Connect with us

International

സമാധാന ശ്രമങ്ങള്‍ക്കിടെ ഗാസയില്‍ ആക്രമണം തുടരുന്നു

Published

|

Last Updated

ഗാസാ സിറ്റി/ ജറൂസലം: മധ്യസ്ഥ ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഗാസയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു. ഗാസയില്‍ വെടിനിര്‍ത്തലിന് ഇരു വിഭാഗവും തയ്യാറാകണമെന്ന് ഈജിപ്ത് ആവശ്യപ്പെടുന്നതിനിടെയാണ് ആക്രമണങ്ങളുമായി ഇസ്‌റാഈല്‍ മുന്നോട്ടു പോകുന്നത്. ഇന്നലെ നടന്ന ആക്രമണങ്ങളില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ ഭാഗമായി പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഇസ്‌റാഈല്‍ പുനരാരംഭിച്ചത്.
ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയുണ്ടായ വ്യോമക്രമണത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടതെന്ന് ഗാസയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തില്‍ തകര്‍ന്ന അല്‍ ഖ്വസ്സം പള്ളിക്കുള്ളില്‍ നിന്നാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് വീടുകളും ആക്രമണങ്ങളില്‍ തകര്‍ന്നിട്ടുണ്ട്. ഹമാസിന്റെ സുരക്ഷാ കോംപ്ലക്‌സിലും ആക്രമണമുണ്ടായെങ്കിലും ആരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല. മൂന്ന് പള്ളികളാണ് ആക്രമണത്തില്‍ തകര്‍ന്നത്. മുപ്പതിലധികം വ്യോമാക്രമണങ്ങളാണ് ഇന്നലെ മാത്രം ഇസ്‌റാഈല്‍ നടത്തിയത്. ഇതിന് പുറമെ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് തുറസ്സായ പ്രദേശങ്ങളില്‍ വ്യാപകമായ വെടിവെപ്പും ഉണ്ടായി. പതിനഞ്ച് റോക്കറ്റ് ആക്രമണങ്ങള്‍ ഹമാസ് നടത്തിയെങ്കിലും ഭൂരിഭാഗവും മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇസ്‌റാഈല്‍ തകര്‍ത്തു.
ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വെസ്റ്റ് ബാങ്കിലും സംഘര്‍ഷമുണ്ടായി. ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ചര്‍ച്ചകളുടെ വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നാണ് ഇരു വിഭാഗവും അവകാശപ്പെടുന്നത്. ഗാസക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാതെ വെടിനിര്‍ത്തലിനില്ലെന്നാണ് ഹമാസിന്റെ നിലപാട്. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ കൈറോയിലേക്ക് പ്രതിനിധി സംഘത്തെ അയക്കില്ലെന്ന നിലപാടിലാണ് ഇസ്‌റാഈല്‍. വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുത്താനാണ് ഈജിപ്ത് ശ്രമിക്കുന്നത്.
തങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്ന തരത്തിലുള്ള അന്തിമ കരാര്‍ ഉണ്ടാക്കുന്നതിനായി കൈറോയിലുണ്ടാകുമെന്നാണ് ഹമാസ് വക്താവ് പറഞ്ഞത്. എട്ട് വര്‍ഷമായി നിലനില്‍ക്കുന്ന ഉപരോധം അവസാനിപ്പിക്കുക, ഇസ്‌റാഈലിന്റെ തടവിലുള്ള 125 ഫലസ്തീന്‍കാരെ മോചിപ്പിക്കുക തുടങ്ങിയവയാണ് ഹമാസും ഫലസ്തീന്‍ സംഘടനകളും മുന്നോട്ടു വെക്കുന്നത്. 1,898 പേരാണ് ഗാസയിലുണ്ടായ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത്. ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സാധാരണക്കാരാണ് ഭൂരിഭാഗവുമെന്ന് യു എന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട 67 ഇസ്‌റാഈലുകാരില്‍ ഭൂരിഭാഗവും സൈനികരാണ്.

---- facebook comment plugin here -----

Latest