Connect with us

Ongoing News

അറബി- മലയാളം അന്തര്‍ദേശീയ സാഹിത്യോത്സവത്തിന് തുടക്കമായി

Published

|

Last Updated

തൃശൂര്‍: അത്തറിന്റെ സുഗന്ധമുള്ള അറബിക്കഥകളുടെ മാസ്മരികതയുമായി മലയാളം- അറബി അന്തര്‍ദേശീയ സാഹിത്യോത്സവത്തിന് അക്ഷരത്തറവാട്ടില്‍ പ്രൗഢഗംഭീരമായ തുടക്കം. കേരള സാഹിത്യ അക്കാദമി രണ്ട് ദിവസമായി സംഘടിപ്പിക്കുന്ന മലയാളം- അറബി അന്തര്‍ദേശീയ സാഹിത്യോത്സവം സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ നിന്ന് തൊഴില്‍ തേടി പോകുന്നവരും വ്യാപാരബന്ധങ്ങളും മാത്രമായിരുന്നു ഇതുവരെ അറബ് രാജ്യങ്ങളുമായി നമുക്കുണ്ടായിരുന്നതെന്നും ഇപ്പോള്‍ നടക്കുന്ന മലയാളം- അറബി അന്തര്‍ദേശീയ സാഹിത്യോത്സവത്തോടെ ഇന്ത്യയും അറബ് രാജ്യങ്ങളുമായി അക്ഷരക്കൂട്ടായ്മയുടെ പുതിയൊരു ബന്ധമാണ് സാധ്യമാകാന്‍ പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അറബി രാജ്യങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഇരുപത് ലക്ഷത്തോളം പേരാണ് ഉള്ളതെന്നും തൊഴില്‍ബന്ധങ്ങള്‍ക്കപ്പുറം സാംസ്‌ക്കാരികപരമായ ബന്ധം ഈ സാഹിത്യ സമ്മേളനത്തോടെ സാധ്യമാകുകയാണെന്നും മന്ത്രി പറഞ്ഞു. അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ടാഗോര്‍ പുരസ്‌കാരജേതാവായ അറബി കവി ഡോ. ശിഹാബ് ഖാനത്തെ ചടങ്ങില്‍ ആദരിച്ചു. അക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, നിര്‍വാഹകസമിതിയംഗം പി കെ പാറക്കടവ്, എസ് എ ഖുദ്‌സി എന്നിവര്‍ അതിഥികളെ പരിചയപ്പെടുത്തി. ഷാര്‍ജ സര്‍ക്കാര്‍ ഉപദേഷ്ടാവ് സാലിഹ ഉബൈദ് ഗാബിശ് (യു എ ഇ.), അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍, ജോണ്‍ സാമുവല്‍, അബ്ദു ശിവപുരം, എന്നിവര്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest