Connect with us

National

സി സാറ്റ്: ഈ മാസം 24ന് ശേഷം സര്‍വകക്ഷി യോഗം വിളിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: യു പി എസ് സി വിഷയത്തില്‍ ഈ മാസം 24ന് ശേഷം സര്‍വകക്ഷി യോഗം വിളിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലിമെന്റില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. ഈ മാസം 24ന് നടക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്ക് ശേഷമായിരിക്കും യോഗം ചേരുക.
രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദാണ് വിഷയം ഉന്നയിച്ചത്. വിഷയത്തില്‍ പുറത്തു നടക്കുന്ന പ്രതിഷേധങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തില്‍ ഈ മാസം 14ന് മുമ്പ് തീരുമാനം എടുത്തില്ലെങ്കില്‍ പാര്‍ലിമെന്റിന് പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സര്‍വകക്ഷി യോഗം വിളിക്കണമെന്ന കാര്യത്തില്‍ എല്ലാ പ്രതിപക്ഷ കക്ഷികള്‍ക്കും ഏകാഭിപ്രായമാണുള്ളത്. ഭാഷയുടെ പേരില്‍ രാജ്യത്തെ വിഭജിക്കുന്നത് അപകടമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. നേരത്തെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരാഴ്ചത്തെ സമയമാണ് ആവശ്യപ്പെട്ടത്. അത് രണ്ടാഴ്ചയായി നീട്ടുകയും ചെയ്തു. ഒടുവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളുടെ തര്‍ക്കമായി വിഷയത്തെ മാറ്റുകയാണുണ്ടായത്. എന്നാല്‍ ഇംഗ്ലീഷിന് ആരും എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തില്‍ വ്യക്തമായ പഠനങ്ങളും ആഴത്തിലുള്ള ചര്‍ച്ചകളും ആവശ്യമാണെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി എം വെങ്കയ്യ നായിഡു മറുപടി നല്‍കി. അതേസമയം ഉദ്യോഗാര്‍ഥികള്‍ പ്രിലിമിനറി പരീക്ഷക്ക് തയ്യാറെടുത്തിരിക്കുന്നതിന്റെ പതിനൊന്നാം മണിക്കൂറില്‍ പാര്‍ലിമെന്റിനകത്തും പുറത്തും ഇതുസംബന്ധിച്ച പരസ്പരവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരമൊരവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത് ഈ സര്‍ക്കാറല്ലെന്നും 2011ല്‍ യു പി എസ് സിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ അന്നത്തെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നതായും നടപടികള്‍ നീട്ടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയെന്ന ലക്ഷ്യം വെച്ചാണ് പാര്‍ലിമെന്റില്‍ ചര്‍ച്ചക്ക് വെച്ചത്. ഇക്കാര്യത്തില്‍ എതിരഭിപ്രായം വരുന്നത് സ്വാഭാവികമാണ്. വിഷയത്തില്‍ സര്‍ക്കാറിനെ സംബന്ധിച്ച് വേവലാതികളില്ലെന്നും ഇക്കാര്യത്തില്‍ ഉന്നതതല യോഗം വിളിക്കുമെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷിലെ അവഗാഹം അളക്കുന്നതിനുള്ള പേപ്പര്‍ രണ്ടിന്റെ മാര്‍ക്ക് മാനദണ്ഡമാക്കില്ലെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. സിവില്‍ സര്‍വീസിന്റെ പ്രിലിമിനറി പരീക്ഷയില്‍ ഇരുനൂറ് മാര്‍ക്ക് വീതമുള്ള സി സാറ്റ്- 1, സി സാറ്റ്- 2 എന്നീ പേപ്പറുകള്‍ നിര്‍ബന്ധമാക്കിയത് 2011 മുതലാണ്.
ഇംഗ്ലീഷ് ഭാഷയിലെ അവഗാഹത്തിനു പുറമെ, ആശയവിനിമയ ശേഷി, യുക്തിപരമായ അനുമാനം, തീരുമാനമെടുക്കുന്നതിനും പ്രശ്‌നപരിഹാരത്തിനുമുള്ള കഴിവ്, മാനസികാപഗ്രഥന ശേഷി തുടങ്ങിയവയാണ് രണ്ടാം പേപ്പറില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പത്താം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനമാണ് ഇതില്‍ പരിശോധിക്കപ്പെടുന്നത്.
രണ്ടാം പേപ്പര്‍ ശാസ്ത്ര വിഷയങ്ങള്‍ പഠിച്ചവര്‍ക്കും ഇംഗ്ലീഷ് മീഡിയക്കാര്‍ക്കും എളുപ്പത്തില്‍ കടന്നുകൂടാനായി ഏര്‍പ്പെടുത്തിയതാണെന്നാണ് ഹിന്ദി മേഖലയില്‍ നിന്നുള്ളവരുടെ വാദം.
പ്രിലിമിനറി, മെയിന്‍, അഭിമുഖം എന്നീ മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് ഉള്‍പ്പെടെയുള്ള മേഖലകള്‍ തിരഞ്ഞെടുക്കാം. ഹിന്ദി മേഖലയില്‍ നിന്നുള്ളവര്‍ക്ക് ചോദ്യ പേപ്പറിന്റെ ഹിന്ദി പരിഭാഷ നല്‍കുന്ന പതിവുണ്ട്.
ഈ മാതൃക പ്രാദേശിക ഭാഷകളുടെ കാര്യത്തിലും വേണമെന്ന ആവശ്യം കേരളത്തില്‍ നിന്നടക്കമുള്ള എം പിമാര്‍ പാര്‍ലിമെന്റില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Latest