തൊഴിലുറപ്പ് പദ്ധതി: കൂലിയായി നല്‍കാനുള്ളത് 6.79 കോടി രൂപ

Posted on: August 11, 2014 9:15 am | Last updated: August 11, 2014 at 9:15 am
SHARE

thozhilurappuകോഴിക്കോട്: തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കുന്ന അധികൃതരുടെ നയത്തില്‍ എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാകമ്മറ്റി ശക്തിയായി പ്രതിഷേധിച്ചു.
ജില്ലയിലെ 12 ബ്ലോക്കുകളിലായി തൊഴില്‍ ചെയ്ത തൊഴിലാളികള്‍ക്ക് 6.79 കോടി രൂപയാണ് കൂലിയായി നല്‍കാനുള്ളത്. തുച്ഛമായ കൂലിമാത്രം ലഭിക്കുന്ന തൊഴിലാളികള്‍ക്ക് ഇത്രയും ഭീമമായ തുക കുടിശ്ശികയായിരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. പുതിയ സാമ്പത്തികവര്‍ഷം ആരംഭിച്ചശേഷം തൊഴിലാളികള്‍ക്ക് ജോലിതന്നെ ഇല്ലാതായിരിക്കുകയാണ്. സര്‍ക്കാര്‍ പുതിയ ഉത്തരവുകള്‍ ഇറക്കി കാര്‍ഷിക മേഖലയും മറ്റും ഈ പദ്ധതിയില്‍നിന്ന് ഒഴിവാക്കുകയാണ്. ഗ്രാമീണ മേഖലയിലെ പട്ടിണിക്കാരായ പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി കൊണ്ടുവന്ന തൊഴിലുറപ്പുപദ്ധതി തൊഴിലില്ലാപദ്ധതിയാക്കി മാറ്റുകയാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തികച്ചും തൊഴിലാളി വിരുദ്ധമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്.
എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ ഉറപ്പുവരുത്തുക, കുടിശ്ശിക കൂലി പിഴപലിശസഹിതം ഉടന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ തൊഴിലുറപ്പു തൊഴിലാളികള്‍ ബ്ലോക്ക് ഓഫീസുകളിലേക്ക് ഈ മാസം 26 ന് മാര്‍ച്ച് നടത്തും. 16, 17 തീയതികളില്‍ കണ്ണൂര്‍ സി കണ്ണന്‍ സ്മാരക ഹാളില്‍ നടക്കുന്ന സംസ്ഥാന കണ്‍വെന്‍ഷനും സെപ്തംബര്‍ 13 ന് വടകര ടൗണ്‍ഹാളില്‍ നടക്കുന്ന ജില്ലാകണ്‍വന്‍ഷനും വിജയിപ്പിക്കാന്‍ ജില്ലാ കമ്മറ്റി പരിപാടികള്‍ തയ്യാറാക്കി. കെ ബാലകൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ പ്രവര്‍ത്തനങ്ങളും സംസ്ഥാന കമ്മറ്റി തീരുമാനങ്ങളും ജില്ലാസെക്രട്ടറി കെ ചന്ദ്രന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here