Connect with us

International

കൂട്ടക്കൊല: ഖമര്‍റുഷ് നേതാക്കള്‍ക്ക് ജീവപര്യന്തം

Published

|

Last Updated

ഫ്‌നോം പെന്‍: കംബോഡിയയില്‍ 1975-79 കാലയളവിലുണ്ടായ കൂട്ടക്കൊലയില്‍ രണ്ട് മുതിര്‍ന്ന ഖമര്‍റുഷ് നേതാക്കള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. യു എന്‍ പിന്തുണയുള്ള ട്രൈബ്യൂണലാണ്, മനുഷ്യത്വത്തിനെതിരെയുള്ള കുറ്റത്തിന് ഇരുവര്‍ക്കുമെതിരെ ശിക്ഷ വിധിച്ചത്. പോള്‍ പോട്ടിന്റെ ഉപമേധാവി 88കാരനായ നുയോന്‍ ചിയ, മാവോയിസ്റ്റ് ഭരണകൂടത്തിന്റെ തലവനായിരുന്ന 83കാരനായ ഖ്യുയു സാംഫാന്‍ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
ഈ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന ആദ്യ മുതിര്‍ന്ന നേതാക്കളാണ് ഇവര്‍. കംബോഡിയയിലെ ഖമര്‍റുഷ് ഭരണകൂടത്തിന്റെ കാലത്ത് 20 ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. പട്ടിണിയും അമിത ജോലിയും കാരണം മരിച്ചതിന് പുറമെ, ലക്ഷക്കണക്കിന് പേരെ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ആരോപിച്ച് കൂട്ടക്കൊല ചെയ്തു. ഭീകരമായ തരത്തിലുള്ള കൊലപാതകം, രാഷ്ട്രീയ പീഡനം, മറ്റ് മനുഷ്യത്വരഹിത നടപടികള്‍, മാനവിക അഭിമാനത്തെ ആക്രമിക്കുക എന്നീ കുറ്റങ്ങള്‍ ഇവര്‍ ചെയ്തുവെന്ന് ജഡ്ജി നില്‍ നോന്‍ പ്രഖ്യാപിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഇരുവരുടെയും അഭിഭാഷകര്‍ പറഞ്ഞിട്ടുണ്ട്. അതുവരെ ഇവര്‍ തടവിലായിരിക്കും.
കൃഷിയെ കേന്ദ്രീകരിച്ച് മാത്രമുള്ള സമൂഹത്തെ സൃഷ്ടിക്കാനാണ് ഖമര്‍റുഷ് ഭരണകൂടം ഭീകരവാഴ്ച നടത്തിയത്. നഗരങ്ങളില്‍ ജനങ്ങളെ വന്‍തോതില്‍ കുടിയൊഴിപ്പിച്ച് ഗ്രാമീണ മേഖലയില്‍ നിര്‍ബന്ധിപ്പിച്ച് ജോലി ചെയ്യിപ്പിച്ചു. ആഭ്യന്തര സാമ്പത്തിക സ്ഥിതി പാടെ തകര്‍ന്നതിനാല്‍ നിരവധി പേര്‍ പട്ടിണി കിടന്ന് മരിച്ചു. വലിയൊരു വിഭാഗം മരിക്കും വരെ ജോലിയെടുക്കേണ്ടിയും വന്നു. ബുദ്ധിജീവികള്‍, ന്യൂനപക്ഷങ്ങള്‍, മുന്‍ സര്‍ക്കാറിലെ ഉദ്യോഗസ്ഥര്‍, അവരുടെ ബന്ധുക്കള്‍ തുടങ്ങിയവരെ ശത്രുക്കളെന്ന് മുദ്രകുത്തി കൂട്ടക്കൊല ചെയ്യുകയുമുണ്ടായി. ഭരണകൂടത്തിലെ നയരൂപവത്കരണ തലവനായിരുന്നു നുയോന്‍ ചിയ. ഖ്യുയു സാംഫാന്‍ ഔദ്യോഗിക വക്താവും.
ഇരുവരും നയം രൂപവത്കരിച്ച് ക്രൂരഹത്യകള്‍ നടത്തുകയായിരുന്നെന്നെ പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു. കുടുംബത്തിലെ മുഴുവന്‍ പേരെയും നഷ്ടപ്പെട്ട ചിലരില്‍ നിന്ന് തെളിവെടുത്തിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് വിചാരണ തുടങ്ങിയത്.

Latest