Connect with us

Ongoing News

കമ്യൂണിറ്റി ഷീല്‍ഡ് ആഴ്‌സണലിന്

Published

|

Last Updated

ലണ്ടന്‍: പത്ത് വര്‍ഷത്തിന് ശേഷം കമ്യൂണിറ്റി ഷീല്‍ഡില്‍ മുത്തമിട്ട് ആഴ്‌സണല്‍ സീസണിന് ഗംഭീര തുടക്കമിട്ടു. നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗണ്ണേഴ്‌സിന്റെ കിരീട നേട്ടം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മുന്നോടിയായുള്ള “സീസണ്‍ ഓപണര്‍” പോരാട്ടത്തില്‍ സാന്‍ഡി കസോള, ആരോണ്‍ റാംസി, ഒലിവര്‍ ജിറൂദ് എന്നിവരുടെ ഗോളുകളാണ് ആഴ്‌സണലിന്റെ വിജയം ഉറപ്പാക്കിയത്. ഇത് പതിമൂന്നാം തവണയാണ് ആഴ്‌സണല്‍ കമ്യൂണിറ്റി ഷീല്‍ഡ് സ്വന്തമാക്കുന്നത്. ഇരുപത് തവണ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും പതിനഞ്ച് തവണ കിരീടമുയര്‍ത്തിയ ലിവര്‍പൂളും മാത്രമാണ് ആഴ്‌സണലിന് മുന്നിലുള്ളത്.

ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ ഒരു ഗോളും നേടിയാണ് ഗണ്ണേഴ്‌സ് വിജയം പിടിച്ചത്. ജര്‍മനിയുടെ ലോക ജേതാക്കള്‍ പെര്‍ മെര്‍റ്റെസാക്കറും മെസുറ്റ് ഒസിലും ലുകാസ് പൊഡോള്‍സ്‌കിയും ഇല്ലാതെയാണ് ആഴ്‌സണല്‍ പോരിനിറങ്ങിയത്. പുതിയ റിക്രൂട്ടുകളായ ചിലിയന്‍ താരം അലക്‌സിസ് സാഞ്ചസ്, ഫ്രഞ്ച് താരം മാത്യു ഡെബുചി എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചു.
വെംബ്ലിയില്‍ ഗോള്‍ കീപ്പര്‍ ജോ ഹാര്‍ടിന് പകരം വല കാക്കാന്‍ സ്പാനിഷ് താരം കബ്‌ല്ലെറോയെ ഇറക്കാന്‍ തീരുമാനിച്ച മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് മാനുവല്‍ പെല്ലഗ്രിനിയുടെ തന്ത്രം തുടക്കത്തില്‍ തന്നെ പാളി. മധ്യനിരയുടെ ഭാവനാ സമ്പന്നമായ മികവാണ് ആഴ്‌സണലിന് വിജയമൊരുക്കിയത്. 21ാം മിനുട്ടില്‍ കസോളയിലൂടെ ആഴ്‌സണല്‍ ലീഡെടുത്തു. വില്‍ഷെറാണ് ഗോളിന് വഴിയൊരുക്കിയത്. 42ാം മിനുട്ടില്‍ ആഴ്‌സണല്‍ രണ്ടാം ഗോളിലൂടെ ലീഡുയര്‍ത്തി. സനോഗോയാണ് ഗോളിന് വഴിയൊരുക്കിയത്. 44ാം മിനുട്ടില്‍ നസ്‌റിക്ക് ലഭിച്ച ഗോളവസരം ആഴ്‌സണല്‍ ഗോളി സിസെനി വിഫലമാക്കി.
രണ്ടാം പകുതി തുടങ്ങി ഒരു മിനുട്ട് പിന്നിട്ടപ്പോള്‍ ആഴ്‌സണല്‍ കോച്ച് വെംഗര്‍ ഒറ്റയടിക്ക് മൂന്ന് മാറ്റങ്ങള്‍ വരുത്തി. അലക്‌സിസ് സാഞ്ചസിനെ പിന്‍വലിച്ച് ചാംബര്‍ലെയിനിനെയും സനോഗയെ പിന്‍വലിച്ച് ജിറൂദിനെയും കോസിന്‍ലെയെ പിന്‍വലിച്ച് മോണ്‍റിലെയെയും രംഗത്തിറക്കി. സിറ്റി നസ്‌റിക്ക് പകരം ഡേവിഡ് സില്‍വയെയും രംഗത്തിറക്കി. രണ്ടാം പകുതിയില്‍ സിറ്റി മികവ് പുലര്‍ത്തി. ഗോള്‍ ശ്രമങ്ങള്‍ അവരുടെ ഭാഗത്ത് നിന്ന് കണ്ടു. എന്നാല്‍ 61ാം മിനുട്ടില്‍ ഒലിവര്‍ ജിറൂദിലൂടെ ആഴ്‌സണല്‍ മൂന്നാം ഗോളും തികച്ചു. ആരോണ്‍ റാംസിയാണ് മൂന്നാം ഗോളിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ഇരു പരിശീലകരും തങ്ങളുടെ നിരയിലെ താരങ്ങളുടെ കരുത്ത് പരീക്ഷിക്കാനുള്ള ശ്രമം നടത്തി. ആഴ്‌സണല്‍ ആറ് താരങ്ങളെ മാറ്റ് പരീക്ഷിച്ചപ്പോള്‍ സിറ്റി അഞ്ച് പേരെയും മാറ്റി.