ലൈംഗിക സദാചാരത്തിന്റെ അടിക്കല്ലിളക്കണോ?

Posted on: August 9, 2014 6:00 am | Last updated: August 9, 2014 at 1:30 am

പണം പെരുപ്പിക്കാന്‍ പുതിയ ശൃംഖലകളും നിക്ഷേപങ്ങളും തേടുന്നവരില്‍ എക്കാലത്തും മുന്‍പന്തിയില്‍ മലയാളികളാണെന്നൊരു പ്രചാരണം നേരത്തെയുള്ളതാണ്. എന്നാല്‍ അടുത്ത കാലത്തായി നാം കണ്ടും കേട്ടുമറിയുന്ന കാര്യങ്ങള്‍ മലയാളിയുടെ ആര്‍ത്തിയുടെ വലുപ്പത്തെ ഒന്നുകൂടി വിപുലപ്പെടുത്തുന്നു. ധനാകര്‍ഷണ യന്ത്രങ്ങള്‍ക്കും മറ്റുള്ളവരില്‍ മോഹം ജനിപ്പിക്കാനായി വിറ്റഴിയുന്ന മരുന്നുകള്‍ക്കുമെല്ലാം കേരളത്തിലെ വിപണിയില്‍ ആവശ്യക്കാരേറുന്നത് ഇത്തരം ഉത്പാദകരുടെ വളര്‍ച്ച കണ്ടാല്‍ മാത്രം ആര്‍ക്കും ബോധ്യപ്പെടും. സമ്പത്തിനോടുള്ള മലയാളിയുടെ ദുര മൂലം സാമൂഹിക അസ്വസ്ഥതകള്‍ കൂടുന്നുവെന്നത് ഇതോടൊപ്പം കൂട്ടിവായിക്കാവുന്ന മറ്റൊരു കാര്യമാണ്. മൊട്ടുസൂചി വില്‍ക്കുന്ന പരസ്യത്തില്‍ പോലും പെണ്ണിന്റെ തുണിയുരിഞ്ഞ് നിര്‍ത്തുന്നത് എന്തിനാണെന്ന് സാമാന്യ ബോധമുള്ളവന് അറിയാം. കൈയില്‍ കാശുള്ളവനെ മെരുക്കാന്‍ പരസ്യക്കമ്പനികള്‍ പയറ്റുന്ന പല തന്ത്രങ്ങളിലൊന്നാണിതെന്ന് കൊച്ചു കുട്ടികള്‍ പോലും തിരിച്ചറിയുന്നുമുണ്ട്.
അശ്ലീലം കൊണ്ട് കച്ചവടം ലാഭകരമാക്കാമെന്ന ഇത്തരം ചിലരുടെ സിദ്ധാന്തങ്ങള്‍ക്കിടയിലാണ് കേരളത്തിലെ കമ്പോളത്തിലേക്ക് പുതിയൊരുത്പന്നത്തിന്റെ കടന്നുവരവിന് ചിലര്‍ സ്വാഗതമോതുന്നത്. ലൈംഗികതയെക്കുറിച്ച് സമൂഹത്തില്‍ ഉള്ള് തുറന്ന ചര്‍ച്ചക്ക് സമയമായെന്ന വാദത്തോടെ ഒരു ഭരണാധികാരിയാണ് ലൈംഗിക കളിപ്പാട്ടങ്ങളുടെ കേരളത്തിലെ വിപണന സാധ്യതയെക്കുറിച്ച് പുതിയ സംവാദത്തിന് ഇപ്പോള്‍ വഴി തുറന്നത്. പരിഹാസ്യമായ വാദമുഖമാണിതെന്ന് പറഞ്ഞ് ഇതിനെ തള്ളിക്കളയുന്നതിന് പകരം എന്തിനാണ് ഉത്തരം കാര്യങ്ങള്‍ക്കായി മലയാളി സമയം കളയുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനുമാകില്ല.
മഞ്ഞക്കണ്ണടയിലൂടെ കാണുമ്പോള്‍ കാണുന്നത് മഞ്ഞയായി മാറുന്നതുപോലെയാണ് രാഷ്ട്രീയക്കാരില്‍ ചിലരുടെയെങ്കിലും മനസ്സ്. ഓരോ നാടിനും അവരവരുടെതായ സംസ്‌കാരവും രീതികളുമുണ്ട്. പ്രാദേശികമായും അല്ലാതെയുമുള്ള ഇത്തരം സംസ്‌കാരങ്ങള്‍ക്ക് വളരെയേറെ പഴക്കവും തഴക്കവുമുണ്ട്. കാലം എത്ര തന്നെ മാറിയാലും അടിവേരിളകാത്ത സംസ്‌കാരങ്ങളില്‍ ചിലത് നമുക്ക് ചൂണ്ടിക്കാണിക്കാനുമാകും. ഏറെക്കുറെ കേരളത്തിനും ഇത്തരം സാംസ്‌കാരികതയുടെ പാരമ്പര്യം അവകാശപ്പെടാം. വസ്ത്രധാരണത്തിലും ഭക്ഷണത്തിലും ആചാരങ്ങളിലുമെല്ലാം പഴയ തനിമ ചെറുതായെങ്കിലും കാത്തു സൂക്ഷിക്കുന്നവരാണ് കേരളീയരെന്നത് പാശ്ചാത്യര്‍ പോലും സമ്മതിക്കുന്നതാണ്. നഗരവത്കരണത്തിന്റെ കുത്തൊഴുക്കിനിടയില്‍ പണത്തിന്റെ പളപളപ്പില്‍ ചിലപ്പോഴൊക്കെ നമ്മള്‍ വഴിതെറ്റി സഞ്ചരിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ചിലടിയങ്ങളിലെങ്കിലുമുള്ളത് പോലെ ഏതെങ്കിലുമൊരു കോണില്‍ പരസ്യമായ വേശ്യാത്തെരുവുകള്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. അതിന് കാരണം കേരളത്തിന്റെ ഇനിയും തണുത്തു പോയിട്ടില്ലാത്ത സാംസ്‌കാരികത തന്നെയാണ്.
എന്നാല്‍ ബഹുമാനിക്കപ്പെടേണ്ട ഭരണസാരഥികളിലൊരാള്‍ തന്നെ അശ്ലീലം വില്‍ക്കാന്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നാം കണ്ണ് മിഴിച്ചുനിന്നുപോവുകയാണ്. മലയാളികളുടെ കപട സദാചാരത്തിന്റെ മുഖംമൂടി വലിച്ചുകീറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തന്റെ വാദങ്ങളെന്ന് വീണ്ടും വീണ്ടും സ്ഥാപിച്ച്, നിശാ ക്ലബിനും ലൈംഗിക കളിപ്പാട്ട വില്‍പനക്കും കേരളത്തില്‍ ഇടം കണ്ടെത്താനുള്ള സാധ്യത ആരായുന്നത് എന്തിനാണെന്ന് അധികം ആലോചിക്കാതെ തന്നെ മനസ്സിലാകും. മക്കാവ് നഗരത്തിലെ ഷോപ്പിംഗ് മാളിലെ സ്റ്റാളുകള്‍ പോലെ തന്റെ നാട്ടിലും അതുണ്ടാക്കണമെന്ന് എം എല്‍ എ ചിന്തിച്ചതിനെ പലരും പല തലത്തില്‍ ഇതിനകം വ്യാഖ്യാനിക്കുകയും ചെയ്തു കഴിഞ്ഞു. ഇംഗ്ലണ്ടിലും അമേരിക്കയിലുമെല്ലാം നേരത്തെ, എം എല്‍ എ സൂചിപ്പിച്ച കളിപ്പാട്ട വില്‍പ്പനശാലകള്‍ യഥേഷ്ടം ഉണ്ടത്രെ.
അവിടങ്ങളിലെ സംസ്‌കാരവും കേരളത്തിന്റെ സംസ്‌കാരവും തമ്മില്‍ ഇനി വലിയ വ്യത്യാസമുണ്ടാകില്ലെന്ന സൂചനയാണോ ഈ താരതമ്യപഠനത്തിലൂടെ അദ്ദേഹം നല്‍കുന്നതെന്ന ചോദ്യം പല കോണുകളില്‍ നിന്ന് ഇതിനകം ഉയര്‍ന്നിട്ടുണ്ട്. സെക്‌സ് ടോയ്കള്‍ വില്‍ക്കുന്ന രാജ്യങ്ങളിലെ കുത്തഴിഞ്ഞ ലൈംഗികതയെക്കുറിച്ച് ഈ രാജ്യങ്ങളിലൂടെ ഒന്ന് കണ്ണ് പായിച്ചാല്‍ നമുക്ക് വ്യക്തമാകും. ലോകത്ത് ഏറ്റവും കൂടുതല്‍ സെക്‌സ് ടോയികള്‍ (ലൈംഗിക കളിപ്പാട്ടങ്ങള്‍) നിര്‍മിക്കുന്നത് ചൈനയിലാണ്. ലൈംഗിക വിഷയത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ചൈനയില്‍ സെക്‌സ് ടോയ് വിപണി കുതിക്കുകയാണ്. ഓണ്‍ലൈന്‍ സെക്‌സിന് പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യമാണ് ചൈന.
ആഗോള വിപണിയിലെ 70 ശതമാനം സെക്‌സ് ടോയ്‌സുകളും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്ന് ചൈനീസ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ ലൈംഗിക കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്ന ആയിരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് വഴി ചൈനക്ക് ഓരോ വര്‍ഷവും ലഭിക്കുന്നത് രണ്ട് ബില്യന്‍ ഡോളര്‍(200 കോടി) വരുമാനമാണ്.
2010ലെ ആദ്യ അഞ്ച് മാസത്തില്‍ 940 ദശലക്ഷം ഡോളറിന്റെ സെക്‌സ് ടോയ്‌സാണ് ചൈന വില്‍പ്പന നടത്തിയത്. സെക്‌സ് ടോയ് നിര്‍മാണത്തില്‍ ചൈനയ്ക്ക് തൊട്ടു പിന്നാലെ ദക്ഷിണാഫ്രിക്കയുമുണ്ട്. സെക്‌സ് ടോയ്‌സുകളുടെ ആഗോള വിപണിയുടെ 20 ശതമാനം ദക്ഷിണാഫ്രിക്കയില്‍ നിര്‍മിക്കുന്നു. ദക്ഷിണ കൊറിയ, റഷ്യ എന്നിവിടങ്ങളിലും സെക്‌സ് കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്നു. അമേരിക്കയില്‍ രണ്ട് ശതമാനം കളിക്കോപ്പുകളാണ് നിര്‍മിക്കുന്നത്.
ദക്ഷിണ ചൈനയിലെ ഗ്വേങ്‌ഡോങ് മേഖലയിലെ ഫാക്ടറികളിലാണ് മിക്ക സെക്‌സ് ടോയ്‌സുകളും നിര്‍മിക്കുന്നത്. അതേസമയം, സെക്‌സ് ടോയ്‌സ് ഏറ്റവും കൂടുതല്‍ വാങ്ങുന്നത് അമേരിക്കക്കാരാണ്. ആഗോള വിപണിയില്‍ അമ്പത് ശതമാനം ചൈനീസ് സെക്‌സ് ടോയ്‌സ് വാങ്ങുന്നത് അമേരിക്കക്കാരാണത്രേ. യൂറോപ്യന്‍ രാജ്യക്കാര്‍ 30 ശതമാനവും വാങ്ങുന്നു. അമേരിക്കയില്‍ ബലാത്സംഗം ചായ കുടിക്കുന്നത് പോലെയാണെന്ന, മുന്‍ മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര കഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ പഴയ പ്രസ്താവന ഇപ്പോള്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്. പാശ്ചാത്യ നാടുകളിലെ സ്ത്രീ പുരുഷ ഇടപെടലുകളിലെ അരുതായ്മകളെക്കുറിച്ചാണ് അദ്ദേഹം അത് അന്ന് സൂചിപ്പിച്ചതെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഓരോ വര്‍ഷവും ഇത്തരം രാജ്യങ്ങളില്‍ സെക്‌സ് ടോയ്‌സുകളുടെ വില്‍പ്പനയുടെ കണക്ക് കേട്ടാലും നാമൊന്ന് ഞെട്ടിപ്പോകും.
ചൈനയില്‍ നിന്ന് ഇനി ഇത്തരം സാധനസാമഗ്രികള്‍ കൂടി നമ്മുടെ നാട്ടിലേക്കിറക്കുമതി ചെയ്ത് കൂടുതല്‍ ലൈംഗിക അരാജകത്വത്തിലേക്ക് നാടിനെ നയിക്കാനല്ലാതെ മറ്റെന്തിനാണ് ഭരണമേലാളന്മാരുടെ ഇത്തരം വാദങ്ങള്‍ ഉപകരിക്കുക.!
ഭാഷ, കല, ശാസ്ത്രം, ചിന്ത, ആത്മീയത, സാമൂഹികപ്രവര്‍ത്തനം എന്നിവയിലൂടെയെല്ലാം സമ്മേളനത്തിലൂടെ നമ്മുടെയിടയില്‍ യാഥാര്‍ഥ്യമായ സംസ്‌കാരത്തിന്റെ അടിക്കല്ലിളക്കാനേ കുത്തഴിഞ്ഞ ഇത്തരം വാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും കഴിയൂവെന്ന് പറയാതെ വയ്യ.