ബി എസ് എഫ് ജവാനെ പാക് അധികൃതര്‍ ഇന്ത്യക്ക് കൈമാറി

Posted on: August 8, 2014 4:48 pm | Last updated: August 9, 2014 at 12:38 am

indo pak borderന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ റോന്ത് ചുറ്റുന്നതിനിടയില്‍ ഛിനാബ് നദിയിലെ കുത്തൊഴുക്കില്‍പ്പെട്ട് പാക്കിസ്ഥാനിലെ സിയാല്‍കോട്ട് പ്രദേശത്ത് റെയ്ഞ്ചര്‍മാരുടെ പിടിയിലായ ബി എസ് എഫ് ജവാന്‍ സത്യശീല്‍ യാദവിനെ(30) പാക് അധികൃതര്‍ ഇന്ത്യക്ക് കൈമാറി.
ഇരു സേനകളുടെയും കമാന്‍ഡര്‍തല ഫല്‍ഗ് മീറ്റിംഗ് ജമ്മുവിലെ സുന്ദര്‍വാനി സെക്ടറിലെ നികോവാള്‍ അതിര്‍ത്തി പോസ്റ്റില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് നടന്നിരുന്നു. അതില്‍ വെച്ചാണ് ബി എസ് എഫ് ഭടനെ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറാന്‍ തീരുമാനമായത്.
30കാരനായ ബി എസ് എഫ് ജവാന്‍ സത്യശീല്‍ യാദവിനെ മോചിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് ബി എസ് എഫ് ഡയറക്ടര്‍ ജനറല്‍ ഡി കെ പതക് അറിയിച്ചിരുന്നു.
മറ്റു മൂന്ന് ജവാന്മാര്‍ക്കൊപ്പം ഛിനാബ് നദിയില്‍ ഒരു ബോട്ടില്‍ റോന്ത് ചുറ്റുന്നതിനിടയിലാണ് ബോട്ട് മുങ്ങിയത്. മറ്റു മൂന്ന് ജവാന്മാര്‍ നീന്തി കരകയറിയപ്പോള്‍ യാദവ് ഒലിച്ച് പോകുകയായിരുന്നു. സിയാല്‍കോട്ട് പ്രദേശത്ത് എത്തിയ സൈനികനെ പാക്ക് റെയ്ഞ്ചര്‍മാര്‍ പിടികൂടി. ഒരു ബി എസ് എഫ് ജവാന്‍ തങ്ങളുടെ പിടിയിലുണ്ടെന്ന് പാക് റെയ്ഞ്ചര്‍മാര്‍ ബുധനാഴ്ച തന്നെ സ്ഥിരീകരിച്ചിരുന്നു.