Connect with us

National

വായ്പാ നയം: ധന മന്ത്രിയും ആര്‍ ബി ഐയും രണ്ട് തട്ടില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പലിശ നിരക്കിന്റെ കാര്യത്തില്‍ ധനമന്ത്രിയും റിസര്‍വ് ബേങ്കും രണ്ട് തട്ടില്‍. വളര്‍ച്ച ത്വരിതപ്പെടുത്താന്‍ പലിശ നിരക്ക് കുറക്കണമെന്ന തന്റെ നിര്‍ദേശം ആര്‍ ബി ഐ അവഗണിച്ചുവെന്ന് ധന മന്ത്രി അരുണ്‍ ജെയ്റ്റിലി കുറ്റപ്പെടുത്തി. ഏറ്റവും പുതിയ വായ്പാ അവലോകനം പ്രഖ്യാപിക്കും മുമ്പും താന്‍ ഈ അഭിപ്രായം മുന്നോട്ട് വെച്ചതാണ്. അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിച്ചത്. അതുണ്ടായില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആര്‍ ബി ഐ പ്രഖ്യാപിച്ച രണ്ട് വായ്പാ നയങ്ങളിലും പ്രധാന നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു.
“വായ്പാ നയം പ്രഖ്യാപിച്ച ജൂണ്‍ മൂന്നിനും ആഗസ്റ്റ് അഞ്ചിനും ഞാന്‍ എന്റെ ആശങ്കകള്‍ വ്യക്തമായി പറഞ്ഞതാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ആര്‍ ബി ഐയാണ്. അവര്‍ക്ക് ന്യായീകരണങ്ങള്‍ ഉണ്ടാകാം. പക്ഷേ, പണപ്പെരുപ്പം, പണലഭ്യത, വളര്‍ച്ച എന്നിവയെല്ലാം പരിഗണിച്ചു മാത്രമേ വായ്പാ നയം പ്രഖ്യാപിക്കാവൂ”-ജെയ്റ്റ്‌ലി തുറന്നടിച്ചു. എന്നാല്‍ പണപ്പെരുപ്പം പൂര്‍ണമായി വരുതിയിലാകാതെ നിരക്കുകള്‍ കുറക്കുന്നത് അപകടമാണെന്ന നിലപാടിലാണ് ആര്‍ ബി ഐ.
പ്രധാന നിരക്കുകളില്‍ മാറ്റമില്ലാതെയായിരുന്നു ഈ മാസം അഞ്ചിന് റിസര്‍വ് ബേങ്ക് മൂന്നാം ദ്വിമാസ വായ്പാനയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്കുകള്‍ എട്ട് ശതമാനമായി നിലനിര്‍ത്തി. റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴ് ശതമാനമായി മാറ്റമില്ലാതെ തുടരുമെന്നും അവലോകനത്തില്‍ പറയുന്നു. ബേങ്കുകള്‍ റിസര്‍വ് ബേങ്കില്‍ സൂക്ഷിക്കേണ്ട ആസ്തിയുടെ നിരക്കായ കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല.
വാണിജ്യ ബേങ്കുകള്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കേണ്ട നിര്‍ബന്ധിത നിക്ഷേപമായ സ്റ്റാറ്റിട്ട്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ് എല്‍ ആര്‍) അര ശതമാനം കുറച്ച് 22 ശതമാനമാക്കിയെന്നത് മാത്രമായിരുന്നു മാറ്റം. എസ് എല്‍ ആര്‍ കുറച്ചതോടെ ബേങ്കുകള്‍ക്ക് വായ്പാ പദ്ധതികളില്‍ ഇറക്കാവുന്ന പണത്തിന്റെ അളവ് വര്‍ധിച്ചു.
ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എട്ട് ശതമാനത്തിന് താഴേക്ക് നീങ്ങിയിട്ടുണ്ടെന്ന് ആര്‍ ബി ഐ വിലയിരുത്തിയിരുന്നു. എന്നാല്‍ സവാള, ഉരുളക്കിഴങ്ങ്, തക്കാളി, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവക്ക് വില വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. ജൂലൈയില്‍ മഴ കുറഞ്ഞത് വിലക്കയറ്റത്തിന് കാരണമായേക്കാമെന്നും അതിനാല്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നേക്കാമെന്നുമാണ് ആര്‍ ബി എ ഗവര്‍ണര്‍ രഘുറാം രാജന്റെ വിലയിരുത്തല്‍. റസിര്‍വ് ബേങ്കില്‍ നിന്ന് വാണിജ്യ ബേങ്കുകള്‍ എടുക്കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ നിരക്ക്. വാണിജ്യ ബേങ്കുകള്‍ റിസര്‍വ് ബേങ്കിന് വായ്പ നല്‍കുമ്പോഴുള്ള നിരക്കാണ് റിവേഴ്‌സ് റിപ്പോ.