Connect with us

Palakkad

ധാര്‍മിക സംഗമത്തിന് പ്രൗഢ സമാപനം

Published

|

Last Updated

ആനക്കര: കണ്ണാന്തളിപ്പൂക്കള്‍ നിറഞ്ഞ കുന്നിന്‍ മുകളില്‍ വിദ്യയുടെ വിളക്കുമാടമായി പ്രശോഭിക്കുന്ന സ്വലാഹുദ്ദീന്‍ അയ്യൂബിയില്‍ ധാര്‍മികകേരളത്തിന്റെ യുവപോരാളികള്‍ ഒത്തൊരുമിച്ചു ധര്‍മ്മഭേരി മുഴക്കിയപ്പോള്‍ താഴെ നിറഞ്ഞൊഴുകുന്ന നിളയും അകലെ ആര്‍ത്തലക്കുന്ന അറബിക്കടലും അതേറ്റു വിളിച്ചു; ധാര്‍മിക വിപ്ലവം സിന്ദാബാദ്. രണ്ട് ദിനങ്ങളിലായി സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്ന് തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നിന്നുമുള്ള എസ്എസ് എഫ് സാരഥികള്‍ സംബന്ധിച്ച അര്‍ധവാര്‍ഷിക കൗണ്‍സില്‍ ആവേശകരമായ ചര്‍ച്ചകള്‍ക്കും ഗൗരവമാര്‍ന്ന പഠനങ്ങള്‍ക്കും വേദിയായി. ലോകസമാധാനത്തിനും രാജ്യനന്മക്കുമായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത കൗണ്‍സില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാനടക്കമുള്ള തല്‍പ്പരകക്ഷികളുടെ ശ്രമങ്ങള്‍ മതേതര ഭാരതത്തിന് തീരാകളങ്കമേല്‍പ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആനക്കര പടിഞ്ഞാറങ്ങാടി സ്വലാഹുദ്ദീന്‍ അയ്യൂബിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി പ്രസംഗിച്ചു.
സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി അദ്ധ്യക്ഷത വഹിച്ചു. ഒ ഹൈദര്‍ മുസ്‌ലിയാര്‍, ശരീഫ് ആനക്കര തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. ഏഴിന് ആരംഭിച്ച കൗണ്‍സിലിലേക്ക് ആദ്യമെത്തിയ വാര്‍ത്ത ഇറാഖില്‍ അമേരിക്ക ആക്രമണമാരംഭിച്ചതാണ്. തുടര്‍ന്ന് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ആവസാനിച്ച ഉടനെ ഇസ്‌റാഈല്‍ നരനായാട്ട് തുടങ്ങിയെന്ന വാര്‍ത്തയുമെത്തി.
ധര്‍മ മുന്നണിയുടെ സംസ്ഥാന സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും ലോകസമാധാനത്തിനുള്ള കണ്ണുനിറഞ്ഞ പ്രാര്‍ത്ഥനകളൊഴുകി. അധീശത്വത്തിന്റെ കഴുകക്കണ്ണുകളും ചോരയിറ്റുന്ന തേറ്റകളുമായി സാമ്രാജ്യത്വം ലോകമാകെ നാശം വിതക്കുമ്പോള്‍ പ്രതിരോധത്തിന്റെ മനുഷ്യപക്ഷ മുന്നേറ്റം തീര്‍ക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന സന്ദേശമാണ് സംഗമം ഉയര്‍ത്തിയത്. കേരളീയ വിദ്യാര്‍ത്ഥികളില്‍ അറിവും അവബോധവും പകര്‍ന്ന് ധാര്‍മിക സംസ്‌കൃതിയുടെയും മാനവികതയുടെയും കാവല്‍ക്കാരാക്കി അവരെ പരിവര്‍ത്തിപ്പിക്കുന്നതിനുള്ള പുതുവഴികള്‍ സംഗമം ചര്‍ച്ച ചെയ്തു.
ആദര്‍ശം, സംസ്‌കാരം, വിദ്യാഭ്യാസം, നവോത്ഥാനം, സംഘാടനം, ക്യാമ്പസ്, സാഹിത്യം എന്നീ വിഷയങ്ങളിലൂന്നിയുള്ള ചര്‍ച്ചകള്‍ രാവേറെ നീണ്ടു. വാര്‍ഷിക റിപ്പോര്‍ട്ട്, ഗൈഡന്‍സ്, കള്‍ച്ചറല്‍, മുതഅല്ലിം, ട്രൈനിംഗ്, ക്യാമ്പസ് തുടങ്ങിയ ഉപസമിതി റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു. ജില്ലാ നിരീക്ഷകര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയും ചര്‍ച്ചകള്‍ നടന്നു. കേരളത്തിന്റെ സാസ്‌കാരിക മുന്നേറ്റത്തിന് നെടുനായകത്വം വഹിച്ച നവോത്ഥാന നായകരുടെ മണ്ണ് പുതുകാലത്തെ ധര്‍മ്മമുന്നേറ്റത്തിനുള്ള അണിയറനീക്കങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സംസ്ഥാന നേതാക്കളായ കെ അബ്ദുല്‍ കലാം മാവൂര്‍, വി പി എം ഇസ്ഹാഖ് മലപ്പുറം, എന്‍ വി അബ്ദുറസാഖ് സഖാഫി, ഡോ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ഉമര്‍ ഓങ്ങല്ലൂര്‍, എം. അബ്ദുല്‍ മജീദ് അരിയല്ലൂര്‍, എ എ റഹീം, കെ അബ്ദുറശീദ്, എ കെ എം ഹാഷിര്‍ സഖാഫി, സി കെ റാഷിദ് ബുഖാരി, ഉമര്‍ സഖാഫി ചെതലയം, സി കെ ശക്കീര്‍, അഷ്‌റഫ് അഹ്‌സനി, യഅ്ഖൂബ് പൈലിപ്പുറം, അബ്ദുല്‍ കരീം നിസാമി, കെ സൈനുദ്ധീന്‍ സഖാഫി നേതൃത്വം നല്‍കി.
ശനിയാഴ്ച വൈകീട്ട് നടന്ന സമാപന സംഗമത്തില്‍ എസ —വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി സംസാരിച്ചു. പുതിയ സംഘടനാ വര്‍ഷത്തേക്കു പ്രവേശിക്കുന്ന എസ് എസ് എഫിന്റെ ചരിത്രത്തിലെ പ്രധാന നാഴികകല്ലാകുന്ന തീരുമാനങ്ങള്‍ക്കും പദ്ധതികള്‍ക്കും സാക്ഷാത്കാരം നല്‍കിയാണ് നിളയുടെയും നാലുകെട്ടിന്റെയും പൈതൃകഭൂമികയോട് ധര്‍മ പോരാളികള്‍ വിട പറഞ്ഞത്.