Connect with us

Malappuram

കടവല്ലൂര്‍ വാഹനാപകടം ചങ്ങരംകുളത്തെ ദുഃഖത്തിലാഴ്ത്തി

Published

|

Last Updated

ചങ്ങരംകുളം: ശനിയാഴ്ച രാത്രി ഏഴരയോടെ കടവല്ലൂര്‍ അമ്പലപ്പടിയിലുണ്ടായ വാഹനാപകടം ചങ്ങരംകുളത്തെ ദുഃഖത്തിലാഴ്ത്തി. മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. രണ്ട് പേരെ നേരത്തെ തിരിച്ചറിഞ്ഞെങ്കിലും രണ്ട് പേരെ രാത്രി ഏറെ വൈകിയാണ് തിരിച്ചറിയാനായത്.

ചിയ്യാനൂര്‍ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന പടിഞ്ഞാക്കര അബ്ദുല്‍ഖാദറിന്റെ മകന്‍ അബ്ദുല്‍ അസീസ് (35), ചിയ്യാനൂര്‍ കരുമത്തില്‍ പറമ്പില്‍ പരേതനായ അച്യുതന്റെ മകന്‍ ഷാജി (38) എന്നിവരെയാണ് രാത്രി വൈകി തിരിച്ചറിയാന്‍ കഴിഞ്ഞത്.
പാവിട്ടപ്പുറം എരാളത്ത് വളപ്പില്‍ യൂസഫ് (കുഞ്ഞുമോന്‍ 65), ഓട്ടോ ഡ്രൈവര്‍ എടപ്പാള്‍ പൊറൂക്കര കവുങ്കില്‍ കോക്കാട്ട് പരേതനായ ബാവയുടെ മകന്‍ ഹസന്‍ (48) എന്നിവരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
മരിച്ച മൂന്ന് പേര്‍ ചങ്ങരംകുളം സ്വദേശികളായിരുന്നു. രണ്ട് പേര്‍ ചിയ്യാനൂര്‍ സ്വദേശികളായതോടെ ഈ ഗ്രാമത്തിന്റെ ദുഖം ഇരട്ടിയായിരുന്നു. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മുമ്പിലുള്ള കാറിനെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാല് പേരും തത്ക്ഷണം മരിക്കുകയും ഒരാള്‍ തെറിച്ചുവീണതിനെ തുടര്‍ന്ന് മാരകമായ പരുക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. ഓട്ടോറിക്ഷയുടെ പിറകിലുണ്ടായിരുന്ന ബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്കും പരുക്കേറ്റിരുന്നു. ബസിന്റെ അമതി വേഗതയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഹസീനയാണ് അനീസിന്റെ ഭാര്യ. മക്കള്‍: അജ്മല്‍, അന്‍സില്‍. ഷാജിയുടെ ഭാര്യ രജിത. മക്കള്‍: അനാമിക, അഭിനവ്. യൂസുഫിന്റെ ഭാര്യ ശമീല. മക്കള്‍: ഫൈസല്‍ (അബൂദാബി), ഷമീര്‍, ഷാഹിദ്, ഷാഫി. മരുമകള്‍: ഷിബില.
അസീസിനെ പള്ളിക്കര ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലും യൂസുഫിനെ പാവിട്ടപ്പുറം കോക്കൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി. ഷാജിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.