Connect with us

Kerala

വിമാനത്താവളങ്ങളിലെ ജന്തു ഭീഷണി: ഫാല്‍ക്കണ്‍ പ്രോജക്ട് നടപ്പാക്കും

Published

|

Last Updated

മലപ്പുറം: പക്ഷികളുടെയും ജന്തുക്കളുടെയും ഭീഷണി നേരിടുന്ന രാജ്യത്തെ പത്ത് എയര്‍പോര്‍ട്ടുകളില്‍ ഫാല്‍ക്കണ്‍ പ്രൊജക്ട് നടപ്പിലാക്കുന്നതിനായി ഡോ. സുബൈര്‍ മേടമ്മല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഫാല്‍ക്കണ്‍ പക്ഷികളുടെ പഠനത്തിലൂടെ ലോകശ്രദ്ധ നേടിയ ഡോ. സുബൈര്‍ മേടമ്മലാണ് കേന്ദ്ര വ്യോമയാന വകുപ്പധികൃതരുമായും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉന്നതരുമായും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. ഡല്‍ഹി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി പി റാം, കേന്ദ്ര വ്യോമയാന സുരക്ഷാ ഡയറക്ടര്‍മാരായ ലളിത് ഗുപ്ത, മനീഷ് കുമാര്‍ തുടങ്ങിയവരുമായിട്ടായിരുന്നു ചര്‍ച്ച.
ഫാല്‍ക്കണ്‍ പദ്ധതിയെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര വ്യോമയാന മന്ത്രാലയ വകുപ്പ് അധികൃതര്‍, എയര്‍ ഇന്ത്യയടക്കം മറ്റു വിമാന സര്‍വീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഒരുമിച്ച് വിശദമായ ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്നും, പദ്ധതി ഉടന്‍ നടപ്പിലാക്കാനുള്ള നടപടിയുണ്ടാകുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഫാല്‍ക്കണുകളുടെ ആവാസ കേന്ദ്രം തേടി ഒരാഴ്ച്ചയായി ഇന്ത്യാ-പാക്ക് അതിര്‍ത്തിയിലായിരുന്ന ഡോ. സുബൈര്‍ തിരിച്ച് നാട്ടിലേക്കുള്ള യാത്രാ മധ്യേ ഡല്‍ഹിയിലെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനമായ രാജീവ് ഗാന്ധി ഭവനിലായിരുന്നു കൂടികാഴ്ച്ച.
2012 ഡിസംബര്‍ എട്ടിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ വിമാനത്തിന്റെ വലത് എന്‍ജിനുള്ളില്‍ പനവെരുക് കുടുങ്ങി വന്‍ ദുരന്തം ഒഴിവായിരുന്നു. ഈ സംഭവത്തെക്കുറിച്ച് വിദഗ്ദ അന്വേഷണം നടത്തിയതിലൂടെ പക്ഷിയല്ല വെരുകാണ് വിമാനത്തിനിടിച്ചതെന്ന് കണ്ടെത്തിയ ഡോ. സുബൈറിനെ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള പദ്ധതി തയ്യാറാക്കി നല്‍കാന്‍ അധികൃതര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഫാല്‍ക്കണ്‍ പദ്ധതി അള്‍ട്രാസൗണ്ട് ജനറേറ്ററടക്കമുള്ള സാങ്കേതിക വിദ്യ ഉപോയോഗപ്പെടുത്തിയുള്ള രക്ഷാ നടപടിക്കുള്ള ഒന്നരകോടി രൂപയുടെ പ്രൊജക്ട് ഇദ്ദേഹം സമര്‍പ്പിക്കുകയായിരുന്നു.
2012 ഡിസംബറിലാണ് ഫാല്‍ക്കണ്‍ പ്രൊജക്ട് എയര്‍പോര്‍ട്ട് മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. വിമാനം ഉയരുന്ന സമയത്തും താഴുന്ന സമയത്തും അപകട ഭീഷണി നേരിടുന്ന സ്ഥലത്ത് ഫാല്‍ക്കണുകളെ വിട്ട് ജീവികളെ തുരത്തുന്ന പദ്ധതി യു കെ, യു എസ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ നടപ്പിലാക്കിയ സാഹചര്യത്തിലാണ് രാജ്യം ഇത് പരീക്ഷിക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം ഡോ. സുബൈര്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ ഇതിനെക്കുറിച്ച് പഠനം നടത്തിയിരുന്നു. കാലിക്കറ്റ് എയര്‍പോര്‍ട്ടിലാണ് ഫാല്‍ക്കണ്‍ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. വിദേശരാജ്യങ്ങളില്‍ വേട്ടക്കുപയോഗിക്കുന്ന ഫാല്‍ക്കണ്‍ പക്ഷികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് വിമാനത്താവളങ്ങളില്‍ ഇവയെ ഉപയോഗിക്കുക. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രാലയം, കേന്ദ്ര സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) വകുപ്പിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും അംഗീകാരം ലഭിച്ചാല്‍ പദ്ധതി ഉടന്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

Latest