Connect with us

Ongoing News

എം എല്‍ എ ഹോസ്റ്റലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമില്ലെന്ന് സ്പീക്കറുടെ ഓഫീസ്

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ സാമാജികരുടെ ഹോസ്റ്റലില്‍ സന്ദര്‍ശകര്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇതുസംബന്ധിച്ച പ്രചാരണങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
നിയമസഭാ സാമാജികരുടെ ഹോസ്റ്റലില്‍ മുറി അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍, നിയമാനുസൃതം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് കഴിഞ്ഞ 30ന് ചേര്‍ന്ന നിയമസഭാകക്ഷി നേതാക്കളുടെ യോഗത്തിന്റെ തീരുമാന പ്രകാരമാണ്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, ഗവ. ചീഫ്‌വിപ്പ് പി സി ജോര്‍ജ്, കക്ഷിനേതാക്കളായ സി ദിവാകരന്‍, മാത്യു ടി തോമസ്, ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഹോസ്റ്റലില്‍ എം എല്‍ എമാരെ കാണാന്‍ വരുന്നവര്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.
അതേസമയം എം എല്‍ എ ഹോസ്റ്റലിലെ പരിമിതമായ പാര്‍ക്കിംഗ് സൗകര്യം കണക്കിലെടുത്ത് സന്ദര്‍ശകരുടെ വാഹനങ്ങള്‍ അകത്ത് പാര്‍ക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ നല്‍കുന്നതും ഖേദകരമാണെന്നും സ്പീക്കറുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

 

Latest