റിക് ലോബിക്ക് വളരെയെളുപ്പം ഇത് അവസരമൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇക്കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷാ ഫലങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് വിജയം നേടാനായത് പരീക്ഷ പൂര്‍ണമായും ഇംഗ്ലീഷിലായതിനാലാണ്. അഥവാ ഹിന്ദിയില്‍ എഴുതിയവര്‍ക്ക് ഇംഗ്ലീഷിനോളം നിലവാരം പുലര്‍ത്താന്‍ കഴിയാതെ പോയതുകൊണ്ടുമാണ്. അപ്പോള്‍ ദേശീയ പരീക്ഷകളെ പ്രാദേശികവത്കരിക്കണമോ എന്ന ചോദ്യം ഗൗരവപൂര്‍വം പരിശോധിക്കണം. പക്ഷേ, ദേശീയതല പരീക്ഷകളുടെ ഭാഷ ഹിന്ദി മാത്രമാകാന്‍ പാടില്ല. അപ്പോള്‍ ലോകഭാഷയായ ഇംഗ്ലീഷിന്റെ പ്രസക്തിയും പ്രാധാന്യവും പരിഗണിക്കാതെ മുന്നോട്ടുപോകാനാകില്ല തന്നെ. അതിനെക്കാളുപരി, ഇന്ത്യയെപ്പോലുള്ള ബഹുഭാഷാ രാഷ്ട്രത്തില്‍ ഏതെങ്കിലും ഒരു പ്രാദേശിക ഭാഷയില്‍ ഒതുങ്ങാനോ ഒതുക്കാനോ ശ്രമിക്കുന്നത് ചിലപ്പോള്‍ വന്‍ പൊട്ടിത്തെറികള്‍ക്ക് കാരണമാകും. ഇപ്പോള്‍, ഇന്ത്യയില്‍ അധികാരത്തിന്റെ ഒരേയൊരു ഭാഷയായി ഹിന്ദി മാറിക്കൊണ്ടിരിക്കുന്നുവെന്നത് അപകടസൂചനയാണ്.
ഇംഗ്ലീഷിന്റെ മാര്‍ക്ക് യോഗ്യതാ മാനദണ്ഡമാക്കാതെ വന്നാല്‍ ഹിന്ദി ബെല്‍റ്റില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക പ്രിവിലേജ് തത്വരഹിതമായി നേടിയെടുക്കാന്‍ കഴിയും എന്ന ആശങ്കയാണ് മറ്റ് ഭാഷാ വിഭാഗങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. പക്ഷേ, അതിന് ഒരേയൊരു പരിഹാരമേ നിര്‍ദേശിക്കാനാകൂ. അത് ഇംഗ്ലീഷാണ്. യു പി എസ് സി പരീക്ഷകള്‍ എല്ലാം പൂര്‍ണമായി ഇംഗ്ലീഷില്‍ മാത്രം എഴുതാന്‍ അനുവദിക്കുക – ഇന്ത്യയിലെ എല്ലാ ഭാഷാവിഭാഗങ്ങള്‍ക്കും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും ഒരേപോലെ നീതി ഉറപ്പാക്കാനുള്ള വഴി അത് മാത്രമാണ്. അക്കാര്യത്തില്‍ വെള്ളം ചേര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ഇന്ത്യ ഒരു ഭാഷാകലാപഭൂമിയായി മാറും. ദേശീയ ഐക്യത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ അവരെടുത്തിരിക്കുന്ന തികച്ചും സങ്കുചിത പ്രാദേശിക നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ തയ്യാറായേ മതിയാകൂ.

Latest