Connect with us

Malappuram

നാലംഗ കവര്‍ച്ചാസംഘം മഞ്ചേരിയില്‍ പിടിയില്‍

Published

|

Last Updated

മഞ്ചേരി: ആളില്ലാത്ത വീടുകളും ലോഡ്ജ് മുറികളും കേന്ദീകരിച്ച് ബൈക്ക്, ലാപ്‌ടോപ്പ്, സ്വര്‍ണാഭരണങ്ങള്‍, പണം, മൊബൈല്‍ഫോണ്‍ എന്നിവ കവര്‍ച്ച നടത്തുന്ന നാലംഗസംഘത്തെ മഞ്ചേരി പൊലീസ് പിടികൂടി.
മലപ്പുറം വെസ്റ്റ് കോഡൂര്‍ തോരപ്പ അബ്ദുല്‍ റഊഫ് എന്ന കോഡൂര്‍ റഊഫ് (34), വഴിക്കടവ് വട്ടപ്പാടം വള്ളിക്കാട് വട്ടപ്പറമ്പന്‍ അലി അക്ബര്‍ എന്ന അലി (33), മോങ്ങം ആലുങ്ങപ്പറ്റ കോടാലി അബ്ബാസ്(42), കോട്ടക്കല്‍ ഒതുക്കുങ്ങല്‍ കൊളത്തുപറമ്പ് കോളനിയില്‍ പാലക്കപ്പറമ്പില്‍ കുഞ്ഞലവി എന്ന ബാവ(21) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ എസ് ഐ സി കെ നാസറും സംഘവും നടത്തിയ പട്രോളിംഗിലാണ് മോഷ്ടിച്ച മോട്ടോര്‍ സൈക്കിള്‍ സഹിതം റഊഫ്, അലി അക്ബര്‍ എന്നിവര്‍ നെല്ലിപ്പറമ്പില്‍ വെച്ച് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ സൈക്കിള്‍ റെയില്‍വേ ജീവനക്കാരനായ പെരിന്തല്‍മണ്ണ തോട്ടത്തില്‍ ബിനോജിന്റെ വീട്ടു മുറ്റത്തു നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ഇക്കഴിഞ്ഞ 17നാണ് ബൈക്ക് മോഷ്ടിച്ചത്.
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും കോഴിക്കോട് രാമനാട്ടുകര പള്ളിയാളി സൈതലവിയുടെ ടി വി എസ് വിക്ടര്‍ ബൈക്ക് മോഷണം നടത്തിയതായി കണ്ടെത്തി. 2014 ജൂണ്‍ രണ്ടിന് വീട്ട് മുറ്റത്തു നിന്നും മോഷ്ടിച്ച ബൈക്ക് മോങ്ങം സ്വദേശി കോടാലി അബ്ബാസിന് വിറ്റതായി പ്രതികള്‍ സമ്മതിച്ചു. മലപ്പുറം മൈലപ്പുറത്ത് താമസിക്കുന്ന പാഞ്ചോല അബുവിന്റെ വീട്ടു മുറ്റത്തു നിന്നും പള്‍സര്‍ മോട്ടോര്‍ ബൈക്ക് മോഷ്ടിച്ച റഊഫും കുഞ്ഞലവിയും ചേര്‍ന്നാണ്. ഈ ബൈക്ക് കുഞ്ഞലവി ഉപയോഗിച്ചു വരികയായിരുന്നു. പെരിന്തല്‍മണ്ണയില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന് വിവിധ ക്വാര്‍ട്ടേഴ്‌സുകളിലും ലോഡ്ജ് മുറികളിലും താമസിച്ച് വരുന്ന റഊഫ് 2014 മെയ് മാസത്തില്‍ പട്ടാപകല്‍ പുല്ലാരയില്‍ മോഷണം നടത്തിയിരുന്നു. തലശ്ശേരി സ്വദേശി ഫിലിന്റെ വാടക ക്വാര്‍ട്ടേഴ്‌സിന്റെ പൂട്ടു പൊളിച്ച് 30000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നിരുന്നു. ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ബിരിയാണി സെന്റര്‍ ജീവനക്കാരനും അരീക്കോട് സ്വദേശിയുമായ കൗമാരക്കാരന്റെ സഹായത്തോടെയായിരുന്നു മോഷണം.
ഇക്കഴിഞ്ഞ 22ന് രാത്രി നിലമ്പൂര്‍ കാട്ടുമുണ്ടയില്‍ താമസിക്കുന്ന പുളിക്കല്‍ അബുബക്കറിന്റെ വീട്ടില്‍ കയറിയ റഊഫ് അരലക്ഷം രൂപയും അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നിരുന്നു. സ്വര്‍ണാഭരണങ്ങള്‍ അലി അക്ബര്‍, അബ്ബാസ് എന്നീ പ്രതികളുടെ സഹായത്തോടെ വിവിധ കടകളില്‍ വില്‍പ്പന നടത്തിയതായും പണം പങ്കിട്ടെടുത്തതായും പ്രതികള്‍ സമ്മതിച്ചു. ഇക്കഴിഞ്ഞ ചെറിയ പെരുന്നാള്‍ ദിവസം കാരക്കുന്നില്‍ വാടകക്ക് താമസിക്കുന്ന പരിയാരത്ത് സൈനബയുടെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, വാച്ച്, പണം എന്നിവയും റഊഫ് കവര്‍ന്നിരുന്നു. ഇവ റഊഫിന്റെ മണിമൂളിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പൊലീസ് കണ്ടെടുത്തു. മറ്റൊരു മോഷണ കേസില്‍ അറസ്റ്റിലായ റഊഫ് രണ്ടു മാസം മുമ്പാണ് മഞ്ചേരി സബ്ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയത്.
വധശ്രമ കേസില്‍ മലപ്പുറം പൊലീസ് പിടിയിലായി ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ സഹതടവുകാരുമായി ഉണ്ടാക്കിയ സൗഹൃദമാണ് റഊഫിനെ മോഷത്തിലേക്ക് വഴിതിരിച്ചു വിട്ടത്. മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ, കുന്നംകുളം, തേഞ്ഞിപ്പലം, കല്‍പ്പകഞ്ചേരി, വേങ്ങര, കോട്ടക്കല്‍, കൊളത്തൂര്‍ സ്റ്റേഷനുകളിലായി റഊഫിനെതിരെ 13 കേസുകള്‍ നിലവിലുണ്ട്. പ്രതികളില്‍ നിന്നും മൂന്ന് ബൈക്കുകള്‍, വാച്ച്, ലാപ്‌ടോപ്പ് തുടങ്ങിയവ കണ്ടെടുത്തു.
മഞ്ചേരി സി ഐ സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ എസ് ഐ സി കെ നാസര്‍, എടക്കര എസ് ഐ ജ്യോതീന്ദ്ര കുമാര്‍, സീനിയര്‍ സി പി ഒ അസൈനാര്‍, സി പി ഒമാരായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, അനൂപ്, സഞ്ജീവ്, സബൂര്‍ എന്നിവരാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

Latest